സ്നേഹത്തിന്‍െറ താജ്മഹലുകള്‍
text_fieldsതാജ്മഹല്‍ ഭൂമിയില്‍ ഒന്നേയുള്ളു. അസ്തമിക്കാത്ത പ്രണയത്തിന്‍െറ സ്മാരകമായി ഷാജഹാന്‍ പണിതുയര്‍ത്തിയ വെണ്ണക്കല്‍ മന്ദിരം. അതിശയത്തോടെ ഇന്നും ലോകം അതിനുമുന്നില്‍ അമ്പരന്നു നില്‍ക്കുന്നു.
മനുഷ്യ ബന്ധത്തിന്‍െറയും കരുതലിന്‍െറയും ഐക്യത്തിന്‍െറയും സ്മാരകമായി കേരളത്തിന്‍െറ വിവിധ ദേശങ്ങളില്‍ ഇനി 51 താജ്മഹലുകള്‍ ഉയരും. കല്ലിനും മണ്ണിനും സിമന്‍റിനും പകരം സ്നേഹത്തിന്‍െറ കെട്ടുറപ്പില്‍ പണിതുയര്‍ത്തിയ നിത്യ സ്മാരകങ്ങളായി മലയാളി ജീവിതത്തില്‍ അത് എക്കാലവും അടയാളപ്പെടുത്തും.
ജീവിതം വിജയിച്ചവരുടെ മാത്രം കഥയല്ല. ഓട്ടപ്പാച്ചിലിനിടയില്‍ പരാജയപ്പെട്ടവരുടേതുമാണ്. അവരാണ് ഏറെയും. ആകാശത്തിന്‍െറ മാത്രം തണലില്‍ രാപ്പകലുകള്‍ താണ്ടുന്നവര്‍. വിധിയുടെ കനത്ത പ്രഹരത്തില്‍ അടിപ്പെട്ടുപോയവര്‍. അശരണരായ അവര്‍ക്ക് താങ്ങും തണലുമേകാന്‍ ‘മാധ്യമ’വും മലയാള ചലച്ചിത്ര അഭിനേതാക്കളുടെ കൂട്ടായ്മ ‘അമ്മ’യും പ്രമുഖ പ്രവാസി വ്യവസായ സംരംഭമായ യു.എ.ഇ എക്സ്ചേഞ്ചും എന്‍.എം.സി ഹെല്‍ത്ത് കെയര്‍ ഗ്രൂപ്പും കൈകോര്‍ക്കുകയാണ് ‘അക്ഷരവീട്’ എന്ന സ്വപ്നപദ്ധതിയിലൂടെ.
ഈ പദ്ധതിയുടെ നാമകരണവും ലോഗോ പ്രകാശനവും പുതുമ നിറഞ്ഞ പരിപാടിയിലൂടെ കൊച്ചി ഹോട്ടല്‍ ലെ മെറിഡിയനില്‍ നിര്‍വഹിക്കപ്പെട്ടു.
51 അക്ഷരം 51 വീട്
മലയാളിയെ ഐക്യത്തോടെ നിലനിര്‍ത്തുന്ന മലയാള ഭാഷയിലെ 51 അക്ഷരങ്ങളെ പ്രതിനിധാനം ചെയ്ത് കേരളത്തിന്‍െറ വിവിധ ദേശങ്ങളില്‍ 51 വീടുകളാണ് ഈ പദ്ധതിയിലൂടെ ഉയരുന്നത്. പൊതുവായ ഇടങ്ങള്‍ റദ്ദുചെയ്യപ്പെട്ടുകൊണ്ടിരിക്കുന്ന ഈ കാലത്ത് മലയാളിയുടെ ഐക്യത്തിന്‍െറയും സ്നേഹത്തിന്‍െറയും നിത്യസ്മാരകമായാണ് ഈ വീടുകള്‍ ഉയരുക. ഇത് വെറും വീടല്ല. ജീവിതത്തിനൊപ്പം ഓടിയത്തൊന്‍ കഴിയാതെ പോയവരോടുള്ള നമ്മുടെ കരുതലാണ്.
ജാതി മത പരിഗണനകളിലല്ല ഈ വീടിന്‍െറ ഉടമസ്ഥരെ തെരഞ്ഞെടുക്കുന്നത്. മിടുക്കരായിരുന്നിട്ടും ജീവിതത്തില്‍ പിന്തള്ളപ്പെട്ട വിദ്യാര്‍ഥികള്‍, വിധിയുടെ ആഘാതം ശരീരത്തില്‍ പേറേണ്ടിവന്ന ഭിന്നശേഷിക്കാര്‍, അവശരായി വീണുപോയ കലാകാരന്മാര്‍, നിസ്വാര്‍ഥമായി ജീവിതം ജനങ്ങള്‍ക്കായി ഉഴിഞ്ഞുവെക്കുമ്പോഴും തളര്‍ന്നുപോയ സാമൂഹിക പ്രവര്‍ത്തകര്‍ അങ്ങനെ നിരവധിപേര്‍ ഈ പദ്ധതിയുടെ മുന്‍ഗണനയിലുണ്ട്.
സ്വപ്നക്കൂട്
ജീവിതത്തിനുമേല്‍ മേല്‍ക്കൂരയുടെ തണലില്ലാത്ത പതിനായിരങ്ങളുള്ള നാട്ടില്‍ അവര്‍ക്ക് കനിവിന്‍െറ കൈത്താങ്ങാവുക എന്നത് അഭിനേതാക്കളുടെ സംഘടനയായ ‘അമ്മ’ കണ്ട സ്വപ്നങ്ങളിലൊന്നായിരുന്നു. അവശരായ സഹജീവികളുടെ ജീവിതത്തിന് കൈത്താങ്ങായി മാതൃക സൃഷ്ടിച്ച അമ്മയുടെ ഈ സ്വപ്നത്തിനൊപ്പം മലയാളികളുടെ ജീവിതത്തിന് ദിശാബോധവും താങ്ങുമായ ‘മാധ്യമ’വും കൈകോര്‍ക്കുന്നു. യു.എ.ഇ എക്സ്ചേഞ്ചും എന്‍.എം.സി ഹെല്‍ത്ത് കെയര്‍ ഗ്രൂപ്പുമാണ് ഈ സ്വപ്നത്തിന്‍െറ കൈത്താങ്ങ്.
ഓരോ നാടിന്‍െറയും കൂട്ടായ്മയിലാകും ഈ ഗേഹങ്ങള്‍ കേരളത്തിന്‍െറ മണ്ണില്‍ ഉയരുക. പ്രാദേശിക ജനതയുടെ കൂട്ടായ്മയിലൂടെ നഷ്ടപ്പെട്ടുപോയ പൊതു ഇടങ്ങള്‍ ഈ ദൗത്യത്തിലൂടെ തിരിച്ചുപിടിക്കാനാവുമെന്ന് നമ്മള്‍ വിശ്വസിക്കുന്നു.
ഹരിതഗേഹങ്ങള്‍
പ്രകൃതിക്കും മനുഷ്യനുമിടയിലെ ബന്ധം വിസ്മരിക്കാത്തതും വീണ്ടും വികസിപ്പിക്കാവുന്നതുമായ ഹരിതഗേഹങ്ങളാണ് പദ്ധതിയില്‍ രൂപകല്‍പന ചെയ്തിരിക്കുന്നത്.
ഹാബിറ്റാറ്റ് ടെക്നോളജീസ് തലവന്‍ പദ്മശ്രീ ജി. ശങ്കറിന്‍െറ മേല്‍നോട്ടത്തില്‍ യാഥാര്‍ഥ്യമാക്കുന്ന ആത്മാവുള്ള വീടുകളായിരിക്കും ഈ പദ്ധതിയുടെ സവിശേഷത.
തുടക്കം
ഏപ്രില്‍ ആദ്യവാരം അമ്മയുടെ ആഭിമുഖ്യത്തില്‍ കൊച്ചിയില്‍ നടക്കുന്ന മഹാസംഗമത്തില്‍ വന്‍ ജനപങ്കാളിത്തത്തോടെ ഈ പദ്ധതിക്ക് ഒൗപചാരികമായ തുടക്കം കുറിക്കും.
രണ്ടു വര്‍ഷത്തിനുള്ളില്‍ അക്ഷരവീടുകളുടെ താക്കോല്‍ അര്‍ഹതപ്പെട്ട കൈകളില്‍ പൂര്‍ണമായും എത്തിക്കും. ഇതിന്‍െറ ഭാഗമായി കേരളത്തിലങ്ങോളമിങ്ങോളം നൂറുകണക്കിന് പരിപാടികള്‍ക്കാണ് ‘അമ്മ’യും ‘മാധ്യമ’വും തുടക്കമിട്ടിരിക്കുന്നത്.
അറുപത് വയസ്സ് പൂര്‍ത്തിയായ കേരളത്തിന് ഈ കൂട്ടുകെട്ട് സമര്‍പ്പിക്കുന്നത് സ്നേഹത്തിന്‍െറയും കരുതലിന്‍െറയും 51 താജ്മഹലുകള്‍. കൈ ചേര്‍ത്തുപിടിക്കാം നമ്മുടെ സഹജീവികള്‍ക്കായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.