പ്രധാനമന്ത്രീ, ഇതാണോ താങ്കൾ വിഭാവനം ചെയ്യുന്ന ഡിജിറ്റൽ ഇന്ത്യ..?
text_fieldsആധാർ ഇല്ലാത്തവൻെറ കാര്യം വഴിയാധാരമെന്നതാണ് ഇപ്പോഴത്തെ സ്ഥിതി. ആധാറുമായി ഫോൺ നമ്പർ ബന്ധിപ്പിക്കാൻ പോയാലും പെരുവഴിയാധാരം എന്ന നിലയിലായെന്ന് പരിതപിക്കുകയാണ് ബംഗളൂരുവിൽ താമസിക്കുന്ന ഒരു മലയാളി യുവതി. ആധാറുമായി ഫോൺ നമ്പർ ബന്ധിപ്പിക്കാൻ എൻറോൾമെൻറ് കേന്ദ്രത്തിലെത്തിയ അവർക്ക് അനുഭവിക്കേണ്ടിവന്ന യാതന വിവരിച്ചുകൊണ്ട് ‘ഇതാണോ പ്രധാനമന്ത്രി വിഭാവനം ചെയ്യുന്ന ഡിജിറ്റൽ ഇന്ത്യ..?’ എന്ന് ചോദിച്ച് അവർ നരേന്ദ്ര മോദിക്ക് കത്തെഴുതിയിരിക്കുകയാണ്. ബംഗളൂരുവിലെ എച്.എസ്.ആർ ലേഔട്ടിലെ ഇന്ത്യൻ ബാങ്കിനുള്ളിൽ പ്രവർത്തിക്കുന്ന എൻറോൾമെൻറ് കേന്ദ്രത്തിലാണ് ശ്രീപുർണ വിശ്വനാഥൻ എന്ന യുവതിക്ക് ദുരിതമനുഭവിക്കേണ്ടിവന്നത്.
ദീർഘകാലം യു.എ.ഇയിൽ താമസിച്ചിരുന്ന തനിക്ക് യാതൊരു നൂലാമാലകളുമില്ലാതെ നിമിഷങ്ങൾക്കുള്ളിൽ അവിടുത്തെ സുപ്രധാനമായ തിരിച്ചറിയൽ രേഖ ലഭ്യമായ അനുഭവംകൂടി വിവരിച്ചാണ് ശ്രീപൂർണ കത്തെഴുതിയിരിക്കുന്നത്. എച്.എസ്.ആർ ലേഔട്ടിൽ ഇന്ത്യൻ ബാങ്കിനുള്ളിൽ പ്രവർത്തിക്കുന്ന (IFSC CODE- IDBI000C122) ആധാർ കേന്ദ്രത്തിൽ കഴിഞ്ഞ ദിവസം രാവിലെ 10.30നാണ് ശ്രീപൂർണ എത്തിയത്.ടോക്കൺ നൽകുന്നിടത്തെ ക്യുവിൽ നിന്ന് ഫോം പൂരിപ്പിച്ചു നൽകിയെങ്കിലും ബാങ്കിലെ കസ്റ്റമർ അല്ലാത്തതിനാൽ പുറത്തുനിൽക്കണമെന്നായിരുന്നു സെക്യൂരിറ്റിക്കാരൻ ഇവരോട് ആവശ്യപ്പെട്ടത്. പുറത്താണെങ്കിൽ ഇരിക്കാൻ പോലും സൗകര്യമുണ്ടായിരുന്നില്ല. തണലുള്ളിടത്തെല്ലാം ജീവനക്കാരുടെ വാഹനങ്ങൾ പാർക്ക് ചെയ്തിരിക്കുകയാണ്.
ആധാർ എടുക്കാൻ വന്ന കുട്ടികളും പ്രായമായവരുമടങ്ങുന്ന പൊരിവെയിലത്തെ ക്യൂവിൽ മണിക്കുറുകളോളം നിന്നിട്ടും ആധാർ കേന്ദ്രത്തിലെ ജീവനക്കാരിൽ നിന്ന് യാതൊരു പ്രതികരണവുമുണ്ടായില്ല. മാത്രവുമല്ല, ക്യൂവിന് യാതൊരു അനക്കവും ഉണ്ടായിരുന്നുമില്ല. ഒരു മണിയായിട്ടും കാര്യമായ അനക്കമില്ല. വിവരം തിരക്കിയപ്പോഴാണ് അറിയുന്നത് ആധാർ കേന്ദ്രത്തിലെ ഏക ലാപ്ടോപിൻെറ അപ്ഡേഷൻ പൂർത്തിയാകാത്തതിനാലാണ് എൻറോൾ ചെയ്യാൻ കഴിയാത്തതെന്ന്. മാത്രവുമല്ല, ഇൻറർനെറ്റിൻെറ വേഗത തീരെ കുറവുമായിരുന്നു. എൻെറ ടോക്കൺ നമ്പറാണെങ്കിൽ അവസാനത്തേതുമായിരുന്നു. വളരെ പരുക്കനായിട്ടാണ് ജീവനക്കാർ പെരുമാറിയതെന്ന് കത്തിൽ ശ്രീപൂർണ പറയുന്നു. മൂന്നരയ്ക്ക് ബാങ്ക് അടയ്ക്കുന്ന നേരമായിട്ടും ഒന്നും നടക്കാതായപ്പോൾ ഇതേ ടോക്കണുമായി നാളെ വന്നാൽ സ്വീകരിക്കുമോ എന്ന് ചോദിച്ചതിനും വിചിത്രമായ മറുപടിയാണ് കിട്ടിയത്. നിങ്ങൾക്ക് വേണമെങ്കിൽ പോകാം, അടുത്ത ദിവസം വന്നാൽ വീണ്ടും പുതിയ ടോക്കൺ എടുത്ത് നടപടികൾ പൂർത്തിയാക്കണം’ എന്നായിരുന്നു അവരുടെ മറുപടി.
വളരെ പഴഞ്ചൻ ഉപകരണങ്ങളും വെച്ച് ഇങ്ങനെയൊരു സംവിധാനം എങ്ങനെ കാര്യക്ഷമമായി നടപ്പാക്കുമെന്നാണ് അവർ ചോദിക്കുന്നത്. ‘ബംഗളൂരു പോലൊരു ഹൈടെക് നഗരത്തിൽ ഇതാണ് സ്ഥിതിയെങ്കിൽ ഇത്രയും സൗകര്യങ്ങൾ ഒന്നുമില്ലാത്ത ഗ്രാമങ്ങളിലെ സ്ഥിതി എന്തായിരിക്കുമെന്ന് ശ്രീപൂർണ ‘മാധ്യമ’ത്തോട് പ്രതികരണമറിയിച്ചു...
ദീർഘകാലം യു.എ.ഇയിൽ ആയിരുന്ന തനിക്ക് സർക്കാർ ഓഫീസുകളിൽ നിന്ന് ഇങ്ങനെയൊരു കാലതാമസമോ മോശമായ പെരുമാറ്റമോ ഒരിക്കലും േനരിടേണ്ടിവന്നിട്ടില്ല... ഓരോ ദിവസവും നൂറുകണക്കിന് ആവശ്യങ്ങളുമായി സർക്കാർ ഓഫീസുകൾ കയറിയിറങ്ങുന്നവരോടുള്ള നിരുത്തരവാദ സമീപനം അവസാനിപ്പിക്കണമെന്നും ശ്രീപൂർണ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.