പഴവിപണി കുതിക്കുന്നു
text_fieldsകായവറുത്തതും വിവാഹാവശ്യങ്ങള്‍ക്കും പൂജാകര്‍മങ്ങള്‍ക്കും മറ്റുമായി ഉപയോഗിക്കുന്ന വിവിധ പഴവര്‍ഗങ്ങളുടെ വില കുതിക്കുന്നു. ചിങ്ങം പിറന്നതോടെ വിലക്കയറ്റത്താല്‍ പൊറുതിമുട്ടുകയാണ് ജനങ്ങള്‍. കിലോക്ക് 35 രൂപ വിലയുണ്ടായിരുന്ന ഏത്തപ്പഴ(നേന്ത്രപ്പഴം)ത്തിന് 70 മുതല്‍ 80 രൂപവരെയാണ് വില. ഞാലിപ്പൂവന്‍ പഴത്തിന് കിലോഗ്രാമിന് 45 രൂപ ഉണ്ടായിരുന്നത് എണ്‍പതിലത്തെി. പാളയം, റോബസ്റ്റ തുടങ്ങിയ മറ്റ് പഴവര്‍ഗങ്ങളുടെ വിലയും ആനുപാതികമായി ഉയര്‍ന്നിട്ടുണ്ട്. കര്‍ക്കടക മാസത്തില്‍ വിവാഹങ്ങളും മറ്റും കുറവായതിനാല്‍ പഴങ്ങള്‍ക്ക് വിപണിയില്‍ ചെലവ് കുറയേണ്ടതാണ്. അതനുസരിച്ച് വിലക്കുറവ് അനുഭവപ്പെടേണ്ട കര്‍ക്കടകത്തില്‍തന്നെ വില ഉയര്‍ന്നിരുന്നു.ആവശ്യക്കാര്‍ കുറവുള്ള റോബസ്റ്റ പഴത്തിനും പാളയംകോടന്‍ പഴത്തിനും (മൈസൂര്‍ പഴം) 20 രൂപയില്‍നിന്നും കിലോക്ക് 40 ആയി ഉയര്‍ന്നു.
വിലക്കയറ്റം പിടിച്ചുനിര്‍ത്തുന്നതിനായി വിപണിയില്‍ ഇടപെടാന്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഇതുവരെയും തയാറായിട്ടില്ല. വിവാഹങ്ങളുടെ സീസണാകുന്ന ചിങ്ങമാസത്തില്‍ സദ്യയുടെ കൂടെ വിളമ്പുന്ന ഞാലിപ്പൂവന് ഇതേ വിലനിലവാരമാണെങ്കില്‍ വീണ്ടും വില കുതിച്ചുയരാനും ക്ഷാമം ഉണ്ടാകാനും സാധ്യതയെന്ന് വില്‍പനക്കാര്‍ പറയുന്നു. 80 രൂപക്ക് വില്‍ക്കുന്ന പഴം വാങ്ങാന്‍ പൊതുജനവും തയാറാകുന്നില്ല. ഇക്കാരണത്താല്‍ എടുക്കുന്ന വാഴക്കുലകള്‍ ദിവസങ്ങള്‍ കഴിഞ്ഞ് ഉപയോഗശൂന്യമായി പോകുന്നെന്നും കച്ചവടക്കാര്‍ പറയുന്നു. രണ്ടുമുതല്‍ മൂന്നിരട്ടിവരെയാണ് പഴങ്ങളുടെ വില വര്‍ധനവ്.
പൂവന്‍പഴം-80, കപ്പപ്പഴം(കദളിപ്പഴം)-60, ഞാലിപൂവന്‍-80, റോബസ്റ്റ- 35, പാളയംകോടന്‍- 50 എന്നിങ്ങനെയാണ് ഇപ്പോഴത്തെ വില. തമിഴ്നാട്ടില്‍നിന്നും പഴക്കുലകള്‍ എത്താതും കല്യാണ സീസണായതുമാണ് വില ഉയരാന്‍ കാരണമെന്നാണ് വ്യാപാരികള്‍ പറയുന്നത്. ഓണത്തിന് പഴവില ഇതിലും ഉയരുമെന്നും ഇവര്‍ പറയുന്നു.അതേസമയം, ഏത്തക്കുല സുലഭമായി ലഭിക്കാത്തതാണ് വിലവര്‍ധനവിന് കാരണമെന്നാണ് മറ്റ് ചിലരുടെ വാദം. എന്നാല്‍, കഴിഞ്ഞ സീസണില്‍ ഏത്തപ്പഴവില കുറഞ്ഞതോടെ കര്‍ഷകര്‍ കൂട്ടത്തോടെ മറ്റ് വാഴയിനങ്ങള്‍ കൃഷിചെയ്യുകയായിരുന്നു. വില വര്‍ധിച്ചതോടെ കായവറുത്തതിന് കിലോക്ക് 400 രൂപ കടന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.