ഫോട്ടോ എടുക്കുന്നതിനിടെ തണുത്തുറഞ്ഞ തടാകത്തിൽ വീണ് മൂന്ന് ഇന്ത്യക്കാർ മരിച്ചു
text_fieldsവാഷിങ്ടൺ: അതിശൈത്യം രൂക്ഷമാവുന്ന യു.എസിലെ അരിസോണയിൽ തണുത്തുറഞ്ഞ തടാകത്തിൽ ഫോട്ടോ എടുക്കുന്നതിനിടെ മഞ്ഞുപാളികൾക്കിടയിൽ വീണ് മൂന്ന് ഇന്ത്യക്കാർക്കു ദാരുണാന്ത്യം.
അരിസോണയിലെ ചാൻഡലറിൽ താമസിക്കുന്ന ഇന്ത്യൻ വംശജരായ നാരായണ മുദ്ദാന (49), ഭാര്യ ഹരിത മുദ്ദാന, കുടുംബസുഹൃത്ത് ഗോകുൽ മെദിസെറ്റി (47) എന്നിവരാണു മരിച്ചത്. 26ന് ഉച്ചകഴിഞ്ഞ് 3.35ന് അരിസോണയിലെ കൊക്കോണിനോ കൗണ്ടിയിലെ വുഡ്‌സ് കാന്യോൺ തടാകത്തിലാണ് അപകടം.
ആറ് മുതിർന്നവരും അഞ്ച് കുട്ടികളും അടങ്ങിയ മൂന്ന് കുടുംബങ്ങൾ മഞ്ഞുവീഴ്ച ആസ്വദിക്കാൻ എത്തിയതായിരുന്നു. ചിത്രങ്ങൾ എടുക്കുന്നതിനിടെ മൂന്ന് പേർ മൈനസ് 30 ഡിഗ്രി തണുത്തുറഞ്ഞ വെള്ളത്തിലേക്ക് വീണു. ഹരിതയെ വെള്ളത്തിൽനിന്ന് കരയിലെത്തിച്ച് ജീവൻ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും മരിച്ചു. നാരായണ, ഗോകുൽ എന്നിവരെ മരിച്ച നിലയാണ് കണ്ടെത്തിയതെന്നും കൊക്കോണിനോ കൗണ്ടി പൊലീസ് വ്യക്തമാക്കി.
അതിശൈത്യത്തിൽ മരണം 60 കടന്നു
സൈക്ലോൺ ബോംബ് എന്ന ശീതക്കൊടുങ്കാറ്റിന്റെ ദുരിതത്തിലാണു യു.എസ്. ചിലയിടങ്ങളിൽ താപനില മൈനസ് അഞ്ച് ഡിഗ്രി സെൽഷ്യസിന് താഴെയാണ്. നാലുലക്ഷത്തോളം ആളുകളെ ബാധിച്ചു. 81,000 ത്തിലധികം ആളുകൾ ഇപ്പോഴും അഭയകേന്ദ്രങ്ങളിലാണ്. റോഡുകളും വീടിന്റെ വാതിലുകളും മഞ്ഞുമൂടി നിരവധിപേർ വാഹനങ്ങളിലും വീടുകളിലും കുടുങ്ങിക്കിടക്കുകയാണ്.
കാറുകൾ തോറും രക്ഷപ്പെട്ടവർക്കായി ഉദ്യോഗസ്ഥർ തിരയുകയാണ്. യു.എസിൽ 60ലധികം പേർ മരിച്ചെന്നാണു റിപ്പോർട്ട്. ന്യൂയോര്‍ക്കില്‍ ബഫല്ലോ നഗരത്തിൽ ഹിമപാതത്തില്‍ മരിച്ചവരുടെ എണ്ണം 30 ആയി. രക്ഷാപ്രവർത്തനവും തിരച്ചിലും തുടരുന്നതിനാൽ മരണസംഖ്യ ഇനിയും ഉയരാം.
മഞ്ഞുവീഴ്ചയെ തുടർന്ന് കൂടുതൽ ആളപായമുണ്ടായ ന്യൂയോർക്കിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്. ഇതുവരെ 20000ഓളവും ചൊവ്വാഴ്ച മാത്രം 4800ഉം ആഭ്യന്തര, അന്താരാഷ്ട്ര വിമാന സര്‍വിസുകള്‍ റദ്ദാക്കി. ആയിരക്കണക്കിന് യാത്രക്കാർ വിമാനത്താവളങ്ങളിൽ കുടുങ്ങിക്കിടക്കുകയാണ്. 18 ലക്ഷം പേരുടെ വൈദ്യുതിയും വിച്ഛേദിക്കപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.