'ആദിപുരുഷി'നെതിരെ ബി.ജെ.പി; രംഗങ്ങൾ മാറ്റിയില്ലെങ്കിൽ നിയമനടപടിയെന്ന്
text_fieldsഭോപ്പാൽ: ടീസർ പുറത്തുവിട്ടതിന് പിന്നാലെ ട്രോളുകളിൽ നിറഞ്ഞ ചിത്രമാണ് പ്രഭാസിനെ നായകനാക്കി ഓം റൗട്ട് സംവിധാനം ചെയ്യുന്ന 'ആദിപുരുഷ്'. കാർട്ടൂൺ സിനിമകൾക്ക് സമാനമായ വി.എഫ്.എക്സ് രംഗങ്ങളാണ് വ്യാപക ട്രോളിന് കാരണമായത്. ഇതിന് പിന്നാലെയിതാ, സിനിമക്കെതിരെ വിമർശനവുമായി ബി.ജെ.പിയും രംഗത്തെത്തിയിരിക്കുകയാണ്.
ഹിന്ദു ദൈവങ്ങളെ മോശമായി ചിത്രീകരിക്കുന്നുവെന്ന് ആരോപിച്ചാണ് ബി.ജെ.പി സിനിമയുടെ അണിയറക്കാർക്ക് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ഹിന്ദു ദൈവങ്ങളെ മോശമാക്കിയാൽ സിനിമക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് വ്യക്തമാക്കി രംഗത്തെത്തിയത് മധ്യപ്രദേശ് ആഭ്യന്തര മന്ത്രി നരോത്തം മിശ്ര തന്നെയാണ്.
'ആദിപുരുഷിന്‍റെ ട്രെയിലർ ഞാൻ കണ്ടിരുന്നു. പ്രതിഷേധാർഹമായ നിരവധി രംഗങ്ങൾ സിനിമയിലുണ്ട്. സിനിമയിൽ കാണിക്കുന്ന ഹിന്ദു ദൈവങ്ങളുടെ രൂപവും വസ്ത്രവും ഒരിക്കലും അംഗീകരിക്കാവുന്നതല്ല' -നരോത്തം മിശ്ര പറഞ്ഞു.
ചിത്രത്തിൽ ഹനുമാൻ ലെതർ ചെരിപ്പ് ധരിച്ചതായാണ് കാണിക്കുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. പുരാണങ്ങളിൽ അങ്ങനെയല്ല. ഇത്തരം നിരവധി രംഗങ്ങളുണ്ട്. ഇവയെല്ലാം നീക്കണമെന്നാവശ്യപ്പെട്ട് സംവിധായകൻ ഓം റൗട്ടിന് ഞാൻ കത്തെഴുതുന്നുണ്ട്. ഈ രംഗങ്ങൾ ഒഴിവാക്കിയില്ലെങ്കിൽ നിയമനടപടിയിലേക്ക് കടക്കും -നരോത്തം മിശ്ര പറഞ്ഞു.
ബി.ജെ.പി വക്താവ് മാളവിക അവിനാഷും ആദിപുരുഷിനെ വിമർശിച്ച് രംഗത്തെത്തി. രാക്ഷസ രാജാവായ രാവണനെ ചിത്രത്തിൽ തെറ്റിദ്ധരിപ്പിക്കുന്ന രീതിയിലാണ് കാണിച്ചിരിക്കുന്നത്. ശിവഭക്തനായ ബ്രാഹ്മണനാണ് രാവണൻ. സിനിമയിലെ നീലക്കണ്ണുള്ള രാവണന്‍റെ കഥാപാത്രം ലെതർ ജാക്കറ്റാണ് ധരിച്ചിരിക്കുന്നത്. തുർക്കി സ്വേച്ഛാധിപതിയെ പോലെയാണുള്ളത്. നമ്മുടെ ചരിത്രത്തെയാണ് അവർ സിനിമയാക്കുന്നത്. ആവിഷ്കാര സ്വാതന്ത്ര്യത്തിന്‍റെ പേരിൽ എന്തും ചെയ്യാനുള്ള അവകാശമില്ല -മാളവിക അവിനാഷ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.