തുള്ളലില്‍ ദേവിക നെരുപ്പ് ഡാ... VIDEO
text_fieldsപുളുന്തിമോക്ഷത്തിലൂടെ സംസ്ഥാന കലോത്സവചരിത്രത്തില്‍ പുതുചരിതമെഴുതി എസ്.പി. ദേവിക. എച്ച്.എസ്.എസ് വിഭാഗം പെണ്‍കുട്ടികളുടെ ഓട്ടന്‍തുള്ളലിലാണ് പറയന്‍ തുള്ളി, കൊല്ലം കടക്കല്‍ ഗവ. വി.എച്ച്.എസ്.എസിലെ പ്ളസ് ടു വിദ്യാര്‍ഥിനി സദസ്സിന്‍െറയും തുള്ളല്‍ ആചാര്യന്മാരുടെയും പ്രശംസ നേടിയത്. മത്സരത്തില്‍ പങ്കെടുത്ത 15 ല്‍ 14 പേരും ഓട്ടന്‍ അവതരിപ്പിച്ചപ്പോഴാണ് സമ്മാനത്തിനപ്പുറം എല്ലാവരും മറന്നുതുടങ്ങിയ കീഴാള കലയുടെ മറ്റൊരു മുഖവുമായി ദേവിക ചവിട്ടിത്തിമിര്‍ത്തത്.
57 വര്‍ഷത്തെ കലോത്സവ ചരിത്രത്തില്‍ ആദ്യമായാണ് ഒരു പെണ്‍കുട്ടി പറയന്‍ തുള്ളല്‍ അവതരിപ്പിക്കുന്നത്. ആണ്‍കുട്ടികള്‍ പറയന്‍ തുള്ളല്‍ അവതരിപ്പിക്കാറുണ്ടെങ്കിലും പെണ്‍കുട്ടികള്‍ അതിന് മുതിരാറില്ല. ഓട്ടന്‍തുള്ളലില്‍ പറയന്‍ തുള്ളി ഗ്രേഡ് നഷ്ടപ്പെടുമെന്ന ഭയമാണ് കാരണം.
എന്നാല്‍, ഇതൊരു വെല്ലുവിളിയായി ഏറ്റെടുക്കാനായിരുന്നു ദേവികയുടെയും അധ്യാപിക ദൃശ്യ ഗോപിനാഥിന്‍െറയും തീരുമാനം. കൊല്ലം ജില്ല കലോത്സവത്തില്‍ ഓട്ടന്‍ തുള്ളല്‍ അവതരിപ്പിച്ച ദേവിക, സംസ്ഥാന കലോത്സവത്തിന് വരുന്ന വിധികര്‍ത്താക്കള്‍ക്ക് ഓട്ടനും പറയനും തമ്മിലുള്ള വ്യത്യാസം തിരിച്ചറിയാന്‍ കഴിയുമെന്ന വിശ്വാസത്തിലാണ് പുളുന്തിമോക്ഷം തെരഞ്ഞെടുത്തത്. കഴിഞ്ഞ വര്‍ഷം ശീതങ്കന്‍ അവതരിപ്പിച്ച് സംസ്ഥാന തലത്തില്‍ എ ഗ്രേഡ് സ്വന്തമാക്കിയിരുന്നു. മൂന്നു രൂപങ്ങള്‍ ഉള്ള തുള്ളലില്‍ ഓട്ടന് മാത്രം പ്രാധാന്യം കൊടുക്കുന്നത് ശരിയല്ളെന്നാണ് ദേവികയുടെ പക്ഷം.
ചടയമംഗലം കെ.എസ്.ആര്‍.ടി.സി ഡിപ്പോയിലെ ഡ്രൈവറായ സുഭാഷ്കുമാറിന്‍െറയും കടക്കല്‍ ഗവ. യു.പി.എസിലെ അധ്യാപിക പ്രീതയുടെയും മകളാണ്. പുനലൂര്‍ സ്വദേശി ദൃശ്യ ഗോപിനാഥിനു കീഴില്‍ മൂന്നു വര്‍ഷമായി തുള്ളല്‍ അഭ്യസിക്കുന്ന ദേവിക കഥകളിപ്പദം, കേരളനടനം ഇനങ്ങളില്‍ ഒരുകൈ നോക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.