വാഹനാപകടത്തിൽ പരിക്കേറ്റ എ.എസ്.ഐ മരിച്ചു
text_fieldsഓയൂർ: ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന പൂയപ്പള്ളി പൊലീസ് സ്റ്റേഷനിലെ എ.എസ്.ഐ മരിച്ചു. വാളകം പൊലിക്കോട് രത്നവിലാസത്തിൽ ഗോപാലകൃഷ്ണപിള്ളയാണ് (48) മരിച്ചത്. ഞായറാഴ്ച വൈകുന്നേരം 3.15 ന് ചെപ്ര മത്തായിമുക്കിന് സമീപം സൊസൈറ്റിമുക്കിലായിരുന്നു അപകടം. പരാതി അന്വേഷിക്കാനായി പോയി സ്റ്റേഷനിലേക്ക് മടങ്ങും വഴി അമിത വേഗത്തിൽ പിന്നിൽനിന്ന് വന്ന ചെപ്ര പുള്ളാടിമുക്ക് സ്വദേശിയുടെ ബൈക്ക് ഇടിച്ച് തെറിപ്പിക്കുകയായിരുന്നു.
പരിക്കേറ്റ് അബോധാവസ്ഥയിൽ അരമണിക്കൂറോളം റോഡിൽ കിടന്ന എ.എസ്.ഐയെ നാട്ടുകാർ ഓട്ടോറിക്ഷയിൽ കയറ്റി ആശുപത്രിയിലേക്ക് കൊണ്ടുപോയി. കൊട്ടാരക്കര ആശുപത്രിയിലെത്തിച്ച് പ്രാഥമിക ശുശ്രൂഷ നൽകിയശേഷം തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെ തിങ്കളാഴ്ച പുലർച്ച രണ്ടരയോടെ മരിച്ചു.
അപകടത്തിന് കാരണമായ ബൈക്ക് നിർത്താതെ പോയി. പിന്നീട് ബൈക്ക് പൂയപ്പള്ളി പൊലീസ് കസ്റ്റഡിയിലെടുത്തു.
തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിനുശേഷം മൃതദേഹം പൂയപ്പള്ളി പൊലീസ് സ്റ്റേഷനിൽ പൊതുദർശനത്തിന് വെച്ചു. കൊല്ലം റൂറൽ എസ്.പി കെ.ബി. രവി, ഡിവൈ.എസ്.പി സുരേഷ് കുമാർ, വിവിധ സ്റ്റേഷനുകളിലെ സി.ഐമാരും എസ്.ഐമാരും അന്തിമോപചാരമർപ്പിച്ചു. മന്ത്രി കെ.എൻ. ബാലഗോപാൽ, രാഷ്ടീയ, സാംസ്കാരിക രംഗത്തെ പ്രമുഖരും അന്തിമോപചാരം അർപ്പിച്ചശേഷം വൈകുന്നേരം അഞ്ചോടെ മൃതദേഹം വീട്ടുവളപ്പിൽ ഔദ്യോഗിക ബഹുമതികളോടെ സംസ്കരിച്ചു. ഭാര്യ: മഞ്ജുള (അധ്യാപിക). മക്കൾ: അഭിനന്ദ്, അഭിദേവ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.