Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCulturechevron_rightBookschevron_rightബഷീറിന്റെ ചെറുകഥകള്-...

ബഷീറിന്റെ ചെറുകഥകള്- 101 പഠനങ്ങള്‍ എഡിറ്റിങ്: പോള്‍ മണലില്‍

text_fields
bookmark_border
ബഷീറിന്റെ ചെറുകഥകള്- 101 പഠനങ്ങള്‍ എഡിറ്റിങ്: പോള്‍ മണലില്‍
cancel

വൈക്കം മുഹമ്മദ് ബഷീറിനെ പച്ചയായ മനുഷ്യന്‍ എന്ന് വിശേഷിപ്പിക്കാനാണ് എനിക്ക് തോന്നുന്നത്. ആഖ്യയും, ആഖ്യാതവും അറിയാതിരുന്ന ആ മനുഷ്യനാണ് മലയാള സാഹിത്യത്തിന്റെ ഉത്തുംഗതയില്‍ ഇപ്പോഴും സുല്‍ത്താനായി വാഴുന്നത്. ജീവിച്ചിരിക്കുമ്പോള്‍ തന്നെ ബഷീറിനെപ്പോലെ 'ലജന്റ്' ആയി അറിയപ്പെടാന്‍ ഒരു സാഹിത്യകാരനും കഴിഞ്ഞിട്ടുണ്ടാകില്ല. എല്ലാ സാഹിത്യകാരന്‍മാരെയും പറ്റി പറയുമ്പോള്‍ 'അനുഭവങ്ങളുടെ തീച്ചുളയില്‍ പിറന്ന കഥകള്‍' എന്നൊരു ക്ലീഷേ പ്രയോഗമുണ്ടല്ലോ. യഥാര്‍ത്ഥത്തില്‍ സ്വാതന്ത്യ്ര സമരാനുഭവങ്ങളും, സഞ്ചാരവും, ഭ്രാന്തിന്റെ സ്വാതന്ത്യ്രവും എല്ലാം അറിഞ്ഞ ഈ മനുഷ്യന്റെയത്രയും ജീവിതാനുഭവങ്ങളുള്ള ഏതു സാഹിത്യകാരനാണ് മലയാളത്തില്‍ ഉണ്ടായിട്ടുള്ളത്?

കേന്ദ്ര സാഹിത്യ അക്കാദമിയുടെ താമ്രപത്രം കൊണ്ട് കുറുക്കനെ എറിയാനുള്ള ബഷീറിന്റെ നര്‍മോക്തി അവാര്‍ഡുകളില്‍ അഭിരമിച്ചു പോകുന്ന ഇന്നത്തെ സാഹിത്യകാരന്‍മാര്‍ക്ക് വലിയൊരു പാഠമാണ്. താനാണ് അക്കാദമിയുടെ താമ്രപത്രം കൊണ്ട് ഏറു കിട്ടിയ ആദ്യത്തെ കുറുക്കന്‍ എന്ന് ആ കുറുക്കന്‍ അഭിമാനിക്കാന്‍ വഴിയില്ല. സൂഫിവര്യനായിരുന്ന അദ്ദേഹം നിസ്സംഗനായിരുന്നു എന്നത് ഇതില്‍ നിന്ന് വ്യക്തമാണ്. സിനിസിസത്തിന് വഴി മാറാത്ത നിസ്സംഗത.

ഓരോ കാലത്ത് വായിക്കുമ്പോഴും പുതുതായി തോന്നുന്നു എന്നതാണ് ബഷീര്‍ കൃതികളുടെ പ്രത്യേകത. സ്ഥലത്തെയും, സമയത്തെയും (Time and space) ഒരു പോലെ കാര്യക്ഷമമായി ഉപയോഗിക്കുമ്പോഴാണ് ഒരു സൃഷ്ടി ഉദാത്തമാകുന്നത്. കാലത്തെയും, സ്ഥലത്തെയും തന്നിലേക്ക് കൊണ്ടുവരിക എന്നത് വെല്ലുവിളിയാണ്. ഈ വെല്ലുവിളികളെ അതിജീവിച്ച വ്യക്തിയാണ് ബഷീര്‍.അദ്ദേഹത്തിന്റെ ഭാഷ പോലെ ലളിതമായ ജീവിതം നയിച്ച സരസന്‍.

ബഷീറിന്റെ സുപരിചിത കഥകളായ ജന്‍മദിനം, വിശ്വവിഖ്യാതമായ മൂക്ക്, നീലവെളിച്ചം, ഒരു മനുഷ്യന്‍, പൂവന്‍പഴം തുടങ്ങി 90 കഥകളെ ക്കുറിച്ചുള്ള 101 പഠനങ്ങളാണ് ബഷീറിന്റെ ചെറുകഥകള്‍ എന്ന ഈ പുസ്തകത്തിന്റെ ഉള്ളടക്കം. സ്വന്തം ജന്‍മദിനത്തില്‍ കാലിച്ചായ കുടിക്കാന്‍ പോലും വകയില്ലാതെ അയല്‍ക്കാരന്റെ അടുക്കളയില്‍ കയറി ഭക്ഷണം കട്ടു തിന്നേണ്ടി വന്ന കഥാനായകന്റെ ദൈന്യതയെക്കുറിച്ച് ബഷീര്‍ എഴുതിയിരിക്കുന്നത് നര്‍മത്തിന്റെ മേമ്പൊടിയോടെയാണ്. ദാരിദ്രം കൊണ്ട് മുഴുപ്പട്ടിണി കിടക്കേണ്ടി വന്ന ഒരു വ്യക്തിയുടെ ഭക്ഷണാന്വേഷണത്തിന്റെയും, അതിന്റെ തുടരെയുള്ള പരാജയത്തിന്റെയും കഥയെക്കുറിച്ച് പഠനം നടത്തിയിരിക്കുന്നത് സുകുമാര്‍ അഴീക്കോടും, മേരി മാത്യുവും ആണ്. ജന്‍മദിനത്തെ ജന്‍മദീനമായോ, ചരമദീനമായോ കാണുന്ന ഒരു വ്യക്തിയുടെ മോഷണം അയാളില്‍ കുറ്റബോധം ഉണ്ടാക്കുന്നുണ്ട്. വായനക്കാര്‍ക്ക് അയാളോട് ക്ഷമിക്കാനും കഴിയുന്നുണ്ട്.

'ഈ കഥയില്‍ നാം കണ്ടുമുട്ടുന്നത് അദൃശ്യമായ ദാരിദ്രമാണ്. ചായയും, ഊണും വാങ്ങാന്‍ കാശില്ലാത്ത കാഥാകാരന്‍ രാത്രി ഏതോ അടുപ്പത്തെ ശാപ്പാട് കട്ടുതിന്നുന്നതിന്റെ ചീത്രീകരണങ്ങള്‍ ക്രമേണ ഹാസ്യത്തിന്റെയും, ശോകത്തിന്റെയും ഭാവസീമകളെ അതിലംഘിച്ച് പതുക്കെ ഭയാനകമായി മറുന്നത് എനിക്കനുഭവപ്പെടുന്നുണ്ട്. ഈ കഥാകാരന്‍ പിറന്നാള്‍പിറ്റേന്ന് എന്തു ചെയ്യുമെന്ന എന്റെ സ്വഭാവികമായ ചോദ്യം എത്ര അടക്കാന്‍ ശ്രമിച്ചാലും എന്നില്‍ പൊന്തി വരുന്നു.' ഇങ്ങനെയാണ് സുകുമാര്‍ അഴീക്കോട് ഈ കഥയെ പഠിക്കുന്നത്.

നേരത്തെ പറഞ്ഞ സിനിസിസത്തിലേക്ക് ചയാത്ത നിസംഗത ഈ കഥയിലുടനീളം കാണാന്‍കഴിയും. മകരം എട്ട് ആണ് തന്റെ ജന്‍മദിനം എന്ന വ്യക്തമല്ലാത്തൊരു ഓര്‍മ മാത്രമേ അദ്ദേഹത്തിനുള്ളൂ.'ഇന്ന് എനിക്ക് എത്ര വയസ്സു കാണും? കഴിഞ്ഞ കൊല്ലത്തില്‍.....? ഇരുപത്തിയാറ്? അല്ല, മുപ്പത്തി രണ്ട്, അതോ നാല്‍പത്തിയേഴോ....? ഇങ്ങനെ പോകുന്ന ബഷീറിന്റെ വരികളില്‍ 'കൊതിപ്പിക്കുന്ന' ഒരു തരം നിസ്സംഗത ഉണ്ട്. ഭൌതികയുക്തികള്‍ക്ക് വില നല്‍കാത്ത അസ്തിത്വദു:ഖത്തിന്റെ ഭാരം പേറുന്ന ഒരെഴുത്തുകാരനെയാണ് ബഷീര്‍ ജന്‍മദിനത്തില്‍ അവതരിപ്പിക്കുന്നത്. അക്ഷരങ്ങള്‍ക്കിടയില്‍ നിന്ന് ജീവന്‍ വെച്ച്, വായനക്കാരന്റെ മനസ്സില്‍ ഒരു സെന്റ് ഭൂമി വാങ്ങുന്നവരാണ് ബഷീര്‍ കഥാപാത്രങ്ങള്‍. പ്രണയത്തിന്റെ പൊള്ളല്‍ അനുഭവിപ്പിക്കുന്ന ബാല്യകാലസഖിയിലെ സുഹ്റ മുതല്‍ പ്രണയം മറച്ച് പ്രണയം നല്‍കുന്ന പ്രേമലേഖനത്തിലെ സാറാമ്മ വരെ എത്രയെത്ര കലാപാത്രങ്ങള്‍...

.....'ബസ്സുകളും, കാറുകളും കാക്കത്തൊള്ളായിരം രാഷ്ട്രീയപാര്‍ട്ടികളുടെ അട്ടഹാസം നിറഞ്ഞ ഘോഷയാത്രകളും പോകുന്ന താര്‍റോഡില്‍ നിന്ന് വിട്ട്, ഉള്ളിലേക്ക് മാറി ശാന്തമായ സ്ഥലത്ത് പുരാതീനമായ വീട്ടിലാണ് ഞാനും, എന്റെ കുടുംബവും താമസിക്കുന്നത്. പല ജാതി വൃക്ഷങ്ങള്‍ നിറഞ്ഞ രണ്ടേക്കര്‍ പറമ്പ്. അനേക തരത്തിലിലുള്ള പക്ഷികള്‍, നല്ല ഇനം മൂര്‍ഖന്‍ പാമ്പുകള്‍, കൊടിയ വിഷമുള്ള സുന്ദരന്‍മാരായ കരിന്തേളുകള്‍, തടിയന്‍മാരായ ചേരകള്‍, കാക്കത്തൊള്ളായിരം എലികള്‍, കീരികള്‍, പനമെരുകുകള്‍ എന്നു പറയുന്ന മരപ്പട്ടികള്‍, ഒട്ടേറെ കുറുക്കന്‍മാര്‍'...... ഈ കഥാപാത്രങ്ങളെ നമ്മള്‍ കണ്ടുമുട്ടുന്നത് ഭൂമിയുടെ അവകാശികള്‍ എന്ന ബഷീര്‍ കൃതിയിലാണ്. കൂടാതെ ബഷീര്‍ സമ്പൂര്‍ണ്ണ കൃതികളുടെ ആമുഖത്തില്‍ കഥാകാരന്‍ തന്നെക്കുറിച്ചു പറയുന്ന വിവരണത്തിലും . മുദ്രപത്രങ്ങളിലൊന്നും ഒപ്പു വക്കാതെ ഭൂമിയുടെ അവകാശികളായി മാറിയ കഥാപാത്രങ്ങളാണ് ഇവര്‍. മനുഷ്യന് ഭൂമിയുടെ മേല്‍ അധികാരമുണ്ടെന്ന മിഥ്യാധാരണയുടെ പുറത്ത് ചെയ്തു കൂട്ടിയ അത്യാചാരങ്ങള്‍ മറ്റാരെങ്കിലും തിരിച്ചറിയുന്നതിനു മുന്‍പേ ബഷീര്‍ തിരിച്ചറിഞ്ഞിരുന്നു.

നേരത്തെ പറഞ്ഞ ആഖ്യയും ആഖ്യാതവും അറിയാതെ ഗദ്യമെഴുതുന്ന ബഷീര്‍ 'ഈ വെളിച്ചത്തിനെന്തു വെളിച്ചം' എന്നെഴുതിയിട്ടുണ്ട്. കുഞ്ഞുപാത്തുമ്മ രോഗിയായി കിടക്കുന്ന മുറിയിലെ ജനലുകള്‍ നിസാര്‍ അഹമദ് തുറന്നപ്പോഴാണ് ഈ ഒരു വാക്യം ബഷീര്‍ എഴുതുന്നത്. സ്നേഹത്തിന്റെ വിശുദ്ധമായ വെളിച്ചമാണിത്. ' സാഹിത്യം ജീവിതം കാണുന്ന എങ്ങനെ കാണണമെന്ന് ചൂണ്ടിക്കാണിക്കുന്ന കണ്ണാണ് ബഷീര്‍ കൃതികള്‍ 'എന്നാണ് പുസ്തകത്തിന്റെ അവതാരികയില്‍ എം. തോമസ് മാത്യു എഴുതിയിരിക്കുന്നത്.

പറഞ്ഞാലും, എഴുതിയാലും തീരാത്ത വിസ്മയമായ ബഷീര്‍ കൃതികളെപ്പറ്റി പഠിച്ചിട്ടുള്ള പോള്‍ മണലിന്റെ ഈ പുസ്തകം തുടങ്ങുന്നത് ജന്‍മദിനം കഥയെപ്പറ്റി സുകുമാര്‍ അഴീക്കോട് നടത്തിയ പഠനത്തോടെയും, അവസാനിക്കുന്നത് 'വിപ്ലവകാരികള്‍' എന്ന കഥയെപ്പറ്റി എ.കെ. നമ്പ്യാര്‍ എഴുതിയ നിരൂപണത്തോടെയുമാണ്. പല കഥകള്‍ക്കും ഒന്നിലേറെ നിരൂപണങ്ങള്‍ പുസ്തകത്തില്‍ ഉണ്ട്. സാഹിത്യ വിദ്യാര്‍ത്ഥികള്‍ക്കും, ബഷീറിനെ പഠിക്കുന്ന, അറിയണമെന്നാഗ്രഹിക്കുന്ന എല്ലാവര്‍ക്കും ഉപകാരപ്രദമാണ് ഈ പുസ്തകം. ബഷീറിന്റെ മുഴുവന്‍ വെളിച്ചവും ഇതിലുണ്ട്.

പ്രസാധകര്‍: ഒലിവ്

വില : 300 രൂപ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:vaikom muhammad basheer
Next Story