'മഹ' കാറ്റിൽ വിറച്ച് ലക്ഷദ്വീപ് -VIDEO
text_fieldsകൊച്ചി: അറബിക്കടലിൽ രൂപം കൊണ്ട 'മഹ' ചുഴലിക്കാറ്റ് ലക്ഷദ്വീപിനെയും ഉലച്ചു. പ്രധാന ദ്വീപുകളിലെല്ലാം അതിശക് തമായ കാറ്റും മഴയുമാണ് അനുഭവപ്പെട്ടത്. ആളപായമില്ല. കടൽക്ഷോഭത്തെത്തുടർന്ന് എല്ലാ ദ്വീപുകളുടെയും തീരമേഖല കളിൽനിന്ന് ആളുകളെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി.
ബുധനാഴ്ച രാത്രി മുതലാണ് ചുഴലിക്കാറ്റ് ലക്ഷദ്വീപിനെ ബാധിച്ചത്. കൽപ്പേനി ദ്വീപിലായിരുന്നു തുടക്കം. രാവിലെ അേന്ത്രാത്ത് ദ്വീപ് കടന്ന് 11മണിയോടെ കവരത്തിയിലെത്തി. ഈ സമയം മണിക്കൂറിൽ 90 കി.മീ വരെ വേഗമുണ്ടായിരുന്നതായി ദ്വീപ്നിവാസികൾ പറയുന്നു. തുടർന്ന്, അമിനി, കടമത്ത് ദ്വീപുകൾ കടന്ന് വടക്കൻ ദ്വീപുകളായ കിൽത്താൻ, ചെത്ലാത്, ബിത്ര ദ്വീപുകളിലെത്തി. മഴ ഉച്ചയോടെ ശമിച്ചെങ്കിലും കാറ്റ് ശക്തമായി തുടർന്നു. വൈകീട്ടോടെയാണ് സാധാരണനിലയിലെത്തിയത്.
കിൽത്താനിൽ 250 പേരെ ക്യാമ്പുകളിലേക്ക് മാറ്റിയിട്ടുണ്ട്. കവരത്തി 47, ബിത്ര 61, ചെത്ലാത് 133, കൽപ്പേനി 80, കടമത്ത് 161, അമിനി 27 എന്നിങ്ങനെയാണ് മറ്റ് ദ്വീപുകളിൽ ക്യാമ്പുകളിലുള്ളവരുടെ എണ്ണം. 110 തെങ്ങുകൾ കടപുഴകി. മരം വീണ് പത്ത് വീടുകൾ ഭാഗികമായി തകർന്നു. ക്യാമ്പുകളിൽ ഭക്ഷണമടക്കം എല്ലാ സൗകര്യവും ഒരുക്കിയിട്ടുണ്ടെന്ന് ദുരന്തനിവാരണ വിഭാഗം അസി. ഡയറക്ടർ ടി.കെ. റഫീഖ് 'മാധ്യമ'ത്തോട് പറഞ്ഞു. വെള്ളിയാഴ്ച ലക്ഷദ്വീപ് പിറവിദിനമാണ്. ചടങ്ങുകൾ ലളിതമായി നടത്താനാണ് തീരുമാനം.
ദിവസങ്ങൾക്ക് മുേമ്പ മുന്നറിയിപ്പ് ഉണ്ടായിരുന്നതിനാൽ പരമാവധി ബോട്ടുകൾ കരക്കെത്തിക്കുകയും മത്സ്യത്തൊഴിലാളികൾ കടലിൽ പോകുന്നത് പൂർണമായും വിലക്കുകയും ചെയ്തിരുന്നു. വിദ്യാലയങ്ങൾക്ക് ബുധനാഴ്ച മുതൽ അവധിയാണ്. ബുധൻ, വ്യാഴം ദിവസങ്ങളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിരുന്ന ദ്വീപിൽ വെള്ളിയാഴ്ച ഓറഞ്ച് അലർട്ടാണ്. ലക്ഷദ്വീപിൽനിന്ന് കൊച്ചി, ബേപ്പൂർ, മംഗലാപുരം എന്നിവിടങ്ങളിലേക്കുള്ള കപ്പൽ സർവിസ് താൽക്കാലികമായി നിർത്തിവെച്ചു. ദ്വീപിൽനിന്ന് എത്തിയ കപ്പലുകൾ കൊച്ചിയിൽ തുടരുകയാണ്. കേരളം, തമിഴ്നാട് എന്നിവിടങ്ങളിൽനിന്നുള്ള ഒമ്പത് ബോട്ടുകളും 98 മത്സ്യത്തൊഴിലാളികളും ലക്ഷദ്വീപിലെ അഭയകേന്ദ്രങ്ങളിലുണ്ട്.
ലക്ഷദ്വീപിൽ ആഞ്ഞടിച്ച കൊടുങ്കാറ്റിൻെറ വിഡിയോ ദൃശ്യങ്ങൾ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.