ബസിലേക്ക് കാർ പാഞ്ഞുകയറി ദമ്പതികൾ മരിച്ചു; മരുമകൾക്ക് ഗുരുതര പരിക്ക് - വിഡിയോ
text_fieldsഅഞ്ചൽ (കൊല്ലം): കൊട്ടാരക്കരക്ക് സമീപം പനവേലിയിൽ കാർ കെ.എസ്.ആർ.ടി.സി ബസിലേക്ക് പാഞ്ഞുകയറി ദമ്പതികൾക്ക് ദാരുണാന്ത്യം. മരുമകളെ ഗുരുതര പരിക്കുകളോടെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പന്തളം കടക്കാട് സ്വദേശികളായ െതക്കേതിൽ ഷെഫീർ മൻസിലിൽ കെ.എച്ച്. നാസറുദീൻ (63), ഭാര്യ സജീല (58) എന്നിവരാണ് മരിച്ചത്. മരുമകൾ സുമയ്യക്കാണ് ഗുരതര പരിക്കേറ്റത്.
എം.സി റോഡിൽ പനവേലി ജങ്ഷനും കക്കാട് ജങ്ഷനും മധ്യേ വ്യാഴാഴ്ച ഉച്ചക്കുശേഷം രണ്ടരയോടെയാണ് അപകടം. കൊട്ടാരക്കരയിൽനിന്ന് വന്ന വാളകം സർക്കുലർ കെ.എസ്.ആർ.ടി.സി ഓർഡിനറി ബസിലേക്ക് കാർ പാഞ്ഞുകയറുകയായിരുന്നു. ഇതിെൻറ സി.സി.ടി.വി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു. മകൻ ഷെഫീഖ് ഖാനെ തിരുവനന്തപരും വിമാനത്താവളത്തിൽനിന്ന് ദുബൈയിലേക്ക് യാത്രയാക്കി മടങ്ങുകയായിരുന്നു ഇവർ. പനവേലിയിൽവെച്ച് അമിതവേഗതയിൽ കാർ ബസിലേക്ക് പാഞ്ഞുകയറുകയായിരുന്നു. അപകടത്തെത്തുടർന്ന് ഓടിക്കൂടിയ നാട്ടുകാരാണ് തകർന്ന കാറിൽനിന്ന് മൂവരേയും പുറത്തെടുത്തത്.
രണ്ടുപേർ സംഭവസ്ഥലത്തുതന്നെ മരിച്ചതായി രക്ഷാപ്രവർത്തനത്തിലേർപ്പെട്ടവർ പറഞ്ഞു. മൂവരെയും ഉടൻ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ഇടിയുടെ ആഘാതത്തിൽ ബസ് യാത്രക്കാർക്ക് നിസാര പരിക്കേറ്റു. ഇവർക്ക് കൊട്ടാരക്കര താലൂക്കാശുപത്രിയിൽ ചികിത്സ നൽകി.
ഡ്രൈവർ ഉറങ്ങിയതാവാം അപകട കാരണമെന്ന് പറയുന്നു. നാസറുദ്ദീനായിരുന്നു കാർ ഓടിച്ചിരുന്നത്. അപകടത്തെത്തുടർന്ന് അൽപനേരം ഇതുവഴി ഗതാഗതം തടസ്സപ്പെട്ടു. വാളകം എയ്ഡ് പൊലീസ് സ്റ്റേഷൻ, കെട്ടാരക്കര പൊലീസ് സ്റ്റേഷൻ എന്നിവിടങ്ങളിൽനിന്നും പൊലീസും ഫയർഫോഴ്സുമെത്തിയാണ് രക്ഷാപ്രവർത്തനം നടത്തിയത്. മറ്റു മക്കൾ: ഷെഫീന, ഷെഫീൻ (സൗദി). മരുമകൻ: അൽത്താഫ് (എസ്.ഐ, പൂജപ്പുര).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.