പ്ലസ് വൺ സീറ്റ് കിട്ടിയ സന്തോഷത്തിൽ മൂന്നാറിൽനിന്നെത്തി, പിന്നീടുള്ള യാത്ര മരണത്തിലേക്ക്
text_fieldsമേൽമുറി മുട്ടിപ്പടിയിലുണ്ടായ വാഹനാപകടത്തിൽ മരിച്ച ഫിദയുടെ മൃതദേഹം മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റുന്നു
മഞ്ചേരി: വിനോദയാത്ര കഴിഞ്ഞ് മൂന്നാറിൽ നിന്നും തിരിച്ചെത്തി പിന്നീടുള്ള യാത്ര മരണത്തിലേക്കായി. പെരുന്നാൾ ആഘോഷത്തിന്റെ ആവേശം മാറും മുമ്പ് കുടുംബത്തിലെ മൂവരെയും മരണം കവർന്നു.
മരിച്ച ഒളമതിലിലെ അഷ്റഫും ഭാര്യയും മകളും വ്യാഴാഴ്ച രാവിലെയാണ് മൂന്നാറിൽനിന്ന് തിരിച്ചെത്തിയത്. പെരുന്നാൾ ആഘോഷത്തിന് നിറം പകരാനാണ് പെരുന്നാൾ പിറ്റേന്ന് അഷ്റഫും ഭാര്യ സാജിദയും മൂന്ന് മക്കളും സാജിദയുടെ രണ്ട് സഹോദരിമാരും സഹോദരനും കുടുംബമായി മൂന്നാറിലേക്ക് യാത്ര തിരിച്ചത്. മൂത്ത മകൾ ഫഹ്മിദക്ക് വ്യാഴാഴ്ച അവസാന വർഷ ബിരുദ പരീക്ഷയുള്ളതിനാൽ യാത്രയിൽ പങ്കെടുക്കാനായില്ല. മൂന്നാറിലെ കാഴ്ചകൾ ആസ്വദിച്ച് കുടുംബം ബുധനാഴ്ച രാത്രിയാണ് മടങ്ങിയത്.
വഴിയിൽ വാഹനം തകരാറിലായതിനാൽ മറ്റൊരു വാഹനം സംഘടിപ്പിച്ച് വ്യാഴാഴ്ച രാവിലെയാണ് നാട്ടിലെത്തിയത്. അഷ്റഫിന്റെ ഭാര്യ വീടായ കുമ്മിണിപറമ്പിലേക്കാണ് സംഘം എത്തിയത്. ഇവിടെനിന്ന് ഭക്ഷണം കഴിച്ച് അഷ്റഫിന്റെ ഓട്ടോയിൽ ഒളമതിലിലെ വീട്ടിലേക്ക് മടങ്ങുമ്പോൾ ഭാര്യയുടെ സഹോദരിയും മക്കളും ഒപ്പമുണ്ടായിരുന്നു. ഇവരെ മുസ്ലിയാരങ്ങാടിയിലെ വീട്ടിലിറക്കി രാവിലെ 9.30നാണ് അഷ്റഫും കുടുംബവും ഒളമതിലിലെ വീട്ടിലെത്തിയത്.
വീട്ടിൽ എത്തിയ ഉടൻ ഫിദ നേരെ പോയത് സമീപത്തെ അക്ഷയ സെന്ററിലേക്കായിരുന്നു. പ്രവേശനവുമായി ബന്ധപ്പെട്ട രേഖകൾ ശരിയാക്കി 11ഓടെ വീട്ടിൽ തിരിച്ചെത്തി. പുതിയ സ്കൂളിൽ പ്രവേശനം നേടാൻ പിതാവിനൊപ്പം പോകാനായിരുന്നു ഫിദയുടെ തീരുമാനം. മലപ്പുറത്തേക്കുള്ള യാത്ര വീട്ടിലെ ഓട്ടോയിൽത്തന്നെ ആയതിനാൽ താനും പോരാമെന്ന് മാതാവും പറഞ്ഞതോടെ മൂവരും മലപ്പുറത്തേക്ക് തിരിച്ചു. വിനോദയാത്ര കഴിഞ്ഞ ക്ഷീണം കാരണം ഫൈഹയും അഷ്ഫഖും സ്കൂളിൽ പോയിരുന്നില്ല.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.