ആള്‍ക്കടലായി കണ്ണൂര്‍; വേദികളില്‍ മികവുത്സവം
text_fieldsകലോത്സവത്തില്‍ ജനത്തിരക്കേറിയ ദിവസമായിരുന്നു വെള്ളിയാഴ്ച. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി നല്‍കിയതാണ് ആളൊഴുക്കിന് കാരണം. വേദികള്‍ മാത്രമല്ല റോഡുകളും ജനത്തിരക്കിലമര്‍ന്നു. കോല്‍ക്കളിക്ക് മാത്രമായി തയാറാക്കിയ വേദിയും നിറഞ്ഞുകവിഞ്ഞു. പരിചമുട്ടു മത്സരത്തില്‍ കളി കാര്യമായതാണ് വെള്ളിയാഴ്ച വേറിട്ടുനിന്ന സംഭവം. വാള്‍ത്തലപ്പുകൊണ്ട് ഏറെപ്പേര്‍ക്ക് മുറിവേറ്റു.
അഞ്ചാംനാള്‍ പിന്നിടുമ്പോള്‍ 232ല്‍ 184 ഇനങ്ങള്‍ പൂര്‍ത്തിയായി. വെള്ളിയാഴ്ച 47 മത്സരങ്ങള്‍ നടന്നു. പാലക്കാടിന്‍െറ മുന്നേറ്റം തുടരുകയാണ്. കോഴിക്കോടാണ് രണ്ടാമത്. പാലക്കാടിന് 736 ഉം കോഴിക്കോട് 734ഉം പോയന്‍റുണ്ട്. കണ്ണൂര്‍ കേവലം ഏഴ് പോയന്‍റിന്‍െറ വ്യത്യാസത്തില്‍ മൂന്നാം സ്ഥാനത്തുണ്ട്. വെള്ളിയാഴ്ച നടന്ന മത്സരങ്ങളില്‍ ഹൈസ്കൂള്‍ വിഭാഗം നാടകം അവതരണത്തിലും പ്രമേയത്തിലും വ്യത്യസ്തത പുലര്‍ത്തി. എച്ച്.എസ് വിഭാഗത്തില്‍ പങ്കെടുത്ത 28 ടീമുകളില്‍ 25നും എ ഗ്രേഡ് ലഭിച്ചു. ഹയര്‍ സെക്കന്‍ഡറി വിഭാഗം നാടോടിനൃത്തത്തില്‍ അപ്പീല്‍ ഉള്‍പ്പെടെ 48 പേര്‍ പങ്കെടുത്തത് ചരിത്രം.
അറബിക് കലോത്സവവും സംസ്കൃതോത്സവവും സമാപിച്ചു. ജനപ്രിയ കലയായ ഒപ്പനയും സംഘനൃത്തവും ആസ്വദിക്കാന്‍ ആയിരങ്ങളത്തെി. രാവിലെ ആരംഭിച്ച ഒപ്പന സന്ധ്യയോളം നീണ്ടു.
സംഘനൃത്തം ആസ്വദിക്കാന്‍ പുലരുംവരെ സദസ്സ് കണ്ണിമ ചിമ്മാതെ കാത്തിരുന്നു. അസുരവാദ്യങ്ങളുടെ വേദികളിലും കാഴ്ച്ചക്കാര്‍ ഏറെ. ശനിയാഴ്ച മുതല്‍ അഞ്ചുവേദികളില്‍ മത്സരമില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.