പൂക്കളമിട്ടും മധുരം നൽകിയും മുഖ്യമന്ത്രി
text_fieldsകോഴിക്കോട്: കുതിരവട്ടം മാനസികാരോഗ്യകേന്ദ്രത്തിലെ അന്തേവാസികൾക്കിത് ഇരട്ടിമധുരമുള്ള ഓണവും പെരുന്നാളുമായിരുന്നു. മുഖ്യമന്ത്രി പിണറായി വിജയെൻറയും ആരോഗ്യമന്ത്രി കെ.കെ. ശൈലജയുടെയും സന്ദർശനവും ഹൃദയം നിറഞ്ഞുള്ള ആശംസകളുമാണ് അവരുടെ ആഘോഷങ്ങൾ അവിസ്മരണീയമാക്കിയത്. വിനോദസഞ്ചാര വകുപ്പും ജില്ല ടൂറിസം പ്രമോഷന് കൗണ്‍സിലും ചേര്‍ന്നൊരുക്കുന്ന ഓണം വാരാഘോഷത്തിന് തുടക്കംകുറിക്കാനാണ് വ്യാഴാഴ്ച മുഖ്യമന്ത്രി മാനസികാരോഗ്യകേന്ദ്രത്തിലെത്തിയത്.
ഉച്ചക്ക് ഒരു മണിയോടെ ഇവിടെയെത്തിയ പിണറായി മാനസികാരോഗ്യകേന്ദ്രത്തിലെ വാര്‍ഡിൽ ചെന്ന് അന്തേവാസികളെ കണ്ടു. എല്ലാവർക്കും ഓണം-ബക്രീദ് ആശംസകൾ നേർന്ന് സുഖവിവരങ്ങൾ അന്വേഷിച്ചറിഞ്ഞ്, ചെറുചിരിയോടെ ലഡുവും നൽകി. പിന്നീട് അവരൊരുക്കിയ പൂക്കളത്തിലേക്ക് തെൻറ വകയും പൂക്കളിട്ടു. 15 മിനിറ്റിലേറെ വാര്ഡിലുള്ളവര്ക്കൊപ്പം ചെലവിട്ടാണ് അദ്ദേഹം പുറത്തിറങ്ങിയത്.
മന്ത്രി കെ.കെ. ശൈലജ രണ്ട് വാഴക്കുലകൾ ഓണസമ്മാനമായി അന്തേവാസികള്‍ക്ക് സമ്മാനിച്ചു. തുടര്‍ന്ന് ആശുപത്രിയിലൊരുക്കിയ ഓണസദ്യയും കഴിച്ചു. എല്ലാംകൊണ്ടും മനസ്സുനിറഞ്ഞാഘോഷിക്കുകയായിരുന്നു ഇവിടത്തെ അന്തേവാസികൾ. മാനസികാരോഗ്യകേന്ദ്രത്തില്‍ ജില്ല കലക്ടര്‍ യു.വി. ജോസ്, ആരോഗ്യവകുപ്പ് ഡയറക്ടര്‍ ഡോ. ആര്.എല്‍. സരിത, ആശുപത്രി സൂപ്രണ്ട് ഡോ. എൻ. രാജേന്ദ്രൻ എന്നിവർ ചേര്‍ന്നാണ് മുഖ്യമന്ത്രിയെയും ആരോഗ്യമന്ത്രിയെയും സ്വീകരിച്ചത്.
എം.കെ. രാഘവന് എം.പി, എം.എൽ.എമാരായ എ. പ്രദീപ് കുമാർ, ഡോ. എം.കെ. മുനീർ, വി.കെ.സി. മമ്മദ് കോയ, പുരുഷന് കടലുണ്ടി, കാരാട്ട് റസാഖ്, മേയര്‍ തോട്ടത്തില്‍ രവീന്ദ്രൻ, ഡെപ്യൂട്ടി മേയര്‍ മീര ദര്‍ശക്, ജില്ല പഞ്ചായത്ത് പ്രസിഡൻറ് ബാബു പറശ്ശേരി, ഡി.ടി.പി.സി സെക്രട്ടറി ബിനോയ് വേണുഗോപാല്‍ തുടങ്ങിയവരെല്ലാം അന്തേവാസികൾക്കൊപ്പമുള്ള ഓണാഘോഷത്തില്‍ പങ്കാളികളായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.