വരൂ...ടിക്കറ്റെടുക്കാം
text_fieldsമലയാളികൾ മെട്രോ സ്വപ്നം കാണാൻ തുടങ്ങിയ കാലം മുതൽ ഏറ്റവുമധികം ചിന്തിച്ചിട്ടുണ്ടാവുക മെട്രോ ട്രെയിനിലെ ടിക്കറ്റ് നിരക്കിനെക്കുറിച്ചായിരിക്കും. സാധാരണക്കാർക്ക് താങ്ങാനാവുന്നതാകുമോ ടിക്കറ്റ് നിരക്ക് എന്നതായിരുന്നു പ്രധാന ആശങ്ക. എന്നാൽ കേട്ടോളൂ, എ.സി ലോ ഫ്ലോർ ബസുകളിലേതിനെക്കാൾ കുറവാണ് മെട്രോയുടെ നിരക്കുകൾ. 17 രൂപ മിനിമം ചാർജായി ലോ ഫ്ലോറിൽ ഈടാക്കുമ്പോൾ 10 രൂപ മാത്രമാണ് മെട്രോയുടെ മിനിമം നിരക്ക്. ഇൗ തുകക്ക് ആദ്യ രണ്ട് കിലോമീറ്റർ വരെ സഞ്ചരിക്കാം. തുടർന്നുള്ള ഓരോ ‘ബൻഡ്’ കഴിയുമ്പോൾ നിരക്ക് വർധിക്കും. ആലുവ മുതൽ പാലാരിവട്ടംവരെ യാത്രചെയ്യാൻ 40 രൂപ നൽകണം. പാലാരിവട്ടംവരെയുള്ള 13 കി.മീറ്റർ നാലു ബൻഡുകളായാണ് തിരിച്ചിരിക്കുന്നത്. അഞ്ചു കി.മീറ്ററാകുമ്പോൾ നിരക്ക് 20 രൂപ ആകും. അഞ്ചു മുതൽ 10 കി.മീറ്ററിനുള്ളിൽ 30ഉം 10 മുതൽ 15 കി.മീറ്ററിനുള്ളിൽ 40ഉം രൂപയാണ് നിരക്ക്. അതായത് ആലുവയിൽനിന്ന് പുളിഞ്ചുവടുവരെ 10 രൂപയും മുട്ടംവരെ 20 രൂപയും പത്തടിപ്പാലംവരെ 30 രൂപയും പാലാരിവട്ടംവരെ 40 രൂപയും നൽകണം.
ടിക്കറ്റ് പലവിധം
മെട്രോയെ സംബന്ധിച്ച് നിരവധി സംശയങ്ങളുണ്ട് ജനങ്ങൾക്ക്. അതിലൊന്നാണ് ടിക്കറ്റെടുക്കുന്ന കാര്യം. സാധാരണ ട്രെയിനിൽ കയറുന്നതിനുമുമ്പ് റെയിൽേവ സ്റ്റേഷനിൽനിന്ന് ടിക്കറ്റെടുക്കുന്നതുപോലെയാണോ ഇവിടെയും? റെയിൽേവയിലേതുപോലെ സീസൺ ടിക്കറ്റും മുൻകൂട്ടി റിസർവേഷനും ഇവിടെയുമുണ്ടോ? എന്താണ് കാർഡ് വഴിയുള്ള ടിക്കറ്റ്? ഇങ്ങനെ നിരവധിയാണ് സംശയങ്ങൾ. അത് എന്തൊക്കെയാണെന്ന് വിശദമായി പരിശോധിക്കാം. ക്യു.ആർ കോഡ് ടിക്കറ്റ്, ആർ.എഫ്.ഐ.ഡി കാർഡ്, കൊച്ചി വൺ കാർഡ് എന്നിങ്ങനെ മൂന്നുതരം യാത്രാ കാർഡുകളാണ് കൊച്ചി മെട്രോ സ്റ്റേഷനുകളിൽ ലഭ്യമാകുക. യാത്രക്കാരുടെ തിരക്കുകൾക്കും സൗകര്യത്തിനും അനുസരിച്ച് ടിക്കറ്റുകൾ െതരഞ്ഞെടുക്കാമെന്നതാണ് ഇതിെൻറ പ്രത്യേകത.
ആർ.എഫ് െഎ.ഡി കാർഡ്
കൊച്ചിയിൽ ആകെയൊന്ന് കറങ്ങണം... ഇതിന് രണ്ടോ മൂന്നോ തവണ മെട്രോയെ ആശ്രയിക്കേണ്ടി വരും. ചിലപ്പോൾ ഒരാഴ്ചതന്നെ കൊച്ചിയിൽ തങ്ങേണ്ടിവരും... ഇങ്ങനെയുള്ളവർക്ക് ഏറ്റവും സൗകര്യപ്രദം ആർ.എഫ് ഐ.ഡി കാർഡുകളാകും. വിനോദ സഞ്ചാരികൾക്കും ഏറ്റവും ഉപകാരപ്പെടുക ഇൗ കാർഡാണ്. ഒരു ദിവസത്തേക്ക് കൊച്ചി കാണാനെത്തുന്നവർക്ക് ‘വൺ ഡേ പാസ്’ ആണ് ഏറ്റവും അനുയോജ്യം. ഈ പാസ് ഉണ്ടെങ്കിൽ ഒരാൾക്ക് ഒരു ദിവസം എത്ര പ്രാവശ്യം വേണമെങ്കിലും മെട്രോയിൽ യാത്ര ചെയ്യാം. ഇനി സംഘങ്ങളായാണ് കൊച്ചിയിലെത്തുന്നതെങ്കിൽ ‘ഗ്രൂപ്പ് ടിക്കറ്റു’കളും ലഭിക്കും. കൊച്ചിയിലെത്തി ഒരാഴ്ച മാത്രം തങ്ങാനുദ്ദേശിക്കുന്നവരെ ലക്ഷ്യമിട്ടുള്ളതാണ് ‘വൺ വീക്ക് ടിക്കറ്റ്’. നീണ്ട ക്യൂവിൽനിന്ന് സമയം പാഴാക്കേണ്ടതില്ല എന്നതാണ് ഇൗ കാർഡുകൾ ഉപയോഗിക്കുന്നതുകൊണ്ടുള്ള മേന്മ. മുഴുവൻ മെട്രോ സ്റ്റേഷനുകളിലും ആർ.എഫ് ഐ.ഡി കാർഡുകൾ ലഭ്യമാകും.
ക്യു.ആർ കോഡ് ടിക്കറ്റ്
നാട്ടിലൊരു മെട്രോ വന്നിട്ട് ഒന്ന് കയറാതെ എങ്ങനെയാ... എന്നുചിന്തിച്ച് കൊച്ചിയിലെത്തുന്നവർക്കും വല്ലപ്പോഴുമൊക്കെ ഒരു യാത്ര പ്ലാൻ ചെയ്യുന്നവർക്കും ടിക്കറ്റ് കൗണ്ടറുകളിൽനിന്ന് ലഭിക്കുക ക്യു.ആർ കോഡ് ടിക്കറ്റുകളാണ്. അതത് ദൂരത്തേക്കുള്ള ടിക്കറ്റിെൻറ പണം നൽകിയാൽ സ്റ്റേഷനുകളിലെ ടിക്കറ്റ് കൗണ്ടറുകളിൽനിന്ന് ഇവ ലഭിക്കും. ഇപ്പോൾ സർവിസ് ആരംഭിക്കുന്ന ആലുവ മുതൽ പാലാരിവട്ടംവരെയുള്ള 13.4 കി.മീറ്റർ ദൂരത്തിന് 40 രൂപ നൽകണം. രണ്ടാംഘട്ടത്തിൽ പാലാരിവട്ടം മുതൽ മഹാരാജാസ് കോളജ് ഗ്രൗണ്ട് വരെയുള്ള അഞ്ചു കി.മീറ്ററിലും മെട്രോ സർവിസ് തുടങ്ങും. ആലുവ മുതൽ മഹാരാജാസ് കോളജ് ഗ്രൗണ്ട് വരെ 50 രൂപയാകും ടിക്കറ്റ് നിരക്ക്. എല്ലാ മെട്രോ സ്റ്റേഷനുകളിലും ക്യു.ആർ കോഡ് ടിക്കറ്റുകൾ ലഭ്യമാകും. ഇവ കവാടത്തിലെ മെഷീനിൽ സ്വൈപ് ചെയ്താണ് സ്റ്റേഷനിലേക്ക് പ്രവേശിക്കുക. ടിക്കറ്റ് എടുത്ത് സ്റ്റേഷനിൽ പ്രവേശിച്ചാൽ 90 മിനിറ്റിനകം മറ്റൊരു സ്റ്റേഷനിൽ യാത്ര അവസാനിപ്പിച്ചിരിക്കണം. ഒരു സ്റ്റേഷനിൽനിന്ന് എടുക്കുന്ന ടിക്കറ്റ് ഉപയോഗിച്ച് അര മണിക്കൂറിനകം യാത്ര ചെയ്തില്ലെങ്കിൽ അസാധുവാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.