കഴിഞ്ഞ മാസം റോഡപകടങ്ങളിൽ മലപ്പുറം ജില്ലയിൽ 36 മരണം: 5,120 കേസ്, 17 പേരുടെ ലൈസൻസ് റദ്ദാക്കാൻ ശിപാർശ
text_fieldsമലപ്പുറം: ജില്ലയിൽ കഴിഞ്ഞ മാസം 279 റോഡപകടങ്ങളിൽ മരിച്ചത് 36 പേർ. നടപടികൾ കർശനമാക്കി മോട്ടോർ വാഹന വകുപ്പ്. ഗുരുതര നിയമലംഘനം നടത്തിയ 17 പേരുടെ ലൈസൻസ് റദ്ദാക്കാൻ ശിപാർശ നൽകി. പരിശോധനയിൽ 5120 നിയമലംഘനങ്ങൾ കണ്ടെത്തി. 3,046 പേർക്കെതിരെ കേസടുത്തു.
ഹെൽമറ്റ് ധരിക്കാത്തവർ - 2314, മൊബൈൽ ഫോൺ ഉപയോഗിച്ച് വാഹനമോടിച്ചവർ - 25, ലൈസൻസ് ഇല്ലാതെ വാഹനം ഓടിച്ചത് - 116, ഇൻഷുറൻസ് ഇല്ലാത്തത് - 648, സൈലൻസറിൽ രൂപമാറ്റം വരുത്തിയത് - 84, മൂന്നുപേരെ കയറ്റിയുള്ള ഇരുചക്ര വാഹന യാത്ര - 150, ഫിറ്റ്നസ് ഇല്ലാത്ത വാഹനങ്ങൾ - 101, ടാക്സ് അടക്കാത്തത് - 115, രജിസ്ട്രേഷൻ നമ്പർ ഫാൻസി രൂപത്തിലാക്കിയത് - 71 തുടങ്ങിയ നിയമലംഘനങ്ങളാണ് കണ്ടെടുത്തത്.
ഇരുചക്ര വാഹനങ്ങളിൽ പിറകിൽ ഹെൽമറ്റ് ധരിക്കാതെ യാത്ര ചെയ്യുന്നവർക്കെതിരെയും കർശന നടപടി സ്വീകരിച്ചതായി മോട്ടോർ വാഹന വകുപ്പ് അറിയിച്ചു. 2022ൽ ജില്ലയിൽ നടന്ന വാഹനാപകടങ്ങളിൽ ഇരുചക്ര വാഹനത്തിൽ പിൻസീറ്റ് യാത്രക്കാരായ 50 ഓളം പേർ മരണപ്പെട്ടതായും ഇതിൽ തലക്ക് ഗുരുതര പരിക്കേറ്റവരാണ് ഭൂരിഭാഗമെന്നും അധികൃതർ വ്യക്തമാക്കി.
ആർ.ടി.ഒ സി.വി.എം. ഷരീഫിന്റെ നിർദേശാനുസരണം എം.വി.ഐമാരായ കെ. നിസാർ, ഡാനിയൽ ബേബി, കെ.എം. അസൈനാർ, ബിനോയ് കുമാർ, പ്രിൻസ് പീറ്റർ, അരുൺ എന്നിവരുടെ നേതൃത്വത്തിൽ മലപ്പുറം, നിലമ്പൂർ, പെരിന്തൽമണ്ണ, കൊണ്ടോട്ടി, തിരൂരങ്ങാടി, തിരൂർ, പൊന്നാനി, ഏറനാട്, മഞ്ചേരി എന്നിവിടങ്ങളിലെ ദേശീയ, സംസ്ഥാന പാതകൾ കേന്ദ്രീകരിച്ചാണ് രാപകൽ പരിശോധന നടത്തിയത്.
രക്ഷിതാക്കൾ ജാഗ്രത പുലർത്തണം -ആർ.ടി.ഒ
മലപ്പുറം: വിഷു, ഈസ്റ്റർ, പെരുന്നാൾ ആഘോഷങ്ങൾക്ക് മങ്ങലേൽക്കാതിരിക്കാൻ രക്ഷിതാക്കൾ ജാഗ്രത പുലർത്തണമെന്ന് ആർ.ടി.ഒ സി.വി.എം. ഷരീഫ്. ഇരുചക്ര വാഹന യാത്രക്കാർ ഹെൽമറ്റ് ധരിക്കണമെന്നും സ്വന്തം മക്കൾ അപകടത്തിൽപെടാതിരിക്കാനും കുട്ടിഡ്രൈവർമാർ മൂലം മറ്റുള്ളവർക്ക് അപകടം സംഭവിക്കാതിരിക്കാനും ലൈസൻസ് ഇല്ലാത്തവരുടെ കൈയിൽ വാഹനം കൊടുത്തുവിടരുതെന്നും അദ്ദേഹം പറഞ്ഞു. റോഡ് സുരക്ഷ നിയമങ്ങൾ ദൈനംദിന ജീവിതത്തിന്റെ ഭാഗമാക്കിയാൽ അപകടം കുറക്കാനാകുമെന്നും ആർ.ടി.ഒ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.