കുഞ്ഞു പാത്തുവിന്റെ സങ്കടപ്പെരുന്നാള്
text_fields‘‘മൊയ്തീൻ കോയൻെറ കൂടെയുള്ള ആളുണ്ടോ...? മൊയ്തീൻ കോയ 38 വയസ്സ്.’’
തീവ്രപരിചരണ വിഭാഗത്തിലെ വാതിൽ പതുക്കെ തുറന്ന് രോഗികളുടെ കൂട്ടിരിപ്പുകാരെ നോക്കി ഞാൻ ഉറക്കെ വിളിച്ചുചോദിച്ചു.
മരുന്ന് മണക്കുന്ന ആ ഇടനാഴിയുടെ അങ്ങേയറ്റത്തെ ജനലിൽ ചാരി, കൈയിൽ തസ്ബീഹ് മാലയും പിടിച്ച്, പുറത്തേക്ക് നോക്കിനിന്ന ഒരു മെലിഞ്ഞ സ്ത്രീ പെട്ടെന്ന് ഓടിവന്നു.
‘‘മൊയ്തീൻ കോയെൻറ...?’’
‘ആഹ്.’
‘‘ഈ രക്തം എത്രയും പെട്ടെന്ന് ലാബിൽ കൊടുക്കണം. പിന്നെ ഈ മരുന്നും വാങ്ങണം.’’
ഇത്രയും പറഞ്ഞ്, രക്തസാമ്പിളും മരുന്ന് കുറിപ്പും കൊടുത്ത് ഞാൻ വാതിലടക്കാൻ തുനിഞ്ഞു.
പെട്ടെന്നൊരു തിളക്കം ഹൃദയത്തിലേക്ക് തറഞ്ഞതുപോലെ. ഞാൻ ഒന്നുകൂടെ നോക്കി.
പൂച്ചക്കണ്ണുള്ള ഒരു സുന്ദരി പെണ്ണ്!
അവളുടെ കുസൃതി മുഴുവൻ ആ കണ്ണിലെ തിളക്കത്തിലെഴുതി െവച്ചിട്ടുണ്ട്. ചുരുണ്ട മുടിക്കെട്ടിൽ ഒരു കുഞ്ഞു പൂമ്പാറ്റയുമുണ്ടായിരുന്നു.
‘‘ഹായ്... പൂമ്പാറ്റയൊക്കെയുണ്ടല്ലോ. എനിക്ക് തരാമോ?’’
നാണംകൊണ്ട് അവൾ ഉമ്മാൻെറ സാരിത്തുമ്പിലേക്ക് മെല്ലെ മറഞ്ഞുനിന്നു.
‘‘അല്ല, എന്താ ഈ സുന്ദരിക്കുട്ടീൻെറ പേര്?’’
‘‘ഫാത്തിമ.’’ അവളുടെ കവിളിൽ ഭംഗിയുള്ള രണ്ട് നുണക്കുഴികൾ വിരിഞ്ഞു.
‘‘ആഹാ... നീയും പാത്തുവാണോ? ഞാനും പാത്തുവാണ്.’’
മൊയ്തീൻ കോയയുടെ മകളായിരുന്നു അവൾ, ഫാത്തിമ എന്ന അഞ്ചു വയസ്സുകാരി.
പിന്നീടുള്ള ദിവസങ്ങൾ ഞങ്ങളുടേതായിരുന്നു. പെട്ടെന്നുതന്നെ രണ്ടു പാത്തുമാരും ഒരുപാട് അടുത്തു. നാണക്കാരി കുഞ്ഞിപ്പാത്തു എന്നെക്കാൾ വലിയ വായാടിയായി. കഥകൾ കേൾക്കാൻ ഒരുപാട് ഇഷ്ടമായിരുന്നു അവൾക്ക്. രാജകുമാരെൻറയും രാജകുമാരിയുടെയും കഥകളാണ് ഏറെയിഷ്ടം. വൈകുന്നേരങ്ങളിലെ ഒഴിവുനേരങ്ങളിലെല്ലാം ഞങ്ങൾ, ആശുപത്രി കോലായയിലെ ഒഴിഞ്ഞ കസേരകളിൽ ചെന്നിരുന്ന് വാതോരാതെ കഥകൾ പറയും.
ഒരു വൈകുന്നേരം നക്ഷത്രം തേടിപ്പോയ രാജകുമാരിയുടെ കഥ പറഞ്ഞുകൊണ്ടിരുന്നപ്പോൾ പെട്ടെന്ന് അവളുടെ കുസൃതിച്ചിരി മാഞ്ഞുപോയത് ഞാൻ ശ്രദ്ധിച്ചു.
‘‘എന്താ കാന്താരി പാത്തൂ ഒരു സങ്കടം?’’
ഒന്നുമില്ലായെന്ന് അവൾ മെല്ലെ തലയാട്ടി.
‘‘ഏയ്, എന്തോ ഉണ്ട്. പറ പാത്തൂസേ...’’
കുഞ്ഞു കണ്ണുകളിൽ കണ്ണുനീർ തിളങ്ങി.സങ്കടത്തോടെ അവളെന്നെ നോക്കി.
‘‘െൻറ ഉപ്പച്ചി നിക്ക് നക്ഷത്രങ്ങളെ കൊണ്ടോന്നെരാന്ന് പറഞ്ഞിട്ടുണ്ട്! ഇത്താത്ത, െൻറ ഉപ്പച്ചിക്ക് പെട്ടെന്ന് സുഖാവൂലേ..?’’
‘‘പിന്നേ. െൻറ പാത്തു പ്രാർഥിച്ചാ പടച്ചോൻ കേക്കാതിരിക്കോ? പേടിക്കണ്ടാട്ടോ. ഉപ്പച്ചിക്ക് വേഗം സുഖാവും.’’ ഞാനവളെ ചേർത്തിരുത്തി.
ഉള്ളിൽ എന്തോ കൊളുത്തിവലിച്ചതുപോലെ തോന്നി. വെൻറിലേറ്ററിൻെറ സഹായം കൊണ്ട് മാത്രം ശ്വാസം നിലനിർത്തി തീവ്രപരിചരണ വിഭാഗത്തിൽ മരണത്തോട് മല്ലിട്ട് കിടക്കുകയാണ് അവളുടെ പ്രിയപ്പെട്ട ഉപ്പച്ചി. ആ കുടുംബത്തിെൻറ ഏക പ്രതീക്ഷ!
കാഴ്ചയിലേക്ക് ഇരുട്ടിറങ്ങുന്ന ചിന്തകളിൽ ആഴ്ന്നുകൊണ്ടിരിക്കെ അവളെന്നെ മെല്ലെ തൊട്ട് വിളിച്ചു.
‘‘ഇത്താത്ത... സമയം എത്രയായി? െൻറ വാച്ച് കേടായി. എപ്പഴാ ബാങ്ക് കൊട്ക്കാ? ഒന്ന് പെട്ടെന്ന് കൊട്ക്കാൻ പറീട്ടോ. നിക്ക് വിശക്ക്ണ്ട്!’’
‘‘അഞ്ചുമണി കഴിഞ്ഞ്ക്ക്ണ്. അല്ല, ൻെറ കുട്ടി ഇന്ന് നോമ്പെടുത്ത്ക്ക്ണോ...?’’
‘‘പാത്തൂന് നോമ്പ്ണ്ട്. ഉമ്മച്ചി പറഞ്ഞല്ലോ ഞാൻ ഉപ്പച്ചിക്ക് വേണ്ടി നോമ്പ് നോറ്റാൽ ഉപ്പച്ചിക്ക് പെട്ടെന്ന് സുഖാവുംന്ന്...’’
‘‘െൻറ പാത്തു...’’ വാക്കുകൾ തൊണ്ടയിലെവിടോ കിടന്നു തേങ്ങി. കണ്ണിൽ നേർത്ത നനവു പടർന്നു.
അവളപ്പോൾ ഉപ്പച്ചി സമ്മാനിച്ച ബാർബിഡോളിൻെറ ചിത്രമുള്ള വാച്ചിലേക്ക് നോക്കി ഇരിക്കുകയായിരുന്നു. വിധിയുടെ സമയസൂചി താളംതെറ്റിയോടുന്നത് അവൾ അറിയുന്നുണ്ടായിരുന്നില്ല.
കുറെ നേരം ഞാൻ അവളെത്തന്നെ നോക്കിയങ്ങനെ ഇരുന്നു. ബാങ്ക് കൊടുക്കാറായപ്പോൾ അവളെ ഉമ്മാൻെറ അടുത്ത് കൊണ്ടാക്കി ഞാൻ ഡ്യൂട്ടി റൂമിലേക്ക് പോയി.
നോമ്പുതുറയും നമസ്കാരവും കഴിഞ്ഞ് റൂമിലെ കട്ടിലിൽ കണ്ണടച്ച് പതിയെ ചാരിയിരുന്നു. മനസ്സിെൻറ ചുമരിൽ നിറയെ പാത്തുവിൻെറ ചിത്രങ്ങൾ മിന്നിമറിഞ്ഞു കൊണ്ടിരുന്നു.
‘‘നിങ്ങൾക്ക് പെരുന്നാളായല്ലേ...? നാളെ ക്കൂടെയല്ലേ നോമ്പുള്ളൂ? പെരുന്നാൾ കോടിയൊക്കെ വാങ്ങിയോ?’’
സൂസൻ സിസ്റ്റർ ചോദിച്ചു.
‘‘മ്...’’ ഞാനൊന്ന് മൂളി നിർത്തി.
ക്ഷീണം കൊണ്ടാവണം ഞാനൊന്ന് മയങ്ങിപ്പോയി. പുലർച്ചെ രണ്ടുമണിക്ക് സിസ്റ്റർ വന്ന് തട്ടിവിളിച്ചപ്പോഴാണ് ഉണരുന്നത്.
‘‘ഐ.സി.യുവിൽ ഒരു എമർജൻസിയുണ്ട്. ഒന്ന് വേഗം വാ.’’
മുഖംപോലും കഴുകാതെ ഞാനും ഓടി.
വാതിലിനടുത്ത് കരഞ്ഞുകലങ്ങിയ കണ്ണുകൾ നട്ടുപിടിച്ച് പാത്തുവിെൻറ ഉമ്മ ഇരിക്കൂന്നു. അവരുടെ മടിയിൽ തലചായ്ച്ച് പാത്തു ഒന്നുമറിയാതെ ഏതോ നക്ഷത്രസ്വപ്നങ്ങളിൽ ഊഞ്ഞാലാടുകയായിരുന്നു!
ഐ.സി.യുവിനകത്ത് കയറിയ ഞാനൊന്ന് പകച്ചു. ഊഹിച്ചത് ശരിയായിരുന്നു. മൊയ്തീൻ കോയയുടെ അവസ്ഥ തീരെ മോശമായിരിക്കുന്നു. രക്തസമ്മർദം താഴ്ന്നിരിക്കുന്നു!
മരണത്തിൻെറ സൂചിമുനയിൽ ആ മനുഷ്യൻ പിടയുന്നതെനിക്ക് കാണാം.
ഞരമ്പുകളിൽ രക്തം വറ്റിയിരിക്കുന്നു. മോണിറ്ററിൽ ഹൃദയതാളം മാറിമറിഞ്ഞു കൊണ്ടിരുന്നു. മരുന്നുകൾക്കൊന്നും ശരീരം പ്രതികരിക്കുന്നില്ല. പെട്ടെന്ന് മോണിറ്ററിലെ അലാറം കരച്ചിൽ നിർത്തി!
ഞാൻ ഓടിച്ചെന്നു നോക്കി. ഒരു നേർരേഖയിൽ ഒരുപാട് സ്വപ്നങ്ങൾ ബാക്കിവെച്ച് പാത്തുവിൻെറ ഉപ്പച്ചി യാത്രയായിരിക്കുന്നു!
ഞാൻ പതിയെ വെൻറിലേറ്ററുമായി ബന്ധിപ്പിക്കുന്ന ട്യൂബ് ആ ശ്വാസനാളത്തിൽനിന്ന് ഊരിയെടുത്തു.
പെട്ടെന്ന് കണ്ണുകളിലേക്ക് ഇരുട്ട് കുത്തിത്തുളച്ചു കയറുന്നതുപോലെ തോന്നിയെനിക്ക്. ഞരമ്പുകളിൽ ക്രമാതീതമായി രക്തം കുതിച്ചുകയറി. പിന്നീട് അവിടെ നടന്നതെല്ലാം മരവിച്ച മനസ്സോടെ ഞാൻ നോക്കിനിൽക്കുക മാത്രം ചെയ്തു.
പുത്തൻ വെള്ളത്തുണിയിൽ പൊതിഞ്ഞ് പാത്തുവിെൻറ ഉപ്പയെ ആരെല്ലാമോ കൊണ്ടുപോയി. ആ ആംബുലൻസ് നോക്കിനിന്ന എെൻറ കാതിലെവിടെനിന്നോ സുബ്ഹ് ബാങ്ക് മുഴങ്ങി.
പെരുന്നാൾ അവധിയായിരുന്നു അന്ന്. വീട്ടിലേക്ക് അതിരാവിലെ തന്നെ പുറപ്പെട്ടു. പെരുന്നാൾ ഒരുക്കങ്ങളെല്ലാം നടക്കുന്നുണ്ടായിരുന്നു വീട്ടിൽ. ഉപ്പച്ചിയില്ലാത്ത പാത്തുവിൻെറ പെരുന്നാൾ! ചിന്തകളിലവൾ. പിന്തുടർന്ന് അവളെന്നെ വേദനിപ്പിച്ചുകൊണ്ടിരുന്നു.
റമദാനിലെ അവസാനത്തെ നോമ്പും തുറന്ന് പള്ളിയിൽനിന്നു ഉയരുന്ന തക്ബീറുകൾ കേട്ട് ഉമ്മാൻെറ മടിയിൽ ചുറ്റിപ്പിണഞ്ഞു കിടന്നപ്പോഴേക്കും ചുറ്റുമുള്ള വീടുകളിലെ കുരുന്നുകൾ മൈലാഞ്ചി ട്യൂബുമായി വന്നു. മൈലാഞ്ചിയിടലും അടുക്കളയുദ്ധവും കഴിഞ്ഞ് ബാൽക്കണിയിലെ ചാരുപടിയിൽ ചെന്നുകിടന്നു.
ആകാശത്ത് നക്ഷത്രങ്ങൾ പതിവിലേറെ സന്തോഷത്തിലായിരുന്നു.
പുഴക്ക് അക്കരെ മിനാരങ്ങളിൽനിന്ന് തക്ബീറുകൾ മുഴങ്ങിക്കൊണ്ടിരുന്നു. ഇടക്ക് എപ്പോഴോ ഉറക്കിലേക്ക് വഴുതിവീണു.
സ്വപ്നത്തിലേക്ക്, ഉപ്പച്ചി വാങ്ങിക്കൊടുത്ത പുതിയ ഉടുപ്പും കെട്ടിപ്പിടിച്ച് നക്ഷത്രങ്ങളെ നോക്കി തേങ്ങിക്കരയുന്ന പാത്തു വന്നു; ബാക്കിവെച്ച സ്വപ്നങ്ങളും പ്രതീക്ഷകളും പൂത്തുനിൽക്കുന്ന മൈലാഞ്ചിച്ചെടി കാവൽനിൽക്കുന്ന ഖബറിലെ അവളുടെ ഉപ്പച്ചിയും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.