സുരേഷ് ഗോപിയെ സർക്കാർ വെട്ടയാടുന്നുവെന്ന് കെ. സുരേന്ദ്രൻ
text_fieldsതൃശൂർ: സുരേഷ് ഗോപിക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തിയത് പ്രധാനമന്ത്രിയുടെ സന്ദർശനത്തിന്റെ ശോഭകെടുത്താനാണെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. സുരേഷ്ഗോപിയെ സർക്കാർ വേട്ടയാടുകയാണെന്നും അദ്ദേഹം തൃശൂരിൽ പറഞ്ഞു. സുരേഷ് ഗോപിക്കെതിരെ അന്വേഷണം നടത്തിയ കോഴിക്കോട് പൊലീസിന് തെളിവുകളൊന്നും കണ്ടെത്താൻ സാധിച്ചിരുന്നില്ല.
എന്നാൽ, തിരുവനന്തപുരത്ത് രാഷ്ട്രീയ ഗൂഢാലോചന നടക്കുകയും അതിന് ശേഷം ജാമ്യമില്ലാ വകുപ്പ് ചുമത്താൻ തീരുമാനിക്കുകയും ചെയ്തു. തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് സുരേഷ് ഗോപിയെ ജനങ്ങളിൽ നിന്നും മാറ്റിനിർത്താനാണ് ശ്രമം നടക്കുന്നത്. ഇത്തരം വൃത്തികെട്ട രാഷ്ട്രീയം വിജയിക്കാൻ പോവുന്നില്ല. കരുവന്നൂർ സഹകരണ ബാങ്ക്, തൃശൂർ സഹകരണ ബാങ്ക് തട്ടിപ്പുകളിലെ പ്രതികളെ രക്ഷിക്കാൻ ശ്രമിക്കുന്ന പൊലീസാണ് സുരേഷ് ഗോപിയെ കുടുക്കാൻ നടക്കുന്നത്. ഇതൊന്നും തൃശൂരിൽ വിലപ്പോവില്ലെന്നും സുരേന്ദ്രൻ പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കുന്ന തൃശൂരിലെ മഹിളാസംഗമത്തിൽ കേരളത്തിലെ വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച മഹിളകൾ എത്തും. വനിതാസംവരണ ബിൽ പാസാക്കിയ പ്രധാനമന്ത്രിക്കുള്ള കേരളത്തിലെ വനിതകളുടെ ആദരവാകും തൃശൂരിൽ പ്രകടമാവുകയെന്നും പുതുതായി ബി.ജെ.പിയിൽ ചേരുന്നവരെ സ്വീകരിക്കുന്ന ചടങ്ങിൽ ബി.ജെ.പി അധ്യക്ഷൻ പറഞ്ഞു.
നരേന്ദ്രമോദിയുടെ സന്ദർശനത്തോടനുബന്ധിച്ച് നൂറകണക്കിന് ആളുകളാണ് ബി.ജെ.പിയിൽ ചേരുന്നത്. പത്തനംതിട്ടയിൽ നിരവധിപേരെ കേന്ദ്രമന്ത്രി വി.മുരളീധരൻ ഇന്ന് സ്വീകരിക്കുമെന്നും കെ. സുരേന്ദ്രൻ പറഞ്ഞു. തൃശൂർ ജില്ലാ ഓഫീസിൽ നടന്ന ചടങ്ങിൽ കേരള കോൺഗ്രസ് ജേക്കബ് വിഭാഗത്തിന്റെ ജില്ലാ സെക്രട്ടറി മനീഷ്കുമാർ ഉൾപ്പെടെ നിരവധി പേരെ കെ. സുരേന്ദ്രൻ സ്വീകരിച്ചു. ജില്ലാ പ്രസിഡന്റ് കെ.കെ അനീഷ് കുമാർ അധ്യക്ഷത വഹിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.