സ്വന്തംവീട് സഹോദരങ്ങളുടെ പഠനം... സ്വപ്‌നങ്ങള്‍ ബാക്കിയാക്കി ഇസ്മയില്‍ യാത്രയായി
text_fieldsചങ്ങനാശ്ശേരി: സ്വന്തംവീട് സഹോദരങ്ങളുടെ പഠനം, മാതാപിതാക്കളുടെ സംരക്ഷണം- സ്വപ്‌നങ്ങളേറെയായിരുന്നു ഇസ്മയിലിന്. അതിനായി കഷ്ടപ്പെടുന്നതിന് ഒരു മടിയുമില്ലായിരുന്നു. എന്നാല്‍, വിധിയൊരുക്കിയത് മറ്റൊന്നായിരുന്നു. എം.സി റോഡില്‍ മൂവാറ്റുപുഴ ഈസ്റ്റ് മാറാടി പള്ളിപ്പടിയില്‍വെച്ച് ബുധനാഴ്ച പുലര്‍ച്ച 3.30ന് ചങ്ങനാശ്ശേരി ആരമലക്കുന്ന് പുതുപ്പറമ്പില്‍ പി.എ. നജീബിന്‍റെ മകന്‍ മുഹമ്മദ് ഇസ്മയില്‍ ഓടിച്ചിരുന്ന കാറും നാഷനല്‍ പെര്‍മിറ്റ് ലോറിയും തമ്മില്‍ ഇടിച്ചുണ്ടായ അപകടം എല്ലാ സ്വപ്‌നങ്ങള്‍ക്കുമേലും കരിനിഴല്‍ വീഴ്ത്തി.
ചങ്ങനാശ്ശേരി നഗരസഭ മുന്‍ കൗണ്‍സിലറും സുഹൃത്തുമായ അനില്‍കുമാറുമൊത്ത് അനിലിന്‍റെ സഹോദരി ഭര്‍ത്താവായ ദാമോദരനെ എയര്‍പോര്‍ട്ടില്‍നിന്ന് കൂട്ടിക്കൊണ്ടുവരവെയാണ് അപകടം ഇസ്മയിലിന്‍റെ ജീവനെടുത്തത്. മാര്‍ച്ച് അവസാനത്തോടെ മള്‍ട്ടായിലേക്ക് പോകുന്നതിനുള്ള തയാറെടുപ്പിലായിരുന്നു ഇസ്മയില്‍. ജോലിക്ക് ആവശ്യമായ പേപ്പര്‍ ജോലികളും മറ്റും പൂര്‍ത്തീകരിച്ചു. ബി.കോം ബിരുദധാരിയായിരുന്നു. വിദേശത്ത് ജോലിക്കുപോകുന്നതിന് മുമ്പായി കുടുംബത്തെ സഹായിക്കാൻ സുഹൃത്തിന്‍റെ മൊബൈല്‍ കടയില്‍ ജോലി നോക്കിവരുകയായിരുന്നു.
വിപുലമായ സുഹൃത്ബന്ധത്തിനുടമയായിരുന്നു ഇസ്മയില്‍. ചങ്ങനാശ്ശേരി കാവാലം ബസാറിലെ മൊബൈല്‍ ഷോപ്പുകളില്‍ മൊബൈല്‍ വാങ്ങാനെത്തുന്നവരെ സ്വാധീനിച്ച് താന്‍ ജോലിചെയ്യുന്ന കടയിലേക്ക് എത്തിച്ച് വില്‍പന നടത്തുന്നതില്‍ ശ്രദ്ധാലുവായിരുന്നുവെന്ന് കട ഉടമയും സുഹൃത്തുകളും പറഞ്ഞു. വിദേശത്തെ ജോലിയെന്നത് ഇസ്മയിലിന്‍റെ വലിയ സ്വപ്നമായിരുന്നു. വാടകവീട്ടില്‍ കഴിഞ്ഞിരുന്ന കുടുംബത്തിന് സ്വന്തമായി കിടപ്പാടം എന്ന സ്വപ്‌നവും ബാക്കിയാക്കി നാടിനും വീടിനും സുഹൃത്തുക്കള്‍ക്കും തീരാദുഃഖമായിട്ടാണ് ഇസ്മയില്‍ യാത്രയായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.