വരുന്നു... മംഗലംകളിയും വട്ടക്കളിയും
text_fieldsഅടുത്ത കേരള സ്കൂള്‍ കലോത്സവത്തില്‍ ആദിവാസി കലാരൂപങ്ങളായ മംഗലംകളിയും വട്ടക്കളിയും ഉള്‍പ്പെടുത്തും. മാജിക്, പുള്ളുവന്‍ പാട്ട് എന്നിവ കൂടി ഉള്‍പ്പെടുത്തുന്ന കാര്യം സജീവ ചര്‍ച്ചയിലാണ്. വാദ്യമേള, ഗസല്‍ എന്നിവയുടെ നിയമാവലിയില്‍ മാറ്റം വരുത്തും. പരിഷ്കരിച്ച കലോത്സവ മാന്വല്‍ പ്രകാരമാണ് അടുത്തവര്‍ഷം മുതല്‍ സ്കൂള്‍ കലോത്സവം നടക്കുക.
വട്ടക്കളി
വയനാട്ടിലെ പണിയസമുദായത്തിന്‍െറ ആഘോഷങ്ങളിലെ പ്രധാന ചടങ്ങാണ് വട്ടക്കളി. ആണും പെണ്ണും ചേര്‍ന്ന് ആടിപ്പാടി അവതരിപ്പിക്കുന്ന പ്രാകൃത നൃത്തരൂപം. തുടിയും കുഴലുമാണ് പ്രധാന വാദ്യങ്ങള്‍. പ്രത്യേക വേഷം ധരിച്ച് മുഖത്ത് പുള്ളി കുത്തിയാണ് ഈ കളിയില്‍ പങ്കെടുക്കുക. അധ്വാനത്തിന്‍െറ മഹത്ത്വത്തെ വാഴ്ത്തിപ്പാടുന്ന പാട്ടുകളാണ് ഈ നൃത്തത്തില്‍ ഉപയോഗിക്കുക. ആദിവാസികള്‍ക്ക് സ്വന്തമായി കിടപ്പാടവും കൃഷിസ്ഥലവും ലഭിച്ചതോടെ വട്ടക്കളി വിളവെടുപ്പിന്‍െറ നൃത്തമായി മാറി.
മംഗലംകളി
ഗോത്രവര്‍ഗത്തില്‍പെട്ട മാവിലാന്‍ സമുദായക്കാരുടെ വിവാഹച്ചടങ്ങിന് ഒഴിച്ചുകൂടാനാവാത്ത നൃത്തമാണ് മംഗലംകളി. പഴയ പുടവ മുണ്ടുടുത്തും മാറില്‍ കുഞ്ചാട്ടം കെട്ടിയും സ്ത്രീകളും, മുട്ടിന് താഴെ വരെയുള്ള തെരുവ മുണ്ടും ചുമലില്‍ തോര്‍ത്തുമണിഞ്ഞ് പുരുഷന്മാരും മംഗലം കളിയില്‍ പങ്കെടുക്കുന്നു. തുടികൊട്ടിയും തുളുഭാഷയില്‍ പാട്ടുപാടിയുമാണ് നൃത്തം ചെയ്യുക. മംഗലംകളിക്ക് നേതൃത്വം നല്‍കുന്ന തലവനെ ‘പറോട്ടി’ എന്നാണ് വിളിക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.