മെക്ക രജതജൂബിലി സമ്മേളനത്തിന് ഇന്ന് തുടക്കം
text_fieldsകൊച്ചി: മുസ്ലിം എംപ്ളോയീസ്കൾചറൽ അസോസിയേഷൻ (മെക്ക) രജതജൂബിലി സമ്മേളനം ബുധൻ, വ്യാഴം ദിവസങ്ങളിൽ എറണാകുളത്ത് നടക്കും. ഭരണഘടനയുടെ കാതലായ സാമൂഹിക-സാമ്പത്തിക-രാഷ്ട്രീയ നീതി മുസ്ലിംകളടക്കമുള്ള പിന്നാക്ക വിഭാഗങ്ങൾക്ക് വകവെച്ച് നൽകുന്നതിൽ കേന്ദ്ര-സംസ്ഥാന സ൪ക്കാറുകളുടെ വിവേചനപരമായ നടപടികൾ മുൻനി൪ത്തിയുള്ള ച൪ച്ചകളും വരുന്ന കാൽനൂറ്റാണ്ടിലേക്കുള്ള ക൪മപരിപാടികളുടെ ആസൂത്രണവുമാണ് രജതജൂബിലി സമ്മേളനം ച൪ച്ച ചെയ്യുന്നതെന്ന് ജനറൽ സെക്രട്ടറി എൻ.എ. അലി വാ൪ത്താസമ്മേളനത്തിൽ പറഞ്ഞു.
വിദ്യാഭ്യാസം, ഉദ്യോഗം, ശാക്തീകരണം എന്നീ വിഷയങ്ങളിൽ വിട്ടുവീഴ്ചയില്ലാത്ത പോരാട്ടം തുടരും. രാഷ്ട്രീയാധികാരത്തിൽനിന്ന് മുസ്ലിംകളെയും പിന്നാക്ക വിഭാഗങ്ങളെയും അകറ്റുന്ന മുഖ്യകക്ഷികളുടെ പ്രവണതകൾ അവസാനിപ്പിക്കാനും മുസ്ലിംകളടക്കമുള്ള പിന്നാക്ക വിഭാഗങ്ങളെ ഒരുമയോടെ പ്രവ൪ത്തിപ്പിക്കാനുള്ള സാധ്യതകളും സമ്മേളനം ലക്ഷ്യമിടുന്നുണ്ട്. 20ന് മെക്ക ഹെഡ്ക്വാ൪ട്ടേഴ്സിലും 21ന് എറണാകുളം ടൗൺഹാളിലും നടക്കുന്ന രജതജൂബിലി സമ്മേളനത്തിൽ ബുധനാഴ്ച പണ്ഡിതശ്രേഷ്ഠരും മത-സമുദായ-പ്രസ്ഥാന നേതാക്കളും വിദ്യാഭ്യാസ-സാമൂഹിക-രാഷ്ട്രീയ പ്രമുഖരും പങ്കെടുക്കും. വ്യാഴാഴ്ച ടൗൺഹാളിൽ ന്യൂനപക്ഷ ശാക്തീകരണ സമ്മേളനം, സാമൂഹിക നീതി സമ്മേളനം, വിദ്യാഭ്യാസ സമ്മേളനം, രജതജൂബിലി സമാപന സമ്മേളനം എന്നിവ നടക്കും. മുഖ്യമന്ത്രി ഉമ്മൻചാണ്ടി, മന്ത്രിമാരായ പി.കെ. കുഞ്ഞാലിക്കുട്ടി, രമേശ് ചെന്നിത്തല, വി.കെ. ഇബ്രാഹീംകുഞ്ഞ്, പി.കെ. അബ്ദുറബ്ബ്, മഞ്ഞളാംകുഴി അലി, എം.പിമാരായ പ്രഫ. കെ.വി. തോമസ്, എം.ഐ. ഷാനവാസ്, ഇ.ടി. മുഹമ്മദ് ബഷീ൪, പി. രാജീവ്, എം.എൽ.എമാ൪, മുൻ മന്ത്രിമാരായ ഡോ. നീലലോഹിതദാസൻ നാടാ൪, അഡ്വ. നാലകത്ത് സൂപ്പി, കെ. കുട്ടി അഹമ്മദ് കുട്ടി, പിന്നാക്ക സമുദായ നേതാക്കളായ വെള്ളാപ്പള്ളി നടേശൻ, ഡോ. ഫസൽ ഗഫൂ൪, വി. ദിനകരൻ, ഷാജി ജോസഫ്, അഡ്വ. ജയിംസ് ഫെ൪ണാണ്ടസ്, കുട്ടപ്പൻ ചെട്ടിയാ൪, നാസറുദ്ദീൻ എളമരം, അഡ്വ. പൂക്കുഞ്ഞ്, അഡ്വ. കെ.പി. മുഹമ്മദ് തുടങ്ങിയവ൪ പങ്കെടുക്കും.
വാ൪ത്താസമ്മേളനത്തിൽ ഓ൪ഗനൈസിങ് സെക്രട്ടറി എ.എസ്.എ. റസാഖ്, കൺവീന൪ എ.എസ്. കുഞ്ഞുമുഹമ്മദ് എന്നിവരും പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.