Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightചക്കരപ്പാലിന്‍റെ...

ചക്കരപ്പാലിന്‍റെ മധുരമുള്ള പെരുന്നാൾ

text_fields
bookmark_border
ചക്കരപ്പാലിന്‍റെ മധുരമുള്ള പെരുന്നാൾ
cancel

ചാവക്കാടിനടുത്ത് ബ്ലാങ്ങാടാണ്​ എ​​​െൻറ ജന്മദേശം. ഒാർ​മ വെച്ച കാലത്ത് തന്നെ ഞാന്‍ ‘വല്ലാത്ത ഉമ്മ’യുടെ സംരക്ഷണയിലായിരുന്നു. പിതൃ സഹോദരിയെയാണ് ഞാൻ വല്ലാത്ത ഉമ്മയെന്ന് വിളിച്ചിരുന്നത്. ബാപ്പയെ നന്നെ ചെറുപ്പത്തില്‍ കണ്ടിട്ടില്ല. നാട്ടിൽ വരാതെ ദീർഘകാലം ബാപ്പ ഗൾഫിലായിരുന്നു. അതുകൊണ്ടുതന്നെ ഉമ്മ അവരുടെ വീട്ടിലായിരുന്നു. എനിക്ക്​ ഉപ്പയും ഉമ്മയും എല്ലാം ബീവാത്തു എന്ന വല്ലാത്ത ഉമ്മയായിരുന്നു.

വല്ലാത്ത ഉമ്മയ്​ക്ക്​ ഇടാൻ പറ്റിയ മറ്റൊരു പേരുണ്ടെങ്കിൽ അത്​  ‘സ്​നേഹം’ എന്നാണ്​. സ്വാർത്ഥത കലരാത്ത ജീവിതം. യുടെയും പര്യായമായിരുന്നു. എന്നെ മദ്രസയിലും സ്ക്കൂളിലും പറഞ്ഞയക്കുന്നത്​ വല്ലാത്ത ഉമ്മയായിരുന്നു. ദാരിദ്ര്യം നിറഞ്ഞ ഒരു ബാല്യ കാലം. വീട്ടു ചെലവുകള്‍ നടത്താൻ വല്ലാത്ത ഉമ്മ വല്ലാതെ കഷ്ടപ്പെട്ടിരുന്നു. എന്നിട്ടും ഞങ്ങളെ ഒന്നുമറിയിക്കാതെ വല്ലാത്ത ഉമ്മ വളർത്തി. ഞാൻ മാത്രമല്ല, മറ്റൊരു സഹോദരപുത്രനായിരുന്ന അസീസും വല്ലാത്ത ഉമ്മയുടെ സംരക്ഷണത്തിൽ ആയിരുന്നു.  

നോമ്പുകാലം ഒരിക്കലും മറക്കാനാകാത്ത സ്​നേഹക്കാലമായിരുന്നു. മദ്രസ പഠന കാലത്ത് നോമ്പു നോറ്റ് ഞങ്ങള്‍ സമീപ വീടുകളിലെ കുട്ടികൾക്കൊപ്പം കറങ്ങി നടക്കും. അഞ്ചു ​െപെസയും പത്തു ​െപെസയുമൊക്കെ ഞങ്ങള്‍ കുട്ടികള്‍ക്ക് സക്കാത്ത് കിട്ടും. ഉച്ച കഴിയുന്നതോടെ ഞങ്ങളുടെ നാട്ടിലെ മുന്തിരിക്കച്ചവടക്കാരനായ പരീക്കുട്ടിക്ക തലച്ചുമടുമായി വരും. അതില്‍ ആപ്പിളും മുന്തിരിയുമൊക്കെ ഉണ്ടായിരിക്കും. ചില്ലറകൾ പരീക്കുട്ടിക്കക്ക്​ കൊടുത്ത്​ അത് വാങ്ങി നേരെ പള്ളിയിലേക്കൊരോട്ടമാണ്​. നോമ്പു തുറക്ക് സമയമായിട്ടുണ്ടാവില്ലെങ്കിലും അവിടെ തന്നെ കൂടും. നോമ്പുതുറ കഴിഞ്ഞാല്‍ നേരെ വീട്ടിലേക്ക്. ചീരോക്കഞ്ഞിയും മീന്‍ കൂട്ടാനും എന്തൊരു രുചിയോടെയാണ് കഴിച്ചിട്ടുള്ളത്. പുലര്‍ച്ചെ അത്താഴത്തിന് വല്ലാത്ത ഉമ്മ വിളിച്ചുണർത്തും. വലിയ ഉത്സാഹമാണ് എഴുന്നേല്‍ക്കാൻ. ‘ചക്കരപ്പാൽ’ പിഴിഞ്ഞ് വല്ലാത്ത ഉമ്മ കരുതി വച്ചിട്ടുണ്ടാവും. ശര്‍ക്കരയും തേങ്ങാപ്പാലും ചെറു പഴവും ചേര്‍ത്തുണ്ടാക്കുന്നതിനെ ഞങ്ങളുടെ പ്രദേശത്ത് ചക്കരപ്പാലാണെന്നാണ് പറയുക. അതിന്‍റെ മാധുര്യം ഒരിക്കലും മനസ്സില്‍ നിന്ന് മായില്ല. അതിലുമേറെ വിഭവങ്ങൾ സമൃദ്ധമായി കഴിച്ചിട്ടുണ്ടെങ്കിലും അന്നത്തെ ആ രൂചി പിൽക്കാലത്ത്​ ഒന്നിലും ഞാൻ അനുഭവിച്ചിട്ടില്ല.

പെരുന്നാള്‍ അടുക്കുന്തോറ​ും സന്തോഷവും പെരുക്കും. പെരുന്നാളിനെക്കാൾ ഇഷ്​ടം പെരുന്നാൾരാവിനോടായിരുന്നു. നോമ്പ് പെരുന്നാളായതു കൊണ്ട് സക്കാത്തായി കിട്ടിയ നാലോ അഞ്ചോ രൂപ കൈയലുണ്ടാകും. ഒരു കോടീശ്വര​​​െൻറ ഭാവമാണപ്പോൾ. പെരുന്നാള്‍ രാവിന് സൈക്കിൾ  വാടകക്കെടുക്കും. അത് ചവിട്ടി ഉല്ലസിക്കലാണ് പ്രധാന പരിപാടി. ​െസെക്കിള്‍ വാടകക്കെടുക്കാന്‍ പാങ്ങില്ലാത്ത ചങ്ങാതിമാരുമുണ്ടായിരുന്നു കൂട്ടത്തിൽ. ‘സമ്പന്നരായ’ ഞങ്ങൾ അവര്‍ക്കും സൈക്കിൾ ചവിട്ടാന്‍ കൊടുക്കും. രാത്രി നീണ്ടുനീണ്ടു പോകുന്നത്​ അറിയുകയേയില്ല. പള്ളിയില്‍ നിന്ന് തക്ബീര്‍ വിളിയും ഞങ്ങളുടെ ആരവവും ഒന്നുചേരുന്ന നിമിഷം. ചില പ്രായം ചെന്നവര്‍ ഞങ്ങളെ ശകാരിക്കും. അതൊന്നും ആരും കാര്യമാക്കിയിരുന്നില്ല. ചിരിയും ബഹളവും. എല്ലാം എന്തൊരു രസമായിരുന്നു. 

ഒരു പെരുന്നാള്‍ തലേന്ന് ഞാന്‍ വാടകക്കെടുത്ത സൈക്കിളി​​​െൻറ ട്യൂബ്​ പഞ്ചറായി. പ്രായമേറെ ചെന്ന ഒര​ു സൈക്കിളായിരുന്നു അത്​. പഞ്ചറായ സൈക്കിൾ ഉന്തിയുന്തി കടയില്‍ കൊണ്ടുചെല്ലുമ്പോള്‍ പേടിയായിരുന്നു. പക്ഷേ, കടയുടമ ഒന്നും പറഞ്ഞില്ല. പെരുന്നാളായതുകൊണ്ട്​ കരുണ കാണിച്ചതായിരിക്കണം. 

പെരുന്നാള്‍ ദിവസം പുതിയ കുപ്പായവും തുണിയും അണിയുക എന്നത് ഒരു വല്ലാത്ത അനുഭവമാണ്​. കഴുകി കഴുകി ഒരു പരുവമായ തുണിയും കുപ്പായവുമിട്ടാണല്ലോ സാധാരണ ദിവസങ്ങളില്‍ നമ്മൾ നടക്കുക. പുത്തനുടുപ്പ്​ കിട്ടണമെങ്കിൽ പെരുന്നാള് തന്നെ വരണം. പള്ളിയില്‍ പോയി തിരിച്ചു വരുമ്പോള്‍ വല്ലാത്ത ഉമ്മ ചോറും പോത്തിറച്ചി കറിയും മത്തങ്ങയും പയറും ചേര്‍ത്തുള്ള പച്ചക്കറിയുമായി കാത്തിരിക്കുന്നുണ്ടാകും. ചക്കരപ്പാലുമുണ്ടാകും..കൊല്ലങ്ങളേറെ കഴിഞ്ഞു. ചിട്ടവട്ടങ്ങളെല്ലാം മാറിയെങ്കിലും വല്ലാത്ത ഉമ്മയുടെ ചക്കരപ്പാലിന്‍റെ രുചി മറ്റൊന്നിനും പിന്നെ കിട്ടിയിട്ടില്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Eid special 2017
News Summary - kv abdul khadar mla eid
Next Story