ഇന്ത്യൻ വിദ്യാർഥി ആസ്ട്രേലിയയിൽ കുത്തേറ്റ് മരിച്ചു
text_fieldsമെൽബൺ: 22 വയസുള്ള ഇന്ത്യൻ വിദ്യാർഥി ആസ്ട്രേലിയയിൽ കുത്തേറ്റു മരിച്ചു. ഏതാനും ഇന്ത്യൻ വിദ്യാർഥികളുമായുള്ള വാക്തർക്കത്തിനിടെയാണ് വിദ്യാർഥിക്ക് കുത്തേറ്റതെന്ന് കുട്ടിയുടെ ബന്ധു അവകാശപ്പെട്ടു. മെൽബണിൽ ശനിയാഴ്ച പ്രാദേശിക സമയം ഒമ്പത് മണിക്കാണ് സംഭവം. വാടകയുമായി ബന്ധപ്പെട്ട് ചില വിദ്യാർഥികൾ തമ്മിൽ തർക്കമുണ്ടായപ്പോൾ ഇടപെട്ടപ്പോഴാണ് നവ്ജീത് സന്ധുവിന് കുത്തേറ്റത്. മറ്റൊരു വിദ്യാർഥിക്ക് കൂടി സംഭവത്തിൽ പരിക്കേറ്റതായി കുട്ടിയുടെ ബന്ധു പറഞ്ഞു.
''കാറുണ്ടായിരുന്നതിനാൽ സുഹൃത്തിന്റെ അഭ്യർഥന പ്രകാരം വാടകവീട്ടിൽനിന്ന് സാധനങ്ങളെടുക്കാനാണ് നവജീത് സംഭവം നടന്ന സ്ഥലത്തെത്തിയത്. പുറത്ത് കാർ നിർത്തിയ ഉടൻ സുഹൃത്ത് വീട്ടിലേക്ക് കയറിപ്പോയി. കുറച്ചു കഴിഞ്ഞപ്പോൾ വീട്ടിൽ നിന്ന് വലിയ ബഹളം കേട്ടു. വീടിനുള്ളിലെത്തിയപ്പോഴാണ് വാടകയെ ചൊല്ലി ഏതാനും പേർ കലഹിക്കുന്നത് കണ്ടത്. ബഹളം വെക്കരുത് എന്ന് പറഞ്ഞ് നവജീത് ഇടപെടാൻ ശ്രമിച്ചപ്പോൾ കത്തികൊണ്ട് നെഞ്ചിൽ കുത്തേൽക്കുകയായിരുന്നു.''-നവ്ജീതിന്റെ ബന്ധു യഷ്വീർ പറഞ്ഞു.
ഞായറാഴ്ച രാവിലെയാണ് കുത്തേറ്റ് മരിച്ച വിവരം നവ്ജീതിന്റെ കുടുംബം അറിയുന്നത്. പരിക്കേറ്റ നവ്ജീതിന്റെ സുഹൃത്തിന്റെ ആരോഗ്യനില മെച്ചപ്പെട്ടു. സമർഥനായ വിദ്യാർഥിയായിരുന്നു നവ്ജീതെന്നും ജൂലൈയിൽ നാട്ടിലേക്ക് വരാനിരിക്കുകയായിരുന്നുവെന്നും ബന്ധു പറഞ്ഞു. ഹരിയാനയിലെ കർണാൽ ആണ് സ്വദേശം. കർഷകനാണ് നവ്ജീതിന്റെ പിതാവ്. ഒന്നരയേക്കർ സ്ഥലം വിറ്റാണ് നവ്ജീതിനെ പിതാവ് ഒന്നരവർഷം മുമ്പ് വിദേശത്ത് പഠിക്കാൻ അയച്ചത്. മൃതദേഹം നാട്ടിലെത്തിക്കാനായി കുടുംബം കേന്ദ്രസർക്കാരിന്റെ സഹായം തേടിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.