സ്കൂട്ടർ ബസ്സിലിടിച്ച് അച്ഛനും അഞ്ചുവയസ്സുള്ള മകനും മരിച്ചു; ഭാര്യക്ക് ഗുരുതരം
text_fieldsകഴക്കൂട്ടം: സ്കൂട്ടർ ബസ്സിലിടിച്ച് അച്ഛനും അഞ്ചുവയസ്സുകാരനായ മകനും മരിച്ചു. സ്കൂട്ടർ യാത്രക്കാരായ രാജേഷ് (36), മകൻ ഋത്വിക് (5) ആണ് മരിച്ചത്. രാജേഷിന്‍റെ ഭാര്യ സുജിതയെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കഴക്കൂട്ടം ഇൻഫോസിസ് പാർക്കിന് സമീപം ഇവർ സഞ്ചരിച്ച ബൈക്ക് കെ.എസ്.ആർ.ടി.സി ബസിന് പിന്നിൽ ഇടിക്കുകയായിരുന്നു. ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു അപകടം.
തൃശൂർ പാഴായി നെന്മകരി സ്വദേശിയാണ് രാജേഷ്. ബാലരാമപുരം മുടവൂർ പാറയിൽ താമസിച്ചു വരികയാണ്. അലുമിനിയം ഫാബ്രിക്കേഷൻ കമ്പനിയിലെ സെയിൽസ് എക്സിക്യൂട്ടിവാണ്.
കിളിമാനൂരിലുള്ള സുഹൃത്തിന്‍റെ വീട്ടിലേക്ക് പോകുന്നതിനിടെയാണ് അപകടം. ബൈപാസിൽ ഇൻഫോസിസിന് സമീപം ചിത്തിര നഗർ ബസ്സ്റ്റോപ്പിൽ യാത്രക്കാരെ കയറ്റാൻ നിർത്തിയിരുന്ന ബസിന്‍റെ പിറകിൽ കുടുംബം സഞ്ചരിച്ചിരുന്ന സ്കൂട്ടർ ഇടിച്ചുകയറുകയായിരുന്നു. ഗുരുതര പരിക്കേറ്റ അച്ഛനും മകനും ആശുപത്രിയിൽ എത്തിക്കുന്നതിനിടെ മരണപ്പെട്ടു.
ഇവനറിയില്ലല്ലോ, ഭക്ഷണം തരാൻ ഇനി രാജേഷും മോനും വരില്ലെന്ന്...
ബാലരാമപുരം: വീട്ടുവരാന്തയിലെ ചാരുപടിയിൽ അവൻ പരിഭ്രാന്തനായി ഇരിപ്പുണ്ട്... പതിവില്ലാതെ ആളുകൾ വന്നതും കൂട്ടം കൂടുന്നതും കണ്ട് കണ്ണ് മിഴിച്ചിരിക്കുകയാണ് വെളുത്ത രോമം നിറഞ്ഞ ആ കുഞ്ഞു വളർത്തുനായ്. ആൾക്കൂട്ടത്തിൽ തെന്റ പ്രിയപ്പെട്ട യജമാനൻ രാജേഷും തന്‍റെ കളിക്കൂട്ടുകാരൻ കൂടിയായ മകൻ ഋത്വിക്കിനെയുമായിരിക്കും അവൻ ആകാംക്ഷയോടെ തിരയുന്നത്. അവനറിയില്ലല്ലോ, ഉച്ചയ്ക്ക് വിഭവ സമൃദ്ധമായി ഭക്ഷണം നല്‍കിയ തന്‍റെ പ്രിയപ്പെട്ടവർ ഒരിക്കലും തിരിച്ചുവരാത്ത ലോകത്തേക്ക് യാത്ര പോയ വേദനാജനകമായ കാര്യം.
കഴക്കൂട്ടം ഇൻഫോസിസ് പാർക്കിന് സമീപം സ്കൂട്ടർ കെ.എസ്.ആർ.ടി.സി ബസിന് പിന്നിൽ ഇടിച്ചാണ് രാജേഷും (36) അഞ്ചുവയസ്സുള്ള മകനും മരിച്ചത്. കൂടെയുണ്ടായിരുന്ന ഭാര്യ സുജിത ഗുരുതര പരിക്കുകളോടെ ആശുപത്രിയിലാണ്.
തൃശൂർ പാഴായി നെന്മകരി സ്വദേശിയായ രാജേഷ് രണ്ട് വര്‍ഷം മുമ്പാണ് ബാലരാമപുരം താന്നിവിളയില്‍ കുടുംബസമേതം താമസമാക്കിയത്. അലുമിനിയം ഫാബ്രിക്കേഷൻ കമ്പനിയിലെ സെയിൽസ് എക്സിക്യൂട്ടിവായ രാജേഷ് ദൂരെ സ്ഥലങ്ങളില്‍ ജോലിക്ക് പോകുമ്പോള്‍ വീട്ടുകാരെ സുഹൃത്തായ ചിറയിന്‍കീഴ് സ്വദേശിയുടെ വീട്ടില്‍ നിര്‍ത്തലാണ് പതിവ്.
വാടക വീട്ടില്‍ നിന്നും ചിറയിന്‍കീഴിലേക്കുള്ള യാത്രക്കിടെയാണ് ചൊവ്വാഴ്ച ഉച്ചക്ക് അപകടം രാജേഷിന്‍റെയും മകന്‍ ഋത്വിക്കിന്‍റെയും ജീവൻ കവര്‍ന്നെടുത്തത്. ബൈപാസിൽ ഇൻഫോസിസിന് സമീപം ചിത്തിര നഗർ ബസ്സ്റ്റോപ്പിൽ യാത്രക്കാരെ കയറ്റാൻ നിർത്തിയിരുന്ന ബസിന്‍റെ പിറകിൽ കുടുംബം സഞ്ചരിച്ചിരുന്ന സ്കൂട്ടർ ഇടിച്ചുകയറുകയായിരുന്നു.
ജോലി കഴിഞ്ഞെത്തിയാല്‍ വീട്ടിനുള്ളില്‍ തന്നെ ചിലവഴിക്കുന്നതാണ് രാജേഷിന്‍റെ പ്രകൃതം. വളരെ ശാന്തനായ അദ്ദേഹത്തെ കുറിച്ച് അയല്‍വാസികൾക്ക് പറയുവാനുള്ളതും നല്ലത് മാത്രം.
രാജേഷിനും മകനും ഏറെ പ്രിയപ്പെട്ട വളര്‍ത്തുന്ന നായക്ക് ഭക്ഷണം നല്‍കി ശേഷമായിരുന്നു ഇന്നത്തെ യാത്ര. നായെ വീടിന്‍റെ സിറ്റൗട്ടില്‍ കെട്ടിയിട്ട ശേഷം ഭക്ഷണം നല്‍കി വീടിന് പുറത്തെ ലൈറ്റിട്ടാണ് പോയത്. വീട്ടിലെ അംഗത്തെ പോലെയാണ് രാജേഷും കുടുംബവും നായയെ വളര്‍ത്തിയിരുന്നത്. സാധാരണ അപരിചിതരെ കാണുമ്പോള്‍ കുരച്ച് ശബ്ദമുണ്ടാക്കുന്ന നായ ഇന്ന് മൗനം പാലിച്ചാണിരിക്കുന്നത്. അയല്‍വാസികൾ ചിലര്‍ നായക്ക് ഭക്ഷണം നല്‍കിയെങ്കിലും കഴിക്കാന്‍ കൂട്ടാക്കിയിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.