യു.എസിൽ ഭക്ഷണപായ്ക്കറ്റുമായി താമസസ്ഥലത്തേക്ക് പോകവെ ഇന്ത്യൻ വിദ്യാർഥിയെ ആക്രമിച്ച് മുഖംമൂടി ധാരികൾ -വിഡിയോ
text_fieldsന്യൂയോർക്ക്: ചിക്കാഗോയിൽ ഇന്ത്യൻ വിദ്യാർഥിക്കു നേരെ ക്രൂരമായ ആക്രമണം. സയ്യിദ് മസാഹിർ അലിയാണ് ക്രൂരമായി ആക്രമിക്കപ്പെട്ടത്. മസാഹിർ റോഡിലൂടെ നടന്നുപോകുമ്പോൾ മുഖംമൂടി ധരിച്ച നാലുപേർ പിന്തുടർന്ന് ആക്രമിക്കുകയായിരുന്നു. അക്രമികൾ ഇദ്ദേഹത്തിന്റെ മൂക്കിടിച്ച് തകർത്തു. സംഭവത്തിന്റെ വിഡിയോ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ''ഭക്ഷണപായ്ക്കറ്റുമായി താമസസ്ഥലത്തേക്ക് വരുമ്പോഴാണ് നാലംഗസംഘം ആക്രമിച്ചത്. മൂക്കിനിടിച്ച ആക്രമികൾ മുസാഫിറിന്റെ ഫോൺ തട്ടിപ്പറിക്കുകയും ചെയ്തു.''-എന്നാണ് സഹായമഭ്യർഥിച്ചുള്ള വിഡിയോയിൽ മസാഫിർ പറയുന്നത്. മസാഫിറിന്റെ മുഖത്തുകൂടി രക്തമൊഴുകുന്നതിന്റെ ദൃശ്യങ്ങളുണ്ട്.
ഇന്ത്യാന വെസ്‍ലയൻ യൂനിവേഴ്സിറ്റിയിലെ ഐ.ടി മാസ്റ്റേഴ്സ് വിദ്യാർഥിയാണ് മസാഹിർ. ഹൈദരാബാദ് സ്വദേശിയായ മസാഹിറിന്റെ ഭാര്യ റുഖിയ്യ ഫാത്തിമ റസ്‍വി വിദേശകാര്യമന്ത്രാലയത്തിന്റെ സഹായം തേടിയിട്ടുണ്ട്. മസാഹിറിന് വിദഗ്ധ ചികിത്സ ലഭ്യമാക്കാൻ അടിയന്തരമായി ഇടപെടണമെന്നാണ് റുഖിയ്യ വിദേശകാര്യമന്ത്രി എസ്.ജയ്ശങ്കറിനോട് ആവശ്യപ്പെട്ടത്. മൂന്നു കൊച്ചുകുട്ടികൾക്കും തനിക്കും യു.എസിലേക്ക് പോകാനുള്ള സഹായങ്ങൾ ഒരുക്കണമെന്നും അവർ കത്തിൽ അഭ്യർഥിച്ചിട്ടുണ്ട്. ഭർത്താവ് ആക്രമിക്കപ്പെട്ടതായി സുഹൃത്താണ് ഫോണിൽ വിവരമറിയിച്ചതെന്നും റുഖിയ്യ പറഞ്ഞു. അപാർട്മെന്റിലേക്ക് പോകവെ കാംഫൽ അവന്യൂയിൽ വെച്ചാണ് ആക്രമണമുണ്ടായത്. മസാഹിറിനെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഭർത്താവുമായി സംസാരിക്കാൻ ശ്രമിച്ചെങ്കിലും അദ്ദേഹം ആക്രമണത്തിന്റെ ആഘാതത്തിലായിരുന്നുവെന്നും തുടർന്നാണ് സഹായമഭ്യർഥിച്ച് കത്തെഴുതിയതെന്നും റുഖിയ്യ പറഞ്ഞു.
യു.എസിൽ ഇന്ത്യൻ വിദ്യാർഥികൾക്കു നേരെ ആക്രമണങ്ങൾ വർധിക്കുകയാണ്. കഴിഞ്ഞാഴ്ച ഒഹിയോയിൽ ശ്രേയസ് റെഡ്ഡി എന്ന വിദ്യാർഥിയെ മരിച്ചനിലയിൽ കണ്ടെത്തിയിരുന്നു. എന്നാൽ മരണകാരണം വ്യക്തമായിട്ടില്ല. ലിൻഡർ സ്കൂൾ ഓഫ് ബിസിനസിലെ വിദ്യാർഥിയായിരുന്നു റെഡ്ഡി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.