കാത്തിരിപ്പിനൊടുവിൽ കോവിഡിന് വാക്സിൻ വരുന്നു
text_fieldsന്യൂഡൽഹി: കോവിഡിനുള്ള വാക്സിൻ ആഗസ്റ്റിനകം ലഭ്യമാക്കുമെന്ന് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച്.
ഹൈദരാബാദിലുള്ള ഭാരത് ബയോടെകുമായി സഹകരിച്ചാണ് മരുന്ന് ലഭ്യമാക്കുന്നത്. ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിൻറെ ഭാഗമായ നാഷനൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടുമായി ചേർന്നാണ് ഭാരത് ബയോടെക് പരീക്ഷണം നടത്തുന്നത്.
ആഗസ്റ്റ് 15നകം മരുന്ന് ലഭ്യമാക്കണമെന്ന് ഭാരത് ബയോടെകിനോട് ആവശ്യപ്പെട്ടതായി ഐ.സി.എം.ആർ ഡയറക്ടർ ജനറൽ ബൽറാം ഭാർഗവ പറഞ്ഞു. എല്ലാ ഗുണനിലവാര പരിശോധനകൾക്കും ശേഷമായിരിക്കും മരുന്ന് ലഭ്യമാക്കുകയെന്നും അതിനായി 12 ഓളം കേന്ദ്രങ്ങളെ തെരഞ്ഞെടുത്തെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഡൽഹി, ചെന്നൈ തുടങ്ങി രാജ്യത്തെ 10 നഗരങ്ങളിലെ പ്രധാന ആശുപത്രികളിലാവും പരീക്ഷണം.
പ്രീ ക്ലിനിക്കൽ പരീക്ഷണത്തിൽ വാക്സിൻറെ സുരക്ഷിതത്വം ഉറപ്പാക്കിയിരുന്നു. ഇതിൻറെ അടിസ്ഥാനത്തിലാണ് മനുഷ്യരിൽ പരീക്ഷിക്കാൻ അനുമതി ലഭിച്ചത്. 3 മാസം കൊണ്ട് മനുഷ്യരിൽ പൂർത്തിയാക്കുന്ന ആദ്യ 2 ഘട്ടം വിജയകരമാണെന്ന് ഡി.ജി.സി.ഐ വിലയിരുത്തിയാൽ വാക്സിനുള്ള വഴിയൊരുങ്ങും.
ഐ.സിഎം.ആറിൻറെ പൂനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലുള്ള സാർസ്കോവ്-2 വൈറസിൻറെ സാമ്പിളാണ് വാക്സിൻ നിർമ്മാണത്തിന് ഉപയോഗിക്കുന്നത്. ബിബിവി 152 കോഡിലുള്ള വാക്സിന് കോവാക്സിൻ എന്നാണ് പേരിട്ടിരിക്കുന്നത്.
ക്ലിനിക്കൽ പരീക്ഷണം പൂർത്തിയായാൽ ആഗസ്റ്റ് 15ന് ചെങ്കോട്ടയിൽ വെച്ച് രാജ്യത്തെ അഭിസംബോധന ചെയ്യുന്ന പ്രധാനമന്ത്രി ഇത് സംബന്ധിച്ച് പ്രഖ്യാപനം നടത്തുമെന്നാണ് സൂചന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.