കണ്ണൂരിൽ ആംമ്പുലൻസ് മരത്തിലിടിച്ച് മൂന്ന് മരണം; ഒരാള്‍ക്ക് പരിക്ക്
text_fieldsകണ്ണൂർ: ആംബുലന്‍സ് ആൽമരത്തിലിടിച്ചുണ്ടായ അപകടത്തില്‍ ദമ്പതികളടക്കം മൂന്നുപേര്‍ മരിച്ചു. കുടിയാന്മല സ്വദേശികളും ചുണ്ടപ്പറമ്പിലെ താമസക്കാരുമായ ബിജോ മൈക്കിൾ (45), ഭാര്യ റജിന (37), ആംബുലൻസ് ഡ്രൈവർ പയ്യാവൂർ വാതിൽമടയിലെ നിധിന്‍രാജ് (23) എന്നിവരാണ് മരിച്ചത്. ആംബുലൻസിലുണ്ടായിരുന്ന റജിനയുടെ സഹോദരൻ ബെന്നി സാരമായി പരിക്കേറ്റ് കണ്ണൂര്‍ ജില്ല ആശുപത്രിയിൽ ചികിത്സയിലാണ്. തിങ്കളാഴ്ച പുലർച്ച അഞ്ചോടെ മുണ്ടയാടാണ് അപകടം.
പനിയെ തുടർന്ന് പയ്യാവൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന ബിജോയെ വിദഗ്ധ ചികിത്സക്കായി കണ്ണൂരിലേക്ക് മാറ്റുന്നതിനിടെയാണ് അപകടം. റോഡ് നവീകരണ പ്രവൃത്തി നടക്കുന്ന മേഖലയിൽ എതിർവശത്തുനിന്നെത്തിയ വാഹനത്തിന് അരികുനൽകാൻ പെട്ടെന്ന് വാഹനം വെട്ടിച്ചതാണ് അപകടത്തിന് കാരണമെന്ന് കരുതുന്നു. കണ്ണൂരില്‍നിന്ന് ഫയര്‍ഫോഴ്സ് എത്തിയാണ് അപകടത്തില്‍പെട്ടവരെ പുറത്തെടുത്തത്.
കണ്ണൂര്‍ പയ്യാവൂര്‍ വാതില്‍മടയിലെ ആംബുലന്‍സാണ് അപകടത്തില്‍പെട്ടത്. മൂന്നുപേർ സംഭവസ്ഥലത്തുതന്നെ മരിച്ചു. കുടിയാന്മല പൊട്ടൻ പ്ലാവിലെ വെട്ടിക്കുഴിയിൽ മൈക്കിൾ-ഗ്രേസി ദമ്പതികളുടെ മകനാണ് മരിച്ച ബിജോ. കുടിയാന്മലയിലെ തോട്ടുങ്കരയിൽ ആൻറണി-ഫിലോമിന ദമ്പതികളുടെ മകളാണ് റജിന. മണിക്കടവ് സെൻറ് തോമസ് യു.പി സ്കൂൾ അധ്യാപികയാണ്.
മക്കൾ: എറിൻ തേരസ് ബിജോ, എവിൻ ബിജോ. വാതിൽമട ഭൂദാനം കോളനിയിലെ ഭൂദാൻ സേവാ സമിതിയുടെ ആംബുലൻസ് ഡ്രൈവറായ നിധിൻ രാജ് വാതിൽ മടയിലെ ഒറ്റേടത്ത് വിജയൻ-രാധാമണി ദമ്പതികളുടെ മകനാണ്. സഹോദരി: നിധിന. മൃതദേഹങ്ങൾ കണ്ണൂർ ജില്ല ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.