സ്വാതന്ത്ര്യസമര സേനാനി വൈലോപ്പിള്ളി ബാലകൃഷ്ണമേനോൻ അന്തരിച്ചു
text_fieldsകൊച്ചി: സ്വാതന്ത്ര്യസമര സേനാനിയും കിറ്റ്ഇന്ത്യ മൂവ്മെൻറ് പോരാളിയുമായ ഡോ. വൈലോപ്പിള്ളി ബാലകൃഷ്ണമേനോൻ (100) നിര്യാതനായി. കലൂർ ആസാദ് റോഡ് ചെറുപിള്ളി ലെയ്നില്‍ തെക്കേ ചെറുപിള്ളി വീട്ടിലായിരുന്നു അന്ത്യം.
കേന്ദ്ര സമുദ്ര മത്സ്യഗവേഷണ കേന്ദ്രത്തില്‍ സീനിയര്‍ സയൻറിസ്റ്റായിരുന്നു. ക്വിറ്റ്ഇന്ത്യ പ്രസ്ഥാനകാലത്താണ് ഇന്ത്യൻ ദേശീയ സമരത്തിെൻറ ഭാഗമായത്. ക്വിറ്റ്ഇന്ത്യ സമരത്തിൽ പങ്കെടുത്തതിെൻറ പേരിൽ പി.കെ. ബാലകൃഷ്ണനൊപ്പം എറണാകുളം മഹാരാജാസ് കോളജിൽനിന്ന് പുറത്താക്കുകയും പിന്നീട് ജയിലിലടക്കപ്പെടുകയും ചെയ്ത വിദ്യാർഥികളിലൊരാളാണ്.
വിയ്യൂർ ജയിലിൽ ആറുമാസത്തേക്കായിരുന്നു തടവ്. എന്നാൽ, രണ്ടുമാസം കഴിഞ്ഞപ്പോൾ വിട്ടു. മടങ്ങിയെത്തുമ്പോഴേക്കും കോളജിൽനിന്ന് രണ്ടുവർഷത്തേക്ക് ഡീബാർ ചെയ്തിരുന്നു. പിന്നീട് പഠനം പൂർത്തിയാക്കിയ ശേഷം അലഹബാദിൽ ബിരുദാനന്തര ബിരുദവും പിഎച്ച്.ഡിയും ചെയ്തു. ഫെലോഷിപ്പോടെ ഫ്രാൻസിൽ ഉപരിപഠനം.
തുടർന്ന് സി.എം.എഫ്.ആർ.ഐയിൽ സയൻറിസ്റ്റായി ഔദ്യോഗിക ജീവിതം. കവി വൈേലാപ്പിള്ളി ശ്രീധരമേനോെൻറ ബന്ധുവാണ്. ജവഹർലാൽ നെഹ്റുവും വി.കെ. കൃഷ്ണമേനോനുമടക്കമുള്ളവരുമായി സൗഹൃദമുണ്ടായിരുന്നു. 1921 ജൂൺ 21നായിരുന്നു ജനനം.
പരേതയായ സതീരത്നമാണ് ഭാര്യ. മക്കൾ: ശ്രീദേവി, ഗീത, ശിവരാം, അഡ്വ. ടി.സി. കൃഷ്ണ (സീനിയർ സെൻറർ ഗവ. കൗൺസിൽ). മരുമക്കൾ: ശശിധരൻ, വേണുഗോപാൽ, മഞ്ജുള, ഡോ. ബിന്ദു. ഔദ്യോഗിക ബഹുമതികളോടെ ചൊവ്വാഴ്ച 11.30ന് പച്ചാളം ശ്മശാനത്തിൽ സംസ്കരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.