മെട്രോമാന് ഒരു പൊന്തൂവല് കൂടി
text_fieldsകുറഞ്ഞ നാളുകൾക്കുള്ളിൽ കൂടിയവേഗത്തിൽ പണി പൂർത്തിയായ കൊച്ചി മെട്രോയുടെ നേട്ടംകണ്ട് രാജ്യം കൈയടിക്കുമ്പോൾ മെട്രോ നിർമാണത്തിെൻറ അമരക്കാരൻ മെട്രോമാൻ എന്നറിയപ്പെടുന്ന ഇ.ശ്രീധരന് ഇതൊന്നും അത്ര വലിയ കാര്യമല്ല. അതിെൻറ കാരണം അറിയണമെങ്കിൽ അൽപം പിന്നിലേക്ക് സഞ്ചരിക്കണം.
1964ൽ തമിഴ്നാടിനെയും രാമേശ്വരത്തെയും നിലംപരിശാക്കിയ ഒരു ചുഴലിക്കാറ്റടിച്ചു. രാമേശ്വരത്തെ പാമ്പൻപാലമെന്ന വിസ്മയം പാടെ തകർന്നു. ഒലിച്ചുപോയവയിൽ ഒരു തീവണ്ടിവരെയുണ്ടായിരുന്നു. രാജ്യം സ്തംഭിച്ചുനിന്ന നിമിഷങ്ങൾ. ആറു മാസംകൊണ്ട് പാലം പൂർവ സ്ഥിതിയിലാക്കാനുള്ള പദ്ധതിയെക്കുറിച്ച് സർക്കാർ ആലോചിച്ചു. ശ്രമകരമായ ആ ഉദ്യമത്തിന് സർക്കാർ കണ്ടെത്തിയത് 1956ൽ കാകിനഡ എൻജിനീയറിങ് കോളജിൽനിന്ന് ബിരുദമെടുത്ത് 1962ൽ റെയിൽേവയിൽ എൻജിനീയറായ ഒരു യുവാവിനെയാണ്. പിൽക്കാലത്ത് രാഷ്ട്രംകണ്ട നിർമിതികളുടെ ഊർജസ്രോതസ്സായി മാറിയ ഇ. ശ്രീധരൻ എന്ന പാലക്കാട്ടുകാരനായിരുന്നു അത്. മുങ്ങിക്കിടന്ന പില്ലറുകൾ മത്സ്യത്തൊഴിലാളികളുടെ സഹായത്തോടെ അദ്ദേഹം വീണ്ടെടുത്തു. ആറു മാസംകൊണ്ട് ചെയ്തുതീർക്കാൻ ഏൽപിച്ച ഉദ്യമം 45 ദിവസം കൊണ്ട് പൂർത്തിയാക്കി ശ്രീധരൻ നാടിന് സമർപ്പിച്ചു. രാജ്യത്തിെൻറ അഭിമാന സ്തംഭമായി പാമ്പൻപാലം ഇന്നും നിലകൊള്ളുന്നു.
പിന്നീട് ശ്രീധരനെ തേടിയെത്തിയത് കൊൽക്കത്ത മെട്രോയുടെ നിർമാണച്ചുമതലയാണ്. പറഞ്ഞ സമയത്തിനുള്ളിൽ പണി പൂർത്തീകരിച്ച് അദ്ദേഹം വീണ്ടും ശ്രദ്ധേയനായി. ഇതിനു പിന്നാലെയാണ് കൊങ്കൺ പാത നിർമാണം എന്ന മഹാദൗത്യം ശ്രീധരനെ തേടിവരുന്നത്. അര നൂറ്റാണ്ട് കൊണ്ടുപോലും പദ്ധതി പൂർത്തിയാവില്ലെന്ന് പലരും വാദിച്ചു. വരാനിരിക്കുന്ന പ്രതിഷേധങ്ങളെയും നിർമാണത്തിലെ വെല്ലുവിളികളെയും കുറിച്ച് ശ്രീധരന് വ്യക്തമായ ധാരണയുണ്ടായിരുന്നു. പ്രതിബന്ധങ്ങളെയെല്ലാം അദ്ദേഹം മുളയിലേ നുള്ളി. മുൻകൂർ നഷ്ടപരിഹാരം നൽകി സ്ഥലമേറ്റെടുക്കൽ വേഗത്തിലാക്കി. 1500ലധികം പാലങ്ങൾ, നൂറോളം വൻ തുരങ്കങ്ങൾ തുടങ്ങിയവയെല്ലാം വ്യത്യസ്ത ഷിഫ്റ്റുകളായി നിർമിച്ച് മുന്നോട്ടുനീങ്ങി. ഗതാഗതസൗകര്യം പോലുമില്ലാത്ത സ്ഥലങ്ങളായിരുന്നു ഭൂരിഭാഗവും. 1998 ജനുവരി 26ന് കൊങ്കൺ പാതയിലൂടെ തീവണ്ടി കൂകിപ്പാഞ്ഞപ്പോൾ ശ്രീധരെൻറ നിശ്ചയദാർഢ്യത്തിനു മുന്നിൽ രാജ്യം അമ്പരന്നു. ഏഷ്യയിലെ ഏറ്റവും വലിയ െറയിൽ പദ്ധതിയായി ഇത് പിൽക്കാലത്ത് അറിയപ്പെട്ടു. തുടർന്ന് ഡൽഹി മെട്രോയുടെയും അമരക്കാരനായ ശ്രീധരൻ നിശ്ചിത സമയത്തിനകം ജോലി തീർത്തു. പിന്നീടാണ് കൊച്ചി മെട്രോയുടെ നിയോഗം അദ്ദേഹത്തിലെത്തുന്നത്.
80െൻറ യുവത്വത്തിൽ ചരിത്രം സൃഷ്ടിച്ചാണ് ശ്രീധരൻ കൊച്ചിയുടെ ഹൃദയത്തിലൂടെ ആകാശസഞ്ചാരം യാഥാർഥ്യമാക്കിയത്. പ്രതിഷേധങ്ങൾക്കുള്ളിലെ അഗ്നിയെ അണയ്ക്കാനാകുമായിരുന്നില്ലെങ്കിൽ കൊങ്കൺ പാതയും പാമ്പൻപാലവും അദ്ദേഹത്തിെൻറ ൈകയൊപ്പ് പതിഞ്ഞ മറ്റു മെട്രോകളും ഇന്ത്യയിലുണ്ടാകുമായിരുന്നില്ല.
പാലക്കാട് ബി.ഇ.എം ഹൈസ്കൂളിലായിരുന്നു ആദ്യകാല പഠനം. സ്കൂൾ പഠനത്തിനുേശഷം ഗവ.വിക്ടോറിയ കോളജിൽനിന്ന് ബിരുദവും കാകിനഡ ഗവ.എൻജിനീയറിങ് കോളജിൽനിന്ന് എൻജിനീയറിങ് ബിരുദവും നേടി. കോഴിക്കോട് പോളിടെക്നിക്കിലെ കുറഞ്ഞ കാലത്തെ അധ്യാപക ജീവിതത്തിനുശേഷം ബോംബെ പോർട്ട് ട്രസ്റ്റിൽ അപ്രൻറിസ് ആയി. തുടർന്നാണ് ഇന്ത്യൻ റെയിൽേവയിൽ സർവിസ് എൻജിനീയറായത്. കൊച്ചി മെട്രോ റെയിലിെൻറ മുഖ്യ ഉപദേഷ്ടാവായ അദ്ദേഹത്തെ തേടി നിരവധി പുരസ്കാരങ്ങൾ എത്തി. 2001ൽ രാജ്യം പത്മശ്രീ നൽകി ആദരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.