നൈജറിനെ നിലംപരിശാക്കി സ്പെയിൻ (4-0)
text_fieldsകൊച്ചി: തുടക്കത്തിലൊന്ന് താഴ്ന്നുകൊടുത്തെങ്കിലും നൈജറിെൻറ വന്യമോഹങ്ങൾ വിഹരിക്കാൻ പിന്നീടൊരിക്കലും സ്പെയിൻ അനുവദിച്ചില്ല. ആദ്യഘട്ടത്തിലെ ആലസ്യത്തിനുശേഷം മൈതാനത്ത് അഴകുറ്റ പാസുകൾകൊണ്ട് മനോഹരചിത്രം വരച്ചുകാട്ടിയ സ്പെയിൻ ആഫ്രിക്കൻ വലയിലേക്ക് അടിച്ചുകയറ്റിയത് മറുപടിയില്ലാത്ത നാലു ഗോളുകൾ. ഗംഭീരജയത്തോടെ യൂറോപ്യൻ ചാമ്പ്യന്മാർ കൗമാര ലോകകപ്പിെൻറ പ്രീക്വാർട്ടർ പ്രതീക്ഷകൾ വർണാഭമാക്കി. രണ്ടു ഗോളുമായി ക്യാപ്റ്റൻ ആബേൽ റൂയിസ് ടീമിനെ മുന്നിൽനിന്ന് നയിച്ചപ്പോൾ ഒാരോ ഗോളുമായി സെസാർ ഗിലാബർട്ടും സെർജിയോ ഗോമസും മികച്ച പിന്തുണ നൽകി. മരണഗ്രൂപ്പിൽ മൂന്നു പോയൻറുള്ള സ്പെയിനിന് വെള്ളിയാഴ്ച വ.കൊറിയക്കെതിരായ മത്സരം ജയിച്ചാൽ അവസാന 16ലെത്താം.
അതിശയത്തുടക്കം
നിലനിൽപിെൻറ പോരാട്ടത്തിനായി സ്പെയിൻ അണിനിരത്തിയത് കരുത്തുറ്റ താരനിരയെത്തന്നെ. റയൽ മഡ്രിഡ് ^ബാഴ്സലോണ അക്കാദമിയിലെ എട്ടു പേരും ഒരുമിച്ച് േപ്ലയിങ് ഇലവനിൽ. പരിമിത സൗകര്യങ്ങളിൽ പന്തു തട്ടിപ്പഠിച്ച നൈജറിെൻറ കുട്ടികൾ പേക്ഷ, പകിട്ടും പത്രാസും കണ്ട് പേടിക്കാതെയാണ് പന്തിനൊപ്പം വെച്ചുപിടിച്ചത്. മുൻധാരണകൾ പാടെ തകർത്താണ് മത്സരത്തിൽ പന്തുരുണ്ടു തുടങ്ങിയത്. ടികിടാകയും ഫുട്ബാൾ പാരമ്പര്യവുമൊന്നും സ്പെയിനിെൻറ പാദസ്പർശങ്ങളിൽ പ്രതിഫലിക്കാതെപോയ ആദ്യ മിനിറ്റുകളിൽ നൈജറിെൻറ വന്യവീര്യം കാണികളുടെ കൈയടി നേടുകയായിരുന്നു. ഭീതിയോടെ കളിക്കുന്നുവെന്ന തോന്നലുളവാക്കിയ സ്പാനിഷ് നിരയിൽ പാസുകൾ നിരന്തരം പിഴക്കുന്നത് അതിശയക്കാഴ്ചയായി. ഡിഫൻസ് തീർത്തും പരിഭ്രാന്തിയിലും ആശയക്കുഴപ്പത്തിലുമായതോടെ ആദ്യ ഏഴു മിനിറ്റിനകം മൂന്നു കോർണകർ കിക്കുകളും സ്പെയിൻ വഴങ്ങി.
ഉശിരു വീണ്ടെടുത്ത് സ്പെയിൻ
പതിയെ സ്പെയിൻ താളം വീണ്ടെടുത്തു. പൊസഷൻ ഗെയിമിലൂന്നി കുറുകിയ പാസുകളുമായി പുൽത്തകിടിയിൽ സ്പെയിൻ കളം ഭരിക്കാൻ തുടങ്ങി. ബ്രസീലിനെതിരെ മങ്ങിയ ബാഴ്സലോണ താരം സെർജിയോ ഗോമസ് മധ്യനിരയിലും യുവാൻ മിറാൻഡ വിങ്ങിലും ചടുല ചലനങ്ങളുമായി ചരടുവലിച്ചപ്പോൾ നൈജർ വിയർത്തു. ഗോളി ഖാലിദ് ലവാലിയെ പരീക്ഷിച്ച തകർപ്പൻ ഷോട്ടിലൂടെ റൂയിസ് തന്നെയാണ് സ്പെയിനിനുവേണ്ടി ആക്രമണം തുടങ്ങിയത്. മനസ്സാന്നിധ്യം വീണ്ടെടുത്ത് സ്പെയിൻ പന്തിന്മേൽ മേധാവിത്വം നേടിയപ്പോൾ നൈജറിെൻറ നീക്കങ്ങൾ ഒറ്റപ്പെട്ട പ്രത്യാക്രമണങ്ങളിലൊതുങ്ങി. തുടക്കത്തിൽ പേടിച്ചുകളിച്ച സ്പെയിൻ എതിർവലയിലേക്ക് ആദ്യം ലോങ്ഷോട്ടുകളെയാണ് ആശ്രയിച്ചതെങ്കിൽ പിന്നീട് പാസുകൾ നെയ്ത് കയറിയെത്താൻ തുടങ്ങി. ജിബ്രീല ഇബ്രാഹിമും ഫാറൂഖ് ഇദ്രീസയും ചങ്കുറപ്പോടെ പ്രതിരോധം ചമച്ചെങ്കിലും 21ാം മിനിറ്റിൽ ഒത്തിണക്കത്തോടെ മുന്നേറി ‘ലാ റോജ’ അർഹിച്ച ലീഡിലേക്ക് വല കുലുക്കി. മധ്യനിരക്കിപ്പുറം നിന്ന് മുഹമ്മദ് മുഖ്ലിസാണ് ഗോളിലേക്കുള്ള നീക്കത്തിന് വിത്തുപാകിയത്. ഇടതു വിങ്ങിൽ സെർജിയോ ഗോമസിലൂടെയെത്തിയ പന്തുമായി കുതിച്ച മിറാൻഡ ബോക്സിന് തൊട്ടുപുറത്തുനിന്ന് സമാന്തരമായി നൽകിയ പാസ് മൂന്നു നൈജർ ഡിഫൻഡർമാരുടെ കാലുകൾക്കിടയിൽ. ഗോളി മാത്രം മുന്നിൽനിൽക്കെ, റൂയിസ് ഉടനടി പന്ത് വലയിലേക്ക് തള്ളി.
നില ഭദ്രമാക്കി ഗോൾവർഷം
ഗോൾ വഴങ്ങിയ നൈജർ പ്രത്യാക്രമണങ്ങൾ കനപ്പിച്ച് തിരിച്ചുവരാൻ ശ്രമിച്ചെങ്കിലും ഒന്നും ഫലപ്രദമായില്ല. ഇൗ നീക്കങ്ങൾക്ക് ഗാലറിയുടെ നിർലോഭമായ പിന്തുണയുമുണ്ടായിരുന്നെങ്കിലും മുന്നേറ്റങ്ങൾക്ക് മൂർച്ചയും ഏകോപനവും നന്നേ കുറവായിരുന്നു. പതിയെ പിടിമുറുക്കിയ സ്പെയിൻ ഇടവേളക്ക് തൊട്ടുമുമ്പ് ഇരട്ടപ്രഹരത്തിലൂടെ എല്ലാം ഭദ്രമാക്കി. 41ാം മിനിറ്റിൽ വലതു വിങ്ങിൽ ബോക്സിനരികിൽ നിന്നെടുത്ത ഫ്രീകിക്കാണ് റൂയിസിെൻറയും സ്പെയിനിെൻറയും രണ്ടാം ഗോളിന് വഴിയൊരുക്കിയത്. മിറാൻഡ കിക്കിൽ റൂയിസിെൻറ ഷോട്ട് റീബൗണ്ട് ചെയ്തപ്പോൾ, നായകൻ തുടർശ്രമത്തിലൂടെ വലകുലുക്കി.
ഇടവേളക്ക് വിസിൽ മുഴങ്ങാനിരിക്കെ നൈജറിെൻറ നെഞ്ചകം തകർത്ത് വീണ്ടും വെടിപൊട്ടി. റൂയിസിെൻറ ഹാട്രിക് പിറക്കേണ്ടിയിരുന്നിടത്ത് വല കുലുക്കാനുള്ള ഭാഗ്യം ഗിലാബർട്ടിനായിരുന്നുവെന്നു മാത്രം. റൂയിസിെൻറ പൊള്ളുന്ന ഷോട്ട് ലവാലി പറന്നുവീണ് തട്ടിയപ്പോൾ റീബൗണ്ടിൽ പന്തെടുത്ത ഗോമസിെൻറ അളന്നുമുറിച്ച ക്രോസ്. േക്ലാസ്റേഞ്ചിൽനിന്ന് ഗിലാബർട്ട് പന്തിനെ വെടിച്ചില്ലുകണെക്ക വലയുടെ മോന്തായത്തിലേക്ക് തള്ളി. ഇടവേളക്കുശേഷവും സ്പാനിഷ് അപ്രമാദിത്വം തുടർന്നു. മൂന്നു ഗോൾ ലീഡിെൻറ മാനസിക ബലത്തിൽ പരിശീലനത്തിലെന്നപോലെ പന്തുതട്ടിക്കളിക്കാനും അവർ സമയം കണ്ടെത്തിയപ്പോൾ നൈജർ കാഴ്ചക്കാരായി. 82ാം മിനിറ്റിൽ സെർജിയോ ഗോമസ് നാലാം ഗോളിലേക്ക് നിറയൊഴിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.