കഥ പറഞ്ഞും കേട്ടും ശ്രീനിയേട്ടനും കുട്ട്യോളും
text_fieldsചോദ്യശരങ്ങള്‍ ഉയര്‍ത്തിയ കുട്ടികളോട് അനുഭവങ്ങള്‍ വിവരിച്ച് നടന്‍ ശ്രീനിവാസന്‍. കുട്ടികളുടെ ചോദ്യങ്ങള്‍ക്ക് സ്വതസിദ്ധമായ ശൈലിയില്‍ മറുപടി പറഞ്ഞ് കൈയടി നേടിയാണ് ശ്രീനിവാസന്‍ മടങ്ങിയത്. കുട്ടികള്‍ക്കൊപ്പം അധ്യാപകരെ ഉപദേശിക്കാനും അദ്ദേഹം മറന്നില്ല. സംസ്ഥാന സ്കൂള്‍ കലോത്സവത്തോടനുബന്ധിച്ച് ഞായറാഴ്ച സംഘടിപ്പിച്ച സാംസ്കാരികോത്സവത്തിന്‍െറ സമാപന വേദിയിലാണ് ശ്രീനിവാസന്‍ കുട്ടികളോട് സംവദിച്ചത്. ജില്ലയിലെ വിവിധ സ്കൂളുകളില്‍ നിന്നുള്ള 50ഓളം കുട്ടികള്‍ രണ്ട് മണിക്കൂര്‍ നീണ്ട പരിപാടിയില്‍ പങ്കെടുത്തു.
അധ്യാപകര്‍ അഞ്ച് കാര്യങ്ങളാണ് കുട്ടികളോട് ചെയ്യേണ്ടതെന്ന് അദ്ദേഹം പറഞ്ഞു. ആദ്യത്തേത് കുട്ടികളെ സ്നേഹിക്കലാണ്. രണ്ടാമതും മൂന്നാമതും ചെയ്യേണ്ടതും അതുതന്നെയാണ്. നാലാമതാണ് കുട്ടികളെ പ്രചോദിപ്പിക്കേണ്ടത്. അഞ്ചാമതായാണ് പഠിത്തം വരുന്നത്. സ്വഭാവഗുണം വളര്‍ത്തിയെടുക്കാനാണ് വിദ്യാഭ്യാസം. അല്ലാത്ത വിദ്യാഭ്യാസം അശാസ്ത്രീയമാണ്. മനുഷ്യമനസ്സില്‍നിന്ന് നന്മ ഇല്ലാതായിക്കൊണ്ടിരിക്കുന്നതാണ് അക്രമങ്ങള്‍ക്ക് കാരണം.
പുതുമയാണ് സിനിമയുടെ ആകര്‍ഷണ ശക്തിയെന്ന് അദ്ദേഹം പറഞ്ഞു. ഡയലോഗുകള്‍ ഓര്‍മിക്കാന്‍ കഴിവുള്ള നടന്‍ സിദ്ദീഖാണ്. മോഹന്‍ലാലിനും അതേ മിടുക്കുണ്ട്. എഴുത്തുകാരന്‍ ആവണമെങ്കില്‍ മനസ്സില്‍ ആര്‍ദ്രത ഉണ്ടാവണം. ജൈവകൃഷിയിലെ പോഷക സമൃദ്ധിയാണോ സൗന്ദര്യം കൂടാനുള്ള കാരണമെന്നായിരുന്നു തപന്‍െറ ചോദ്യം. സുന്ദരനാണെന്ന് പറഞ്ഞതിന് നന്ദി പറഞ്ഞ ശ്രീനിവാസന്‍, കുട്ടികളുടെ കൂട്ടത്തില്‍ ഏറ്റവും സുന്ദരന്‍ തപനാണെന്നും മറുപടി നല്‍കി.
ഒരാള്‍ കഴിക്കുന്നതെന്താണോ അതാണ് ആ മനുഷ്യന്‍. രാഷ്ട്രീയം തനിക്ക് പ്രഫഷനല്ല. പണമുണ്ടാക്കാനുള്ള വഴിയാണ് പലര്‍ക്കും രാഷ്ട്രീയം. ആ രാഷ്ട്രീയത്തില്‍ എനിക്ക് പ്രതീക്ഷയില്ല. നെല്‍കൃഷി ചെയ്യുമ്പോള്‍ ഞാന്‍ ചളിയില്‍ ചവിട്ടുന്നുണ്ട്. കൂടുതല്‍ ചളിയിലേക്ക് ഞാനില്ല. രക്ഷിതാക്കള്‍ പറയുന്നു എന്നതുകൊണ്ട് എതിര്‍ക്കേണ്ടതില്ല. നമുക്ക് ആഗ്രഹമുണ്ട് എന്നതുകൊണ്ട് കഴിവ് ഉണ്ടാകണമെന്നില്ളെന്നും അദ്ദേഹം കുട്ടികളെ ഉപദേശിച്ചു.
സന്ദര്‍ഭത്തിന് യോജിക്കാത്ത പാട്ടുകള്‍ വരുമ്പോഴാണ് അരോചകമാവുന്നത്. അഭിപ്രായം വെട്ടിത്തുറന്നു പറയുന്നതിനാല്‍ സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധങ്ങളുണ്ടായതല്ലാതെ നേരിട്ട് ഒന്നുമില്ല. നിരന്തര വായനയാണ് എന്നെ സഹായിച്ചത്. അനുഭവം മാത്രമല്ല, ഭാവന കൂടി ഉള്‍പ്പെടുത്തിയാണ് കഥാപാത്രങ്ങള്‍ രൂപപ്പെടുത്തിയത്. ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പഠിക്കാന്‍ പോവുമ്പോള്‍ എന്തിനായിരുന്നു യാത്ര എന്ന് ആര്‍ക്കും അറിയില്ലായിരുന്നു. എനിക്ക് പൂര്‍ണ ബോധ്യമുള്ള പരസ്യങ്ങളിലേ അഭിനയിക്കാറുള്ളൂ. സമൂഹത്തിന് ദോഷം ചെയ്യുന്ന പരസ്യങ്ങളുടെ ഭാഗമാവാന്‍ പാടില്ളെന്നും ആളുകളെ തെറ്റിദ്ധരിപ്പിക്കുന്നത് തെറ്റാണെന്നും ശ്രീനിവാസന്‍ പറഞ്ഞു.
എ.എന്‍. ഷംസീര്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് കെ.വി. സുമേഷ് അധ്യക്ഷത വഹിച്ചു. എ.കെ. അബ്ുല്‍ ഹക്കീം മോഡറേറ്ററായി. ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് പി.പി. ദിവ്യ, കോര്‍പറേഷന്‍ മേയര്‍ ഇ.പി. ലത, ഡെപ്യൂട്ടി മേയര്‍ പി.കെ. രാഗേഷ്, ജോഷി ആന്‍റണി, എ.വി. അജയകുമാര്‍ എന്നിവര്‍ സംസാരിച്ചു.
പരിപാടിയില്‍ പങ്കെടുത്തവരില്‍ മികച്ച രണ്ട് കുട്ടികള്‍ക്ക് ശ്രീനിവാസന്‍ ഉപഹാരം നല്‍കി. റാനിയ സുലൈഖ, തപന്‍ അമര്‍നാഥ് എന്നിവരാണ് സമ്മാനം ഏറ്റുവാങ്ങിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.