അറ്റമില്ലാത്ത ഗുരു നിര
text_fieldsകോവിഡ് എല്ലാവരെയും വീട്ടിലിരുത്തിയിരിക്കുന്നു. ഈ ഒഴിവ് സമയം വായനയിലൂടെ ഫലപ്രദമായി ഉപയോഗിക്കാനാണ് റമദാൻ ആവശ്യപ്പെടുന്നത്. വായിക്കാൻ ആവശ്യപ്പെട്ട് അവതീർണമായ ഗ്രന്ഥമാണല്ലോ വായനയെ ശ്രേഷ്ഠമാക്കിയത്.
മനുഷ്യനാണ് സൃഷ്ടികളിൽ ശ്രേഷ്ഠൻ. അറിവാണ് അവനെ അതുല്യനാക്കുന്നത്. ജീവിതത്തിന് തെളിച്ചമേകുന്ന വെളിച്ചമാണ് വിജ്ഞാനം. അത് മനസ്സിന് വികാസം നൽകുന്നു. ലോകത്ത് പ്രകാശം പരത്തുന്നു. ആർക്കും വഴിയറിയാൻ അതിെൻറ വെളിച്ചം അനിവാര്യമാണ്.
അറിവ് മാനവസമൂഹത്തിെൻറ പൊതുസ്വത്താണ്. ഓരോ തലമുറയും മുൻഗാമികളുടെ വിജ്ഞാനത്തിെൻറ വൻ ശേഖരത്തെയാണ് ആശ്രയിക്കുന്നത്. പുസ്തകങ്ങളാണ് അറിവിന്റെ അക്ഷയനിധി. അവയിലൂടെയാണ് പിൻഗാമികൾക്കത് പകർന്നുകിട്ടുന്നത്.
നല്ല പുസ്തകങ്ങൾക്ക് മരണമില്ല. അവ തലമുറകളിലൂടെ കൈമാറ്റം ചെയ്യപ്പെടുന്നു. മരണമടഞ്ഞ മനുഷ്യരെ കാണുക സാധ്യമല്ല. പക്ഷേ, അവരുടെ മനസ്സ് വായിച്ചറിയാൻ കഴിയും. നാം മഹദ് ഗ്രന്ഥങ്ങൾ വായിക്കുമ്പോൾ രചയിതാക്കളുടെ അദൃശ്യസാന്നിധ്യം അനുഭവിച്ചറിയുന്നു. അവർ നാമുമായി സംവദിക്കുന്നു. അവർ നമുക്ക് ശിക്ഷണം നൽകുന്നു. നേർവഴി കാണിച്ചുതരുന്നു. നമ്മുടെ ചിന്തകളെ പ്രബുദ്ധമാക്കുന്നു. ഉത്തമ ഗ്രന്ഥങ്ങൾ നമ്മെ മൺമറഞ്ഞ മഹാന്മാരുമായി ബന്ധിപ്പിക്കുന്നു. ചരിത്രത്തിലെ ഉജ്ജ്വലരായ ചിന്തകരുടെയും പ്രതിഭാശാലികളുടെയും പുണ്യവാളന്മാരുടെയും ആത്മഭാഷണം ശ്രവിക്കാൻ സാധിക്കുന്ന സൗഭാഗ്യവാന്മാരാണ് അവരുടെ ഗ്രന്ഥങ്ങളെ കൂട്ടുകാരായി സ്വീകരിച്ച് അവ പാരായണം ചെയ്യുന്നവർ. അവയിലൂടെ ലോകത്തിലെ ഏത് വിപ്ലവകാരിക്കും നമ്മുടെ അടുത്തേക്ക് കടന്നുവരാം. ഒരു ഭരണാധികാരിക്കും അവരെ തടഞ്ഞു നിർത്താനാവില്ല.
പുസ്തക പാരായണത്തിലൂടെ നാം ഗ്രന്ഥകർത്താവിെൻറ അനൗപചാരിക വിദ്യാർഥികളായി മാറുന്നു. അവർ നമ്മുടെ അധ്യാപകരുമായിത്തീരുന്നു. അതിനാൽ, ധാരാളമായി ഉത്തമഗ്രന്ഥങ്ങൾ വായിക്കുന്നവരുടെ ഗുരു നിരയിൽ മഹാന്മാരായ ചിന്തകന്മാരും വിപ്ലവകാരികളും പണ്ഡിതന്മാരും പരിഷ്കർത്താക്കളുമെല്ലാമുണ്ടായിരിക്കും. നൂറ്റാണ്ടുകളിലൂടെ കടന്നുപോയ കാലാതീതരായ മഹാന്മാരുടെ ശിഷ്യത്വം സ്വീകരിക്കാൻ സാധിക്കുന്ന സൗഭാഗ്യവാന്മാരാണ് നല്ല വായനശീലമുള്ളവർ വിജ്ഞാനദാഹികൾ. അവരുടെ ഗുരു നിരക്ക് അതിരുകളുണ്ടാവില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.