'ചെലവുകുടി' വീട്ടിലെ നോമ്പുതുറ
text_fieldsകുട്ടിക്കാലത്ത് ഇരുമ്പുഴിയിലെ ഉമ്മയുടെ വീട്ടിലും പിന്നീട് സ്വന്തം നാടായ തിരൂർക്കാടുമായിരുന്നു ഞാൻ താമസിച്ചിരുന്നത്. ഓത്തുപള്ളിക്കാലം കഴിഞ്ഞതോടെ ദർസ് പഠനത്തിലേക്ക് തിരിഞ്ഞു. ദർസ്ജീവിത കാലത്തെ നോമ്പോർമകൾ ഇന്നും മനസ്സിൽ മായാതെയുണ്ട്.
ഉപരിപഠനത്തിനു പോകുന്നതിനു മുമ്പ് വിവിധ സ്ഥലങ്ങളിലെ പള്ളിദർസുകളിൽ ഉസ്താദുമാർക്കു കീഴിലാണ് പഠനം. ദർസ്ജീവിത കാലത്ത് ആ നാട്ടിലെ ഏതെങ്കിലും വീട്ടിലായിരിക്കും ഭക്ഷണം ഉണ്ടാകുക. ‘ചെലവുകുടി’ എന്നാണ് ആ വീടിന് നാട്ടിൻപുറത്ത് പറയുക. ചെലവ് വീട്ടുകാർ അവിടെ ഭക്ഷണം കഴിക്കാനെത്തുന്ന മോല്യാരുട്ടിയെ വീട്ടിലെ സ്വന്തം അംഗത്തെ പോലെയാണ് പരിഗണിക്കുക. റമദാനിൽ ദർസിന് പൊതുവേ അവധിയായിരിക്കും. എന്നാൽ നോമ്പിലെ ഏതെങ്കിലുമൊരു ദിവസം മോല്യാരുട്ടിയെ നോമ്പുതുറപ്പിക്കാൻ വിളിക്കൽ ചെലവു വീട്ടുകാർക്ക് നിർബന്ധവുമായിരിക്കും. നാടിെൻറ അടുത്ത് ഓതുന്ന കാലത്ത് ഒരിക്കൽ അത്തരമൊരു നോമ്പുതുറക്ക് രണ്ടു കിലോമീറ്റർ നടന്നു നോമ്പുതുറക്കാൻ പോയതൊന്നും ഒരിക്കലും മറക്കാൻ കഴിയില്ല.
പുതിയാപ്പിള സൽക്കാരങ്ങളാണ് നോമ്പുകാലത്തെ മറ്റൊരു ഓർമ. നോമ്പിെൻറ രണ്ടാമത്തെ പത്തിലായിരിക്കും പുതിയാപ്പിള സൽക്കാരങ്ങൾ അധികവും. മറ്റു സൽക്കാരങ്ങൾ ഏതു ദിവസം നടത്തിയാലും പുതിയാപ്പിള സൽക്കാരങ്ങൾ രണ്ടാമത്തെ പത്തിൽ തന്നെ നടത്തണമെന്നത് നാട്ടുനടപ്പായിരുന്നു. പുതിയാപ്പിളയെ പ്രത്യേകം പരിഗണിക്കാൻ വേണ്ടിയായിരുന്നു അത്. ചെലവുവീട്ടിൽ പുതിയാപ്പിള സൽക്കാരം നടന്നാൽ മോല്യാരുട്ടിയെ അതിലേക്കാണ് ക്ഷണിക്കുക. നോമ്പു തുറക്കാൻ ചെന്നാൽ മടങ്ങിപ്പോരുമ്പോൾ വീട്ടുകാരൻ പെരുന്നാൾ പൈസ എന്ന പേരിൽ മോശമല്ലാത്ത തുകയും തരും. പുതിയാപ്പിളമാർക്കും പൈസ കൊടുക്കുന്ന സമ്പ്രദായം അക്കാലത്തുണ്ടായിരുന്നു.
പാരമ്പര്യമായി പള്ളിയുമായി ബന്ധപ്പെട്ടു ജീവിക്കുന്ന കുടുംബമായിരുന്നു ഞങ്ങളുടേത്. അതുകൊണ്ടുതന്നെ ഉപ്പയും വല്യുപ്പയും നാട്ടിലെ പള്ളിയിൽ സജീവ സാന്നിധ്യമായിരുന്നു. എെൻറ ചെറുപ്പ കാലത്ത് തിരൂർക്കാട് പള്ളിയിലെ മുഅദ്ദിനാണ് വല്യുപ്പ. നോമ്പായാൽ അദ്ദേഹത്തിന് പ്രത്യേക ഉണർവാണ്. പിതാവും അങ്ങനെയാണ്. കിതാബോതിത്തുടങ്ങിയ കാലംതൊട്ട്്, നോമ്പുകാലമായാൽ 20 റക്അത്ത് തറാവീഹിനുശേഷം പലപ്പോഴും എന്നെ പള്ളിയിൽ പ്രസംഗിപ്പിക്കും. വഅളിെൻറ കിതാബുകൾ അടിസ്ഥാനപ്പെടുത്തിയായിരുന്നു അന്ന് പ്രസംഗിച്ചിരുന്നത്.
നോമ്പിന് പരസ്പരം സൽക്കരിക്കാനും ആരാധനകൾക്കായി ഉത്സാഹിക്കാനും എല്ലാവർക്കും പ്രത്യേക മനസ്സായിരുന്നു. നോമ്പു സൽക്കാരത്തിെൻറ സുന്നത്ത് പരിഗണിച്ചായിരുന്നു അന്ന് അതെല്ലാം ചെയ്തിരുന്നത്. നോമ്പിന് ഖുർആൻ ഖത്തം തീർത്തോതുന്ന പതിവ് ആരും തെറ്റിക്കാറില്ലായിരുന്നു.
നോമ്പൊരുക്കത്തിെൻറ ഭാഗമായി വീടുകളിലും പള്ളിയിലും നടക്കുന്ന ശുചീകരണ പ്രവർത്തനങ്ങൾക്ക് ഞങ്ങളും പങ്കുകൊള്ളും. കുളത്തിൽ നിന്ന് വെള്ളം കോരിക്കൊണ്ടുവന്ന് പള്ളി ശുചീകരിക്കുന്നത് വലിയ ആവേശത്തോടെയാണ് കുട്ടികളായ ഞങ്ങൾ കണ്ടിരുന്നത്.
തയാറാക്കിയത്: ടി. അബ്ദുസ്സമദ് കരുവാരകുണ്ട്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.