വെട്ടിയെടുത്ത കൈകള്‍ക്ക് പകരം തരാം ഗിറ്റാറില്‍ ഒരു ശഹാന രാഗം
text_fieldsപറഞ്ഞ പണത്തിന് ക്വട്ടേഷനെടുത്തതനുസരിച്ച് 56 പേരുടെ കാലുവെട്ടി വഴിയിലിട്ടു. 47 പേരുടെ കൈയ്യും വെട്ടിയിട്ടുണ്ട്. ചോരകണ്ട ക്ഷീണം തീര്‍ക്കാന്‍, സ്വന്തമായി കോവളത്ത് തീര്‍ത്ത രഹസ്യ ക്ളബില്‍ മേശക്കടിച്ച് പാടിയ പാട്ടില്‍ ഒരു സംഗീതമുണ്ടെന്ന് രാജന് പറഞ്ഞുകൊടുത്തത് അയാളുടെ അടിവാങ്ങിയവര്‍ തന്നെയാണ്. അന്ന് താഴെയിട്ട ഒരു മീറ്റര്‍ നീളമുള്ള വടിവാളിനു പകരം സുഹൃത്തുക്കള്‍ നല്‍കിയ ഗിറ്റാറില്‍ ഉയര്‍ന്നത് മാനസാന്തരത്തിന്‍െറ ഈണമായ ശഹാന. അത് ഇപ്പോള്‍ മകളുടെ പേരാണ്. കലക്ക് മനുഷ്യനില്‍ എങ്ങനെ മാനവികത വളര്‍ത്താന്‍ കഴിയുമെന്നതിന്‍െറ ജീവിക്കുന്ന ഉദാഹരണമാണ് രാജന്‍.
കോവളത്തും ചെങ്കല്‍ചൂളയിലും ക്വട്ടേഷന്‍ സംഘത്തലവനായ രാജന്‍െറ നാല് ശിഷ്യന്മാര്‍ കണ്ണൂരില്‍ നടക്കുന്ന സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ മത്സരിക്കുന്നുണ്ട്. ഹയര്‍സെക്കന്‍ഡറി ലളിതഗാനത്തില്‍ ഒരു കുട്ടിയും സംഘഗാനത്തിലെ ഒരാളും വൃന്ദവാദ്യത്തിലെ രണ്ടുപേരുമാണ് രാജന്‍െറ ശിഷ്യന്മാര്‍. നേമത്തെ കള്ളച്ചാരായം വാറ്റുകാരനായിരുന്നു പിതാവെന്ന് രാജന്‍ പറഞ്ഞു.
വീട്ടില്‍ എന്നും പൊലീസത്തെും. ജീവിതത്തിന്‍െറ തലതിരിച്ചത് ഈ കയ്പുള്ള കാഴ്ചകളായിരുന്നു. സ്കൂളും കോളജും കഴിഞ്ഞ് ക്വട്ടേഷന്‍ കാലവും ഉപേക്ഷിച്ച് ‘വാള്‍ വിറ്റ് മണിവീണ’ വാങ്ങിയ രാജന്‍ സംഗീതം പഠിക്കാന്‍ തീരുമാനിച്ചു. അപ്പോഴേക്കും സംഗീത കോളജില്‍ ചേരാനുള്ള പ്രായം കഴിഞ്ഞിരുന്നു. അന്നത്തെ വിദ്യാഭ്യാസ മന്ത്രി ടി.എം. ജേക്കബ് ഇടപെട്ട് തിരുവനന്തപുരം സ്വാതിതിരുനാള്‍ കോളജില്‍ ഗാനഭൂഷണത്തിന് ചേരാന്‍ വയസ്സില്‍ ഇളവു നല്‍കി.
കരാട്ടേ പഠിച്ചതിന് കിട്ടിയ ‘ബ്രൗണ്‍ ബെല്‍റ്റ് ഗുണ്ട’യെന്ന പേര് യേശുദാസ് പഠിച്ചിറങ്ങിയ കോളജില്‍ നിന്നിറങ്ങുമ്പോള്‍ ‘ഗാനഭൂഷണം ഗുണ്ട’യായി മാറി. പഴയ എസ്.എഫ്.ഐക്കാരനായ രാജന്‍ കണ്ണൂരിലേക്ക് വണ്ടികയറി വിവാഹം ചെയ്ത് ഗിറ്റാറും പഠിപ്പിച്ച് നല്ലകുട്ടിയായി ജീവിക്കാന്‍ തുടങ്ങി. പേര് വീണ്ടും മാറി.
രാജന്‍ കണ്ണൂര്‍. ആളെ കൊല്ലുന്നുവെന്ന് മറ്റുള്ളവര്‍ പറയുന്ന നാട്ടില്‍ ഉറുമ്പിനെ പോലും നോവിക്കാതെ. ഇപ്പോഴും രാജന്‍ ‘വര്‍ക്കുകള്‍’ ഏറ്റെടുക്കുന്നുണ്ട്. അത് സംഗീതം പഠിപ്പിക്കാന്‍. അതിലുമുണ്ട് വൈചിത്ര്യം. കേരളത്തിലെ മൂന്ന് സെന്‍ട്രല്‍ ജയിലുകളില്‍ തടവുകാര്‍ക്ക് ശഹാന രാഗത്തില്‍ ഗിറ്റാറിന്‍ തന്ത്രികളില്‍ മാനസരാഗം പകര്‍ന്നു നല്‍കുന്നത് രാജനാണ്.
ഒരു രൂപ പോലും ജയിലധികൃതര്‍ പ്രതിഫലം നല്‍കുന്നില്ല എന്നത് രാജന്‍െറ സങ്കടമായി നിലനില്‍ക്കുന്നു. അങ്ങനെ ഏറ്റവും വലിയ ‘പ്രതി’യായ രാജന്‍ വഴി ഇരുന്നൂറിലേറെ പ്രതികള്‍ ഗിറ്റാര്‍ അഭ്യസിച്ചു. ഇതില്‍ തലശ്ശേരി ഇരട്ടക്കൊല കേസിലെ രണ്ടു പ്രതികളില്‍ ഒരാളും മയക്കുമരുന്നു കേസില്‍ പ്രതിയായ മറ്റൊരാളും സംഗീതാധ്യാപകരായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.