സമ്പൂർണ ലോക്ഡൗൺ; തീരുമാനം തിങ്കളാഴ്ച
text_fieldsതിരുവനന്തപുരം: കോവിഡ് വ്യാപനം രൂക്ഷമായിരിക്കെ സംസ്ഥാനത്ത് സമ്പൂർണ ലോക്ഡൗൺ വീണ്ടും ഏർപ്പെടുത്തണമോ എന്ന കാര്യത്തിൽ തിങ്കളാഴ്ച തീരുമാനം. വ്യാഴാഴ്ച ചേർന്ന മന്ത്രിസഭയോഗത്തിൽ വീണ്ടും ലോക്ഡൗൺ വേണമെന്ന അഭിപ്രായം ചില മന്ത്രിമാർ പ്രകടിപ്പിെച്ചങ്കിലും അത് സാമൂഹിക-സാമ്പത്തിക രംഗത്തുണ്ടാക്കുന്ന പ്രത്യാഘാതങ്ങൾ മറ്റുള്ളവർ ചൂണ്ടിക്കാട്ടി.
ഇപ്പോഴത്തെ സാഹചര്യം നേരിടാൻ സംസ്ഥാനം സജ്ജമാണ്. നിലവിൽ ലോക്ഡൗൺ സാഹചര്യമില്ലെന്നും അഭിപ്രായം വന്നു. മതമേലധ്യക്ഷന്മാരുടെ നിർദേശങ്ങളും വെള്ളിയാഴ്ച വൈകീട്ട് ചേരുന്ന സർവകക്ഷിയോഗതീരുമാനവും പരിഗണിച്ച് തിങ്കളാഴ്ചയിലെ മന്ത്രിസഭയോഗത്തിൽ അന്തിമ തീരുമാനം എടുക്കും. കോവിഡ് പ്രതിരോധം മാത്രമാണ് സർവകക്ഷി യോഗത്തിെൻറ അജണ്ട.
രോഗവ്യാപനം തടയാൻ കർശന നടപടി വേണമെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ മന്ത്രിസഭയെ അറിയിച്ചു. സമ്പൂർണ ലോക്ഡൗൺ വീണ്ടും ഏർപ്പെടുത്തുന്നതിെൻറ സാമൂഹിക-സാമ്പത്തിക പ്രത്യാഘാതം കൂടി കണക്കിലെടുക്കണമെന്നും അഭിപ്രായം വന്നു. ജൂലൈ അവസാനം ബലിപെരുന്നാൾ വരുന്നുണ്ട്. കോവിഡുമായി ബന്ധപ്പെട്ട വിദഗ്ധസമിതി സമ്പൂർണ ലോക്ഡൗൺ ശിപാർശ ചെയ്തിട്ടില്ല.
അതേസമയം, കോവിഡ് വ്യാപനം ശക്തമായ സാഹചര്യത്തിൽ സംസ്ഥാനത്ത് വീണ്ടും സമ്പൂർണ ലോക്ഡൗൺ പ്രഖ്യാപിക്കാനുള്ള സാധ്യത വാർത്തസമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ തള്ളിയില്ല. ഇക്കാര്യത്തിൽ എല്ലാവിഭാഗങ്ങളുമായും ചർച്ച ചെയ്യണമെന്ന് അദ്ദേഹം പറഞ്ഞു. ലോക്ഡൗൺ എന്നത് തള്ളിക്കളയാവുന്നതല്ല. എന്നാൽ, തീരുമാനമായിട്ടില്ല. എല്ലാ വശങ്ങളും പരിശോധിച്ചശേഷമായിരിക്കും തീരുമാനത്തിലേക്ക് പോകുകയെന്നും മുഖ്യമന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.