സരിതയുടെ കത്തിൽ മുഖ്യമന്ത്രിയുടെ പേരില്ല; 13 വി.ഐ.പികളുടെ പേരുണ്ട് -അലക്സാണ്ടർ ജേക്കബ്
text_fieldsകൊച്ചി: സോളാർ കേസ് പ്രതി സരിത എസ്. നായരുടെ പക്കൽ നിന്ന് ലഭിച്ച കത്തിൽ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ പേരില്ലെന്ന് മുൻ ജയിൽ ഡി.ജി.പി ഡോ. അലക്സാണ്ടർ ജേക്കബ്. സോളാർ കമീഷന് മുന്നിലാണ് അലക്സാണ്ടർ ജേക്കബ് മൊഴി നൽകിയത്. 13 വി.ഐ.പികളുടെയും ഒരു പൊലീസ് ഉദ്യോഗസ്ഥൻെറയും പേര് കത്തിലുണ്ട്. എന്നാൽ ഇവരുടെ പേര് പുറത്തുപറയില്ല. സരിതയുടെ കത്ത് ജയിലിൽ സൂക്ഷിക്കുകയായിരുന്നു. കത്ത് പരിശോധിച്ച ജയിൽ വാർഡൻമാരാണ് തന്നോട് ഇക്കാര്യം പറഞ്ഞത്. ഇക്കാര്യം തന്നോട് പറഞ്ഞവരുടെ പേര് വെളിപ്പെടുത്തില്ലെന്നും അലക്സാണ്ടർ ജേക്കബ് പറഞ്ഞു.
അട്ടക്കുളങ്ങര ജയിലിൽ കഴിയവെ ആൾമാറാട്ടം നടത്തി ഒരാൾ സരിതയെ സന്ദർശിച്ചതായും അദ്ദേഹം പറഞ്ഞു. സുരക്ഷാ കാരണങ്ങൾ കൊണ്ടാണ് സരിതയെ പത്തനംതിട്ട ജയിലിൽ നിന്ന് അട്ടക്കുളങ്ങര ജയിലിലേക്ക് മാറ്റിയത്. സരിതയുടെ അമ്മ, അഭിഭാഷകൻ, ബന്ധു എന്നീ മൂന്നു പേരെ മാത്രമാണ് കാണാൻ അനുവദിച്ചിരുന്നത്. എന്നാൽ, സരിത ജയിൽ നിയമങ്ങൾ ലംഘിച്ചെന്നും അദ്ദേഹം മൊഴി നൽകി.
40 വയസ് പ്രായം തോന്നിക്കുന്ന ഒരാൾ സരിതയെ കാണാൻ ജയിലിൽ എത്തിയിരുന്നു. ഇയാൾ കുഞ്ഞമ്മയുടെ മകനാണെന്നാണ് സരിതയുടെ അമ്മ ജയിൽ സുപ്രണ്ട് നസീറ ബിവിയെ അറിയിച്ചത്. ജയിൽ അധികൃതർ ഇക്കാര്യം സരിതയോട് ചോദിച്ചപ്പോഴും ഇതായിരുന്നു മറുപടി. ഈ സാഹചര്യത്തിൽ ഫോണിൽ ബന്ധപ്പെട്ട സൂപ്രണ്ടിനോട് കാര്യങ്ങൾ തിരക്കിയ ശേഷം പ്രവേശം അനുവദിക്കാനാണ് താൻ പറഞ്ഞത്. എന്നാൽ, പിന്നീട് അന്വേഷിച്ചപ്പോൾ അത്തരത്തിലൊരു അഡ്രസുള്ള ബന്ധു ഉള്ളതായി കണ്ടെത്താൻ സാധിച്ചില്ല.
ഒരിക്കൽ വാഹനത്തിൽ ജയിലിലെത്തിയ ഒരു സംഘം ആളുകൾ സരിതയെ കാണണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഈ സാഹചര്യത്തിൽ ജയിൽ ഉദ്യോഗസ്ഥർ വാഹനം പരിശോധിച്ചപ്പോൾ അതിനുള്ളിൽ ആയുധങ്ങൾ കണ്ടെത്തി. തുടർന്ന് ഡി.ജി.പിയുമായി ജയിൽ ഉദ്യോഗസ്ഥർ ഫോൺ ബന്ധപ്പെട്ടതിനെ തുടർന്ന് സംഘം മടങ്ങുകയായിരുന്നു.
പരാതി എഴുതി നൽകാൻ സരിതക്ക് 21 ഷീറ്റ് പേപ്പറുകളാണ് നൽകിയത്. എന്നാൽ നാലെണ്ണത്തിൽ മാത്രമാണ് സരിത എഴുതിയത്. പെരുമ്പാവൂരിൽ കോടതിയിൽ ഹാജരാക്കിയ ശേഷം തിരികെ പത്തനംതിട്ട ജില്ലാ ജയിലിൽ എത്തിച്ചപ്പോൾ നടത്തിയ പരിശോധനയിൽ 21 പേപ്പറുകളിൽ തയാറാക്കിയ കത്ത് സരിതയുടെ കൈയ്യിൽ നിന്ന് പിടിച്ചെടുത്തിരുന്നു. ഈ കത്ത് പിന്നീട് അഭിഭാഷകൻ ഫെനി ബാലകൃഷ്ണന് കൈമാറി. ഈ രണ്ട് കത്തുകളിലെ വിശദാംശങ്ങൾ അറിയില്ലെന്നും അലക്സാണ്ടർ ജേക്കബ് മൊഴി നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.