മൊബൈല്‍ ഫോണിനായി കൊലപാതകം: പ്രതികളെ കസ്റ്റഡിയില്‍ വാങ്ങും
text_fields കോഴിക്കോട്: മൊബൈൽ ഫോൺ തട്ടിയെടുക്കാൻ വിമുക്ത ഭടനെ കൊലപ്പെടുത്തിയ കേസിൽ കഴിഞ്ഞ ദിവസം അറസ്റ്റിലായ പ്രതികളെ ഉടൻ പൊലീസ് കസ്റ്റഡിയിൽ വാങ്ങും. വിമുക്ത ഭടൻ കോഴിക്കോട് ചേവരമ്പലം സ്വദേശി കിഴക്കേ ചാക്കാറ്റ് വീട്ടിൽ ശ്രീകുമാ൪ (48) ഒരു വ൪ഷം മുമ്പ് തലക്ക് പരിക്കേറ്റ് കൊല്ലപ്പെട്ട കേസിൽ പ്രതികളായ ചേവരമ്പലത്തിനടുത്ത് കോട്ടൂളി സ്വദേശികളായ നമ്പിപറമ്പത്ത് ജിതിൻബാബു (22), കോടഞ്ചേരി വീട്ടിൽ പ്രവീൺ സൈമൺ എന്ന അപ്പു (22) എന്നിവരെയാണ് മെഡിക്കൽ കോളജ് സി.ഐ കെ. ഉല്ലാസ് കഴിഞ്ഞദിവസം അറസ്റ്റ് ചെയ്തത്.
തൊണ്ടയാട്-മലാപ്പറമ്പ് ബൈപാസിൽ കുടിൽതോടിന് സമീപം റോഡിൽ 2012 മേയ് 13ന് പുല൪ച്ചെ അബോധാവസ്ഥയിൽ കാണപ്പെട്ട ശ്രീകുമാ൪ മൂന്നു ദിവസത്തിനുശേഷം മെഡി. കോളജ് ആശുപത്രിയിൽ മരിക്കുകയായിരുന്നു. നടന്നുപോകുമ്പോൾ ഏതോ വാഹനമിടിച്ചതാവുമെന്ന നിഗമനത്തിൽ അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം അവസാനിപ്പിച്ചിരുന്നു. ശ്രീകുമാറിൻെറ മൊബൈൽ ഫോൺ നഷ്ടപ്പെട്ടത് സംബന്ധിച്ച് ഭാര്യ ഒരു മാസം മുമ്പ് നൽകിയ പരാതിയിൽ മെഡി. കോളജ് സി.ഐ നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതികൾ വലയിലായത്. ശ്രീകുമാറിൻെറ നഷ്ടപ്പെട്ട ഫോൺ ജിതിൻബാബുവിൽനിന്ന് പൊലീസ് കണ്ടെടുത്തു.
ഫുട്ബാൾ കളിക്കാരനായ ജിതിൻബാബു, 2012 മേയ് 12ന് സാമൂതിരി സ്കൂൾ ഗ്രൗണ്ടിൽ നടന്ന ഫുട്ബാൾ മത്സരത്തിനുശേഷം രാത്രി വൈകി പ്രവീണുമൊത്ത് ബൈക്കിൽ വീട്ടിലേക്ക് പോകവെ മാവൂ൪ റോഡിൽവെച്ച് മുൻപരിചയമുള്ള ശ്രീകുമാറിനെ കാണുകയും നി൪ബന്ധിച്ച് ബൈക്കിൽ കയറ്റുകയുമായിരുന്നു.
മാവൂ൪റോഡിലെ ബാറിൽനിന്ന് ഇറങ്ങിവന്ന ശ്രീകുമാറിൻെറ കൈയിൽ കണ്ട വിലകൂടിയ നോകിയ c-6 മൊബൈൽഫോൺ കൈക്കലാക്കുകയായിരുന്നു ലക്ഷ്യമെന്ന് പൊലീസ് പറഞ്ഞു. ബൈപാസിൽനിന്ന് കുടിൽതോടിലേക്ക് തിരിയുന്ന ഭാഗത്ത് ശ്രീകുമാറിനെ ഇറക്കി മൊബൈൽ ഫോണിൽ പിടുത്തമിട്ടു. പിടിവലിക്കിടയിൽ റോഡരികിലെ മൈൽകുറ്റിയിൽ തലയടിച്ച് അബോധാവസ്ഥയിലായ ശ്രീകുമാറിനെ ഉപേക്ഷിച്ച് പ്രതികൾ മൊബൈൽ ഫോണുമായി കടന്നു.
പിറ്റേന്ന് രാവിലെ സമീപവാസികൾ വിവരമറിയിച്ചതനുസരിച്ച് ഫ്ളയിങ് സ്ക്വാഡാണ് ശ്രീകുമാറിനെ ആശുപത്രിയിൽ എത്തിച്ചത്. ആശുപത്രിയിൽ ഇടക്ക് ബോധം തെളിഞ്ഞപ്പോൾ ‘മൊബൈൽ ഫോൺ അവ൪ തട്ടിപ്പറിച്ചെന്ന്’ ഭാര്യയോട് പറഞ്ഞിരുന്നു. ഇക്കാര്യം മെഡി. കോളജ് പൊലീസിനെ അറിയിച്ചെങ്കിലും കാര്യമായെടുത്തില്ല. സ്ഥിരം മദ്യപിക്കുന്ന ശ്രീകുമാ൪ നടന്നുപോകുമ്പോൾ അജ്ഞാതവാഹനം തട്ടി വീഴ്ത്തിയതാവുമെന്ന നിഗമനത്തിൽ അന്വേഷണം അവസാനിപ്പിക്കുകയും ചെയ്തു. ഭ൪ത്താവ് ഫോണിനെക്കുറിച്ച് നൽകിയ സൂചന വിവരിച്ച് ഒരുമാസം മുമ്പ് ഭാര്യ മെഡി. കോളജ് സി.ഐക്ക് നേരിൽ പരാതി നൽകി. ഫോണിൻെറ ഐ.എം.ഇ.ഐ നമ്പറും ഹാജരാക്കി. തുട൪ന്ന് നടത്തിയ അന്വേഷണത്തിൽ ഇതേ ഫോൺ ചേവരമ്പലം ഭാഗത്ത് ഉപയോഗിക്കുന്നതായി കണ്ടത്തെി. സൈബ൪ സെല്ലിൻെറ സഹായത്തോടെയാണ് ജിതിൻ ബാബുവിനെ പിടികൂടിയത്. ഇയാൾ നൽകിയ മൊഴിയനുസരിച്ച് പ്രവീണിനെയും അറസ്റ്റ് ചെയ്തു. പ്രതികൾ കുറ്റം സമ്മതിച്ചതായി പൊലീസ് അറിയിച്ചു.
കൂടുതൽ അന്വേഷണം നടത്തേണ്ടതിനാൽ പ്രതികളെ കസ്റ്റഡിയിൽ വാങ്ങി വിശദമായി ചോദ്യം ചെയ്യുമെന്ന് സിറ്റി പൊലീസ് കമീഷണ൪ ജി. സ്പ൪ജൻകുമാറും ഡെപ്യൂട്ടി കമീഷണ൪ കെ.ബി. വേണുഗോപാലും വാ൪ത്താസമ്മേളനത്തിൽ അറിയിച്ചു.
നോ൪ത് അസി. കമീഷണ൪ പ്രിൻസ് എബ്രഹാമിൻെറ മേൽനോട്ടത്തിൽ രൂപവത്കരിച്ച അന്വേഷണ സംഘത്തിൽ മെഡി. കോളജ് സി.ഐക്ക് പുറമെ സിവിൽ പൊലീസ് ഓഫിസ൪മാരായ മനോജ്, രഘുനാഥൻ, സദാനന്ദൻ, സജീവൻ എന്നിവരും ഉണ്ടായിരുന്നു. പ്രതികളെ കൂടുതൽ ചോദ്യം ചെയ്യുന്നതിനായി പൊലീസ് കസ്റ്റഡിയിൽ വിടണമെന്നഭ്യ൪ഥിച്ച് അടുത്ത ദിവസം കോടതിയിൽ ഹരജി നൽകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.