പെരുന്നാളുകളെ തൊട്ടുണർത്തിയ പാട്ട്
text_fieldsകാലമെത്ര കഴിഞ്ഞിട്ടും ആ രണ്ടു പാട്ടുകൾ മനസ്സിൽനിന്നിറങ്ങിപ്പോകുന്നില്ല. കാലപ്പഴക്കത്താൽ മാറ്റാൻ കഴിയാത്ത ബിലാലിെൻറ സുന്ദരമായ ബാെങ്കാലി കണക്കെ വീണ്ടും വീണ്ടും കേൾക്കാൻ കൊതിക്കുന്ന പാട്ടുകൾ. ഒന്ന് ആയിരം കാതമകലെയുള്ള വിശുദ്ധ മക്കയെ കുറിച്ച്. മറ്റേത്, പ്രവാചകൻ മുഹമ്മദിനെക്കുറിച്ച്. ജാതിമത ഭേദമില്ലാതെ അനുവാചക ഹൃദയങ്ങളിൽ ആ പാട്ട് പാടിപ്പതിപ്പിച്ചത് മലയാളിയുടെ സ്വന്തം ഗന്ധർവനും. എല്ലാ പെരുന്നാളിലും ആകാശവാണി ഒരു അനുഷ്ഠാനം പോലെ ആ പാട്ടുകൾ വീണ്ടും വീണ്ടും കേൾപ്പിക്കാറുണ്ട്.
‘ആയിരം കാതമകലെയാണെങ്കിലും.....’, ‘റസൂലേ നിൻ കനിവാലേ....’ എന്നീ പാട്ടുകൾ വെറും ചലച്ചിത്രഗാനങ്ങളായി മാത്രം ആരും കരുതുമെന്നുതോന്നുന്നില്ല. അത്രകണ്ട് ഇഷ്ടമുണ്ട് ആസ്വാദകർക്ക് ഇൗ പാട്ടുകൾ. കാന്തി ഹർഷയുടെ ബാനറിൽ പി. ഗോപികുമാർ സംവിധാനം ചെയ്ത് 1977ൽ പുറത്തിറങ്ങിയ ‘ഹർഷബാഷ്പം’ എന്ന ചിത്രത്തിലെതാണ് ‘ആയിരം കാതമകലെയാണെങ്കിലും..’ എന്ന ഭക്തിഗാനം. ഹൃദയത്തെ ആഴത്തിൽ തൊട്ടുണർത്തുന്ന ഒന്ന്. ചിത്രത്തിെൻറ നിർമാതാവ് കൂടിയായ കെ.എച്ച്. ഖാൻ സാഹിബ് തന്നെയാണ് ഗാനത്തിന് തൂലിക ചലിപ്പിച്ചത്. എം.കെ. അർജുനൻ മാസ്റ്റർ ചിട്ടപ്പെടുത്തിയ ഗാനം അതിമനോഹരമായി കെ.ജെ. യേശുദാസ് ആലപിക്കുകയും ചെയ്തു.
പുണ്യമക്കയെ കുറിച്ചുള്ള വരികൾ മുസ്ലിം സമുദായാംഗങ്ങൾ മാത്രമല്ല എല്ലാവരും ഏറെ ഇഷ്ടപ്പെടുന്ന ഒന്നായി മാറി. യേശുദാസ് അനായാസേന ആലപിച്ച ‘ആയിരം കാതമകലെയാണെങ്കിലും..’ ഒരുവട്ടമെങ്കിലും മൂളാത്ത സംഗീതാസ്വദകർ ഇല്ല തന്നെ.പ്രശസ്ത കഥാകാരൻ കാനം ഇ.ജെയുടെ കഥയായിരുന്നു ‘ഹർഷബാഷ്പം’ എന്ന ചിത്രത്തിന് ആധാരം. നിരവധി ചലച്ചിത്ര ഗാനങ്ങൾ രചിച്ച ഖാൻ സാഹിബ് ഹർഷബാഷ്പത്തിൽ ‘താലപ്പൊലിയോടെ..’ എന്നാരംഭിക്കുന്ന മറ്റൊരു ഗാനവും രചിച്ചിട്ടുണ്ട്. കാനം തന്നെ ഇൗ സിനിമയിൽ
‘‘വെള്ളപ്പുടവയുടുത്ത് വെള്ളിവിളക്കുമെടുത്ത്
വേളിപ്പന്തലിൽ നാണിച്ചെത്തും വെളുത്തവാവേ
നിനക്കു നൽകാൻ നഭസ്സൊരുക്കി സമ്മാനം..
വിവാഹസമ്മാനം... ’’
എന്നൊരു ഗാനവും ചിത്രത്തിന് വേണ്ടി രചിച്ചിട്ടുണ്ട്. ‘ഏകാദശി ദിനമുണർന്നു...’ എന്ന മറ്റൊരു ഗാനവും കാനത്തിെൻറതായി ചിത്രത്തിൽ ഉണ്ടായിരുന്നു. എന്നാൽ, പ്രേക്ഷകർ ഇരുകൈയും നീട്ടി സ്വീകരിച്ചത് ‘ആയിരം കാതമകലെ..’ തന്നെയായിരുന്നു. 1979ൽ പുറത്തിറങ്ങിയ ‘ഹൃദയത്തിൽ നീ മാത്രം’ എന്ന ചിത്രത്തിൽ ‘പുഞ്ചിരി പുണരുമീ.... ഗോപികമാരുടെ...’ എന്നീ യേശുദാസ് ആലപിച്ച ഗാനങ്ങളും ‘സ്വപ്നങ്ങൾ സ്വന്തമല്ല’ എന്ന ചിത്രത്തിലെ ‘അനശ്വര പ്രേമം പഴമൊഴിയോ..’ എന്ന ഗാനവും ഖാൻ സാഹിബിെൻറ തൂലികയിൽ നിന്ന് തന്നെയാണ് പിറന്നുവീണത്.
പ്രേം നസീർ ഇരട്ട വേഷം കൈകാര്യം ചെയ്ത എക്സൽ പ്രൊഡക്ഷൻസിെൻറ ബാനറിലുള്ള ‘സഞ്ചാരി’ എന്ന ബോബൻ കുഞ്ചാക്കോ (ആദ്യകാല സംവിധായകനും ഉദയ പിക്ചേഴ്സിെൻറ ഉടമയുമായ കുഞ്ചാക്കോയുടെ മകനും യുവതാരം കുഞ്ചാക്കോ ബോബെൻറ പിതാവുമാണ് ബോബൻ) സംവിധാനം നിർവഹിച്ച് 1981ൽ പുറത്തിറങ്ങിയ ‘സഞ്ചാരി’ എന്ന ചലച്ചിത്രത്തിലെ ‘റസൂലേ നിൻ കനിവാലേ...’ എന്ന ഗാനം സംഗീതം നൽകി ആലപിച്ചത് ഗാനഗന്ധർവനായ കെ.ജെ. യേശുദാസാണ്. യൂസഫലി കേച്ചേരിയാണ് ഭക്തി സാന്ദ്രമായ ഇൗ വരികൾ കുറിച്ചത്. ‘താറാവ്’ എന്ന മറ്റൊരു ചലച്ചിത്രത്തിനും യേശുദാസ് സംഗീതസംവിധാനം നിർവഹിച്ചിട്ടുണ്ട്.
ആദ്യകാല സൂപ്പർഹിറ്റ് ചിത്രങ്ങളുടെ തിരക്കഥാകൃത്തായ പി.കെ. ശാരംഗപാണിയായിരുന്നു സഞ്ചാരിയുടെ കഥയും തിരക്കഥയും ഒരുക്കിയത്. ഇൗ സിനിമയിൽ അന്തരിച്ച നടൻ ജയനും മോഹൻലാലും വേഷമിട്ടിട്ടുണ്ട് എന്നൊരു പ്രത്യേകത കൂടി സഞ്ചാരിക്കുണ്ട്. ‘കർപ്പൂര ദീപം തെളിഞ്ഞൂ...’ എന്നാരംഭിക്കുന്ന മറ്റൊരു ഗാനമുൾപ്പെടെ ഏഴ് രചനകളാണ് യൂസഫലി കേച്ചേരി സിനിമക്ക് വേണ്ടി നിർവഹിച്ചത്. എന്നാൽ, ഏറ്റവും കൂടുതൽ ശ്രദ്ധയാകർഷിച്ചത് ‘റസൂലേ നിൻ വരവാലേ റസൂലേ നിൻ കനിവാലേ...’ തന്നെയായിരുന്നു. ഗാനത്തിനൊടുവിലെ അറബിയിലെ വരികൾ യേശുദാസ് ശ്രുതിമധുരമായാണ് ആലപിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.