ബംഗളൂരു നൈസ് റോഡിൽ വാഹനാപകടം; മൂന്ന് മലയാളികൾ ഉൾപ്പെടെ നാലുപേർ മരിച്ചു
text_fieldsബംഗളൂരു: ബംഗളൂരു നൈസ് റോഡിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് മലയാളികൾ ഉൾപ്പെടെ നാലു പേർ മരിച്ചു. വെള്ളിയാഴ്ച രാത്രി 10.30 ഓടെ ഇലക്ട്രോണിക് സിറ്റിക്ക് സമീപമാണ് വൻ അപകടമുണ്ടായത്. രണ്ടു കണ്ടെയ്നർ ലോറികളും കാറുകളുമാണ് അപകടത്തിൽപ്പെട്ടത്. ഐ.ടി കമ്പനി ജീവനക്കാരാണ് മരിച്ചതെന്നാണ് വിവരം.
കൊച്ചി തമ്മനം ചന്ദ്രമതി ലൈനിൽ കെ. ശിൽപ (30), ബൊമ്മനഹള്ളിയിൽ താമസിക്കുന്ന കോഴിക്കോട് പറമ്പത്ത് തലക്കുളത്തൂർ റാഹത്ത് പിലാക്കിയിൽ റഹീമിന്റെ മകൻ ഫാദിൽ (24), കോഴിക്കോട് സ്വദേശി ആദർശ് എന്നിവരാണ് മരിച്ച മലയാളികൾ. മരിച്ച ഒരാളുടെ വിവരം ലഭ്യമായിട്ടില്ല.
കേരള രജിസ്ട്രേഷനിലുള്ള മാരുതി വാഗണർ കാറിന് പിന്നിൽ കണ്ടെയ്നർ ലോറി ഇടിക്കുകയായിരുന്നു. തുടർന്ന് ഈ കാർ മുന്നിലുണ്ടായിരുന്ന മഹീന്ദ്ര സ്കോർപ്പിയോയിലും ഇടിച്ചു. സ്കോർപ്പിയോ മുന്നിലുണ്ടായിരുന്ന കണ്ടെയ്നറിലും ഇടിച്ചു. രണ്ടു കാറുകളും മുന്നിലും പിന്നിലുമായുണ്ടായിരുന്ന കണ്ടെയ്നർ ലോറികൾക്കിടയിൽ പെട്ട് തകരുകയായിരുന്നു. കാറിലുണ്ടായിരുന്ന നാലു പേരും സംഭവ സ്ഥലത്തുതന്നെ മരിച്ചു.
നിരവധി പേർക്ക് ഗുരുതരമായ പരിക്കേറ്റിട്ടുണ്ട്. അപകടത്തിൽ കാറുകൾ പൂർണമായും തകർന്നു. പൊലീസും ഫയർഫോഴ്സും ചേർന്ന് രാത്രി വൈകിയും രക്ഷാപ്രവർത്തനം തുടർന്നു. ഇലക്ട്രോണിക് സിറ്റി ഭാഗത്തുനിന്നും മൈസൂരു റോഡ് ഭാഗത്തേക്ക് വേഗത്തിൽ എത്തിച്ചേരാൻ കഴിയുന്ന ടോൾ റോഡാണ് നൈസ് റോഡ്. ആൾ ഇന്ത്യ കെ.എം.സി.സി പ്രവർത്തകരുടെ സഹായത്തോടെ മൃതദേഹങ്ങൾ ആശുപത്രിയിലേക്ക് മാറ്റി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.