'ആദാമിന്‍റെ മകൻ അബു'വിലെ കഥാപാത്രം ആബൂട്ടിക്ക നിര്യാതനായി
text_fieldsമട്ടന്നൂർ: ദേശീയ ചലച്ചിത്ര പുരസ്കാരം ലഭിച്ച 'ആദാമിന്‍റെ മകൻ അബു' സിനിമയ്‌ക്ക് പ്രേരണയായ കഥാപാത്രം അന്തരിച്ചു. മട്ടന്നൂർ പരിയാരം ഹസ്സൻ മുക്കിലെ ആബൂട്ടിക്ക എന്ന കെ.പി. ആബൂട്ടി (90) യാണ് ഞായറാഴ്‌ച രാവിലെ വിടവാങ്ങിയത്.
ആദാമിന്‍റെ മകന്‍ അബു എന്ന സിനിമയിലെ കേന്ദ്ര കഥാപത്രമായ അബുവിന് കെ.പി. ആബൂട്ടിക്കയുടെ രീതികളായിരുന്നു അവലംബിച്ചതെന്ന് സംവിധായകന്‍ സലീം അഹമദ് അനുസ്മരിച്ചു. 'കെ.പി. ആബൂട്ടിക്ക പരിയാരം ഹസ്സന്‍മുക്ക് ഇന്ന് കാലത്ത് മരണപെട്ടു. പണ്ട് പലോടുപള്ളിയിലും പരിസരങ്ങളിലും വഴിയോരത്ത് അത്തറുകളും യുനാനി മരുന്നുകളും മതഗ്രന്ഥങ്ങളും രാശിക്കല്ലുകളും വില്‍പ്പന നടത്തിയിരുന്ന ആബൂട്ടിക്കയുടെ രീതികളായിരുന്നു ആദാമിന്‍റെ മകന്‍ അബുവിലെ അബുവിന് പകര്‍ന്ന് നല്‍കിയത്. അല്ലാഹു ആ സാധു മനുഷ്യന് സ്വര്‍ഗം നല്‍കി അനുഗ്രഹിക്കട്ടെ' സലീം അഹമ്മദ് അനുസ്മരണക്കുറിപ്പിൽ എഴുതി.
അബുവായി സിനിമയിൽ വേഷമിട്ട സലിംകുമാർ മികച്ച നടനുള്ള പുരസ്കാരം നേടിയിരുന്നു. പുരസ്‌കാരം ലഭിച്ച ശേഷം സംവിധായകൻ സലീം അഹമദും നായകൻ സലിംകുമാറും ആബൂട്ടിയെ കാണാനെത്തിയിരുന്നു.
മികച്ച ചിത്രത്തിനുള്ള 2010ലെ ദേശീയ ചലച്ചിത്ര പുരസ്‌കാരവും സംസ്ഥാന ചലച്ചിത്ര പുരസ്‌കാരവും നേടിയ ചലച്ചിത്രമാണ് ആദാമിന്‍റെ മകന്‍ അബു. വൃദ്ധനായ അത്തർ കച്ചവടക്കാരനായ അബുവിന് സാമ്പത്തിക പരാധീനതകള്‍ക്കിടയിലും ഹജ്ജ് കര്‍മം നിര്‍വഹിക്കാനുള്ള മോഹവും അതിനെ തുടര്‍ന്നുണ്ടാവുന്ന സംഭവ വികാസങ്ങളുമായിരുന്നു ചിത്രത്തിന്‍റെ ഇതിവൃത്തം.
പാലോട്ടുപള്ളിയിലെ പരേതനായ മുഹമ്മദ് വലിയ മുസ്ലിയാരുടെ മകനാണ് ആബൂട്ടി. ഭാര്യ: സുബൈദ. മക്കൾ: ഷിഹാബ്, സുമയ്യ, റമീസ്, ഷമ്മാസ്. മരുമക്കൾ: മുനീർ, നഫീസ. സഹോദരങ്ങൾ: കെ.പി. മുഹമ്മദ് (വെള്ളരിക്കുണ്ട് ) , പരേതരായ അലിയാർ, നബീസു, കദീസു, മറിയം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.