സഹപാഠി നൽകിയ പാനീയം കുടിച്ച 11കാരൻ മരിച്ചു; വൃക്കകളും ആന്തരികാവയവങ്ങളും തകർന്ന് ദാരുണാന്ത്യം
text_fieldsനാഗർകോവിൽ: ഓണാഘോഷത്തിനിടെ സഹപാഠികൾ നൽകിയ പാനീയം കുടിച്ച ആറാംക്ലാസുകാരൻ വൃക്കകളും ആന്തരികാവയവങ്ങളും തകർന്ന് മരിച്ചു. കളിയിക്കാവിള കൊല്ലങ്കോടിനു സമീപം അതംകോട് മായാകൃഷ്ണസ്വാമി സ്കൂൾ വിദ്യാർഥി കളിയിക്കാവിള മെതുകുമ്മൽ നുള്ളിക്കാട്ടിൽ സുനിലിന്റെയും സോഫിയയുടെയും മകൻ അശ്വിൻ (11) ആണ് ദാരുണമായി മരിച്ചത്.
സെപ്തംബർ 24ന് ആണ് അശ്വിന് സഹപാഠി പാനീയം നൽകിയത്. പരീക്ഷ എഴുതിയ ശേഷം ശുചിമുറിയിൽ പോയി മടങ്ങുമ്പോൾ ഒരു വിദ്യാർഥി തനിക്കു ശീതളപാനീയം നൽകിയെന്നാണു കുട്ടി വീട്ടിൽ അറിയിച്ചത്. രുചി വ്യത്യാസം തോന്നിയതിനാൽ കുറച്ചു മാത്രമേ കുടിച്ചുള്ളൂവെന്നും പറഞ്ഞിരുന്നു. പിറ്റേന്നു പനി ബാധിച്ചതിനെ തുടർന്ന് മാർത്താണ്ഡത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. രണ്ടുദിവസം കഴിഞ്ഞപ്പോൾ കടുത്ത വയറുവേദന, ഛർദി, ശ്വാസംമുട്ടൽ തുടങ്ങിയവ അനുഭവപ്പെടുകയും കുട്ടിയെ നെയ്യാറ്റിൻകരയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയുമായിരുന്നു. പരിശോധനയിൽ ആന്തരികാവയവങ്ങൾക്ക് പൊള്ളലേറ്റതായി കണ്ടെത്തി.
ഇതിനിടെ ബന്ധുക്കൾ നൽകിയ പരാതിയിൽ കളിയിക്കാവിള പൊലീസ് കേസെടുത്തിരുന്നു. വിദ്യാർഥി നൽകിയ ശീതളപാനീയത്തിൽ ആസിഡ് കലർന്നിരുന്നതായി പൊലീസ് അന്വേഷണത്തിൽ തെളിഞ്ഞു. ഇത് കുടിച്ച ശേഷം അശ്വിന്റെ ഇരുവൃക്കകളും പ്രവർത്തനരഹിതമായതോടെ ഡയാലിസിസ് നടത്തിവരികയായിരുന്നു. അന്നനാളം, കുടൽ തുടങ്ങിയ ആന്തരികാവയവങ്ങളിൽ പൊള്ളലേറ്റിട്ടുണ്ട്. അതേ സ്കൂളിലെ വിദ്യാർഥിയാണ് പാനീയം നൽകിയതെന്ന് ബന്ധുക്കൾ പറഞ്ഞു.
ശീതളപാനിയം നൽകിയ കുട്ടിയെ അറിയില്ല എന്നാണ് അശ്വിൻ അന്ന് പൊലീസിനോട് പറഞ്ഞത്. സംഭവത്തിൽ ജീവൻ അപകടത്തിലാക്കുക എന്ന ഉദ്ദേശ്യത്തോടെ വിഷപദാർഥം നൽകിയതിന് ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 328-ാം വകുപ്പ് പ്രകാരം കളിയിക്കാവിള പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു. സി.സി.ടി.വി. കേന്ദ്രീകരിച്ച് അന്വേഷണം നടക്കുന്നതായി പൊലീസ് അറിയിച്ചെങ്കിലും അന്വേഷണം മന്ദഗതിയിലാണെന്ന് രാജേഷ് കുമാർ എം.എൽ.എ ആരോപിച്ചിരുന്നു. മൃതദേഹം നാഗർകോവിൽ ആശാരിപള്ളം മെഡിക്കൽ കോളജിൽ എത്തിച്ച് പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് കൈമാറുമെന്ന് പൊലീസ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.