മെട്രോക്കുതിപ്പിന് വനിതാ സാരഥികളും
text_fieldsമെട്രോ പാതയിലൂടെ മണിക്കൂറില്‍ 80 കിലോമീറ്റര്‍ വേഗത്തില്‍ കുതിക്കുന്ന ട്രെയിനുകളെ നിയന്ത്രിക്കുന്ന സീറ്റിൽ ഇപ്പോള്‍ ഏഴ് സ്ത്രീകളുമുണ്ട്. കൊച്ചി മെട്രോ ട്രെയിന്‍ ഓടിക്കാന്‍ നിയമിച്ച 39 പേരിലാണ് എസ്.എസ്. ഗോപികയും വി.എസ്. വന്ദനയുമടക്കം ഏഴുപേർ ഇടം നേടിയത്. മുന്നിലെയും പിന്നിലെയും കാബിനിലായി ഒരു മെട്രോ ട്രെയിന്‍ നിയന്ത്രിക്കാന്‍ രണ്ട് പേരാണ് ഉണ്ടാവുക. തുടക്കത്തില്‍ ഡ്രൈവര്‍ ഉണ്ടായിരിക്കുമെങ്കിലും പിന്നീട് ഇല്ലാതെയാകും മെട്രോ ഓടുക. അതിനാല്‍ ട്രെയിന്‍ ഓപറേറ്റര്‍ കം സ്റ്റേഷന് കണ്‍ട്രോളര്‍ തസ്തികയിലാണ് ഇവരെ നിയമിച്ചിട്ടുള്ളത്. എന്‍ജിനിയറിങ് ഡിപ്ലോമയായിരുന്നു യോഗ്യത.
തെരഞ്ഞെടുത്തവര്‍ക്ക് 2016 മാര്‍ച്ച് മുതല്‍ മൂന്നുമാസം ബംഗളൂരുവില്‍ പരിശീലനം നല്‍കി. തുടര്‍ന്ന് കൊച്ചിയിലായിരുന്നു പരിശീലനം. മെട്രോപാതയില്‍ ഓടിക്കാനുള്ള അനുമതിക്കു മുമ്പായുള്ള കോംപിറ്റന്‍സി സര്‍ട്ടിഫിക്കറ്റിന് 400 കിലോമീറ്റര്‍ ട്രെയിന്‍ ഓടിക്കണം. ഇതുകൂടാതെ യാര്‍ഡില്‍ 40 കിലോമീറ്റര്‍ ഓടിക്കണം. രണ്ടും കൊച്ചി മെട്രോയുടെ സാങ്കേതിക വിദഗ്ധര്‍ ഉള്‍പ്പെട്ട പാനല്‍ പരിശോധിച്ചാണ് സര്‍ട്ടിഫിക്കറ്റ് നല്‍കുക. ഇവയുള്‍പ്പെടെ പരിശീലനത്തിെൻറ എല്ലാ കടമ്പകളും വിജയകരമായി പിന്നിട്ടാണ് ഗോപികയും വന്ദനയുമടക്കമുള്ളവര്‍ ഡ്രൈവിങ് സീറ്റില്‍ എത്തിയത്.
എല്ലാവരും മലയാളികളാണ്. കൊല്ലം സ്വദേശിനിയാണ് ഗോപിക. വന്ദന പെരുമ്പാവൂര്‍ സ്വദേശിനിയും. തൃശൂര്‍ സ്വദേശിനിയായ കെ.ജി. നിധി, ചേര്‍ത്തല സ്വദേശിനി അഞ്ജു അശോകന്‍, തിരുവനന്തപുരം സ്വദേശിനി ജെ.കെ. അഞ്ജു, കൊല്ലം സ്വദേശിനികളായ സി. ഹിമ, രമ്യ. ദാസ്, എന്നിവരാണ് മെട്രോയുടെ വനിത സാരഥികൾ. എട്ടുമണിക്കൂര്‍ ഷിഫ്റ്റ് അടിസ്ഥാനത്തിലാണ് ജോലി. പ്രത്യേക ലിവര്‍ ഉപയോഗിച്ചാണ് മെേട്രാ ട്രെയിനുകൾ നിയന്ത്രിക്കുന്നത്. തങ്ങൾ ജോലി ആസ്വദിച്ചാണ് ചെയ്യുന്നതെന്ന് ഗോപികയും വന്ദനയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.