കാമറകളുണ്ട്, വരയുണ്ട്, സിഗ്നലുണ്ട്; അപകടങ്ങൾക്ക് ഒരു ബ്രേക്കുമില്ല
text_fieldsപന്തളം: എം.സി റോഡിൽ അപകടം പതിവാകുന്നു. കഴിഞ്ഞ രണ്ടുദിവസമായി ചെങ്ങന്നൂരിനും അടൂരിനും ഇടയിൽ നിരവധി ചെറുതും വലതുമായ അപകടങ്ങൾ റിപ്പോർട്ട് ചെയ്തു. മെഡിക്കൽ മിഷൻ ജങ്ഷന് സമീപം ചിത്ര ആശുപത്രിക്ക് മുൻവശത്ത് കഴിഞ്ഞ രാത്രിയിൽ പിക്അപ് വാൻ ഇടിച്ച് ബൈക്ക് യാത്രികനായ പുഴിക്കോട് സ്വദേശി ഉണ്ണികൃഷ്ണൻ (33) മരിച്ചിരുന്നു. തിരുവനന്തപുരം മുതൽ ചെങ്ങന്നൂർ വരെ 100 കിലോമീറ്ററിൽ അപകടങ്ങൾ കുറക്കാൻ ആദ്യമായി സേഫ് സോൺ പദ്ധതി നടപ്പാക്കിയിരുന്നു. വർധിച്ചുവരുന്ന അപകങ്ങൾ കുറക്കുക, സുഗമമായ യാത്ര സാധ്യമാക്കുക എന്നിവയായിരുന്നു ലക്ഷ്യം. എന്നാൽ, 2022 സെപ്റ്റംബർ പകുതി ആയപ്പോഴേക്കും അപകടങ്ങളുടെ എണ്ണം എടുത്താൽ കേരളത്തിലെ എണ്ണപ്പെട്ട സ്ഥലങ്ങളിൽ ഇടംപിടിക്കും ഏനാത്ത്, അടൂർ, പന്തളം ഭാഗങ്ങൾ. ഇതിൽ കൂടുതൽ അപകടങ്ങൾ നടന്നത് പന്തളം സ്റ്റേഷൻ പരിധിയിലാണ്. കുരമ്പാല, മെഡിക്കൽ മിഷൻ ജങ്ഷൻ, പന്തളം, കുളനട എന്നീ ഭാഗങ്ങളാണ് പ്രധാന അപകടമേഖല. കണക്കുകൾ പറയുമ്പോൾ 2018ൽ 18 അപകടമാണ് പന്തളത്ത് നടന്നത്. 2019 മുതൽ 2022 വരെ 94 അപകടമാണ് ഈ ഭാഗങ്ങളിൽ നടന്നത്.
റോഡ് നിയമങ്ങളിൽ പിന്നോട്ട്
റോഡ് നിയമങ്ങളും വേഗത നിയന്ത്രണങ്ങളും പല ഡ്രൈവർമാർക്കും അറിയില്ല എന്നത് അപകടങ്ങൾക്ക് പ്രധാന കാര്യമാണ്. വളവിലെ ഓവർടേക്കിങ്, വരകൾ മറികടക്കൽ, അശ്രദ്ധമായി വാഹനം തിരിക്കൽ തുടങ്ങി ഒട്ടേറെ പ്രശ്നങ്ങൾ കാരണമാകാറുണ്ട്. മറ്റൊരു പ്രധാനപ്രശ്നം ഡ്രൈവർമാർക്ക് വിശ്രമമില്ലാത്തതാണ്. ഇത് കാരണം ഡ്രൈവർമാർ ഉറങ്ങി വാഹനം നിയന്ത്രണംവിട്ട് അപകടത്തിൽപ്പെടുന്ന സാഹചര്യവും നിലവിലുണ്ട്.
ഇത്തരം പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടാൽ ഒരുപരിധിവരെ അപകടങ്ങളും അതുകാരണമുണ്ടാകുന്ന അത്യാഹിതങ്ങളും കുറയുമെന്ന വിലയിരുത്തലുമുണ്ട്. അമിതവേഗവും അശ്രദ്ധയുമാണ് ഇത്തരം അപകടങ്ങൾ വർധിക്കാൻ കാരണമെന്ന് പൊലീസും മോട്ടോർ വാഹനവകുപ്പും എപ്പോഴും ചൂണ്ടിക്കാട്ടുന്നതാണ്. വേഗത നിരീക്ഷിക്കാൻ കാമറകൾ, പൊലീസ്, മോട്ടോർ വാഹന വകുപ്പ് പരിശോധന ഇങ്ങനെ ഒട്ടേറെ സംവിധാനങ്ങൾ ഉണ്ടായിട്ടും എം.സി റോഡിലെ യാത്രയിൽ ജനം ആശങ്കയിലാണ്.
മെഡിക്കൽ മിഷൻ ജങ്ഷൻ സൂക്ഷിക്കണം
അപകടം നടക്കുന്ന പ്രധാന പ്രദേശങ്ങളിൽ ഒന്ന് മെഡിക്കൽ മിഷൻ ജങ്ഷനാണ്. കുരമ്പാല പുത്തൻകാവ് ദേവീക്ഷേത്ര റോഡിൽ മുൻവശത്തെ വളവാണ് പ്രധാന വില്ലൻ. വളവിൽ അൽപം വീതിയുള്ളതിനാൽ അടൂരിൽനിന്ന് ഈ ഭാഗത്തേക്കുവരുന്ന മിക്ക വാഹനങ്ങളും ഇവിടെ ഓവർടേക്ക് ചെയ്യുന്നത് പതിവാണ്. ഈ ദിശയിലെ റോഡ് അൽപം വലതുഭാഗത്തേക്ക് ചാഞ്ഞുകിടക്കുന്നതിനാൽ ഓവർടേക്ക് ചെയ്തുകഴിയുമ്പോൾ ഇടതുഭാഗത്തേക്ക് കയറാൻ സാധിക്കാതെ വരുന്നതായി നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു. അൽപം വേഗതകൂടിയായാൽ ഇത്തരം സാഹചര്യത്തിൽ അപകടം ഉറപ്പാണ്.
വേണം റോഡരികിൽ പൊലീസ് സാന്നിധ്യം
സംസ്ഥാന പാതയിൽ വാഹനാപകടങ്ങളും മരണവും കൂടുന്നത് സംബന്ധിച്ച് ട്രാൻസ്പോർട്ട് റിസർച്ച് ലബോറട്ടറി (ടി.ആർ.എൽ) നടത്തിയ പഠനത്തിൽ റോഡരികിലെ പൊലീസ് സാന്നിധ്യം അപകടങ്ങൾ കുറക്കാൻ സഹായിക്കുമെന്ന് കണ്ടെത്തിയിരുന്നു. ഇതിെൻറ അടിസ്ഥാനത്തിൽ എം.സി റോഡിൽ സ്റ്റേഷൻ തലത്തിൽ വാഹനങ്ങൾ നൽകിയിരുന്നു. ട്രാൻസ്പോർട്ട് റിസർച്ച് ലബോറട്ടറിയുടെ നേതൃത്വത്തിൽ പ്രത്യേക പരിശീലനം നൽകിയ ഉദ്യോഗസ്ഥരെയാണ് സംസ്ഥാന പാതയിൽ വാഹനങ്ങളിൽ ഡ്യൂട്ടിക്കായി നിയോഗിച്ചിരുന്നത്. മോട്ടോർ വെഹിക്കിൾ, പൊതുമരാമത്ത് തുടങ്ങിയ വകുപ്പുകളുടെ സഹകരണവും പദ്ധതിക്കുണ്ടെന്നാണ് പറഞ്ഞിരുന്നത്. എന്നാൽ, ഇതൊക്കെ നടപ്പാക്കിയെങ്കിലും അപകടത്തിന് ഒരു കുറവുമില്ലെന്ന് നാട്ടുകാർ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.