പെൺകുട്ടി കാറിടിച്ച് മരിച്ച സംഭവം: ഡ്രൈവർ റിമാൻഡിൽ
text_fieldsചേര്‍ത്തല: ഓണാഘോഷത്തില്‍ പങ്കെടുത്ത് മാതാവിനൊപ്പം വീട്ടിലേക്ക് മടങ്ങിയ വിദ്യാര്‍ഥിനി കാറിടിച്ച് മരിച്ച സംഭവത്തില്‍ ഡ്രൈവർ അറസ്റ്റിൽ. തൈക്കാട്ടുശ്ശേരി പീടികച്ചിറയില് അമല്നാഥിനെയാണ് (25) അര്‍ത്തുങ്കല്‍ പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ക്കെതിരെ മനഃപൂര്‍വമല്ലാത്ത നരഹത്യക്കും മദ്യപിച്ച് വാഹനം ഓടിച്ചതിനും കേസെടുത്തിട്ടുണ്ട്. ചേര്‍ത്തല കോടതിയില്‍ ഹാജരാക്കിയ അമല്‍നാഥിനെ റിമാന്‍ഡ് ചെയ്തു.
വെള്ളിയാഴ്ച രാത്രി എട്ടിന് ചേര്‍ത്തല-കണിച്ചുകുളങ്ങര റോഡില്‍ മറ്റവനകവലക്കു സമീപമായിരുന്നു അപകടം. ചേര്‍ത്തല തെക്ക് പഞ്ചായത്ത് എട്ടാം വാര്‍ഡ് മറ്റവന പുത്തന്‍വീട് സജിയുടെ ഏകമകള്‍ ശ്രീലക്ഷ്മിയാണ് (12) മരിച്ചത്. ഓണാഘോഷപരിപാടിയില്‍ പങ്കെടുത്ത് സമ്മാനങ്ങള്‍ വാങ്ങി മാതാവ് ലേഖക്കൊപ്പം മടങ്ങുംവഴിയായിരുന്നു അപകടം. ഇടിയുടെ ആഘാതത്തില്‍ ലേഖയും ശ്രീലക്ഷ്മിയും തെറിച്ചുവീണു. ശ്രീലക്ഷ്മിക്ക് തലക്കേറ്റ പരിക്കാണ് മരണകാരണമായത്. പരിക്കേറ്റ ലേഖയെ കോട്ടയം മെഡിക്കല്‍ കോളജിലേക്ക് മാറ്റിയിരുന്നു.
കണിച്ചുകുളങ്ങരയിലെ ഭാര്യാവീട്ടില്‍നിന്ന് തൈക്കാട്ടുശ്ശേരിയിലെ വീട്ടിലേക്ക് മടങ്ങുകയായിരുന്നു അമല്‍നാഥ്. അപകടമുണ്ടാക്കിയ ഉടൻ നാട്ടുകാര്‍ ഇയാളെ പൊലീസിൽ ഏല്പിച്ചിരുന്നു. തുറവൂർ താലൂക്ക് ആശുപത്രിയില്‍ എത്തിച്ച് പരിശോധിച്ചപ്പോഴാണ് മദ്യപിച്ചിരുന്നതായി തെളിഞ്ഞത്.
വര്‍ഷങ്ങളായി തിരുവിഴ ഭാഗത്ത് വാടകക്ക് താമസിച്ചിരുന്ന സജിയും കുടുംബവും കഴിഞ്ഞ ദിവസമാണ് കുടുംബംവക പുരയിടത്തില്‍ ഷെഡ് വെച്ച് താമസം ആരംഭിച്ചത്. ചേര്‍ത്തല താലൂക്ക് ആശുപത്രിയില്‍ ശനിയാഴ്ച രാവിലെ പോസ്റ്റ്മോര്‍ട്ടം നടത്തി മൃതദേഹം വീട്ടുവളപ്പില്‍ സംസ്കരിച്ചു.
വേദനയായി ശ്രീലക്ഷ്മിയുടെ വിയോഗം
ചേർത്തല: ഓണാഘോഷ പരിപാടിയിൽ പങ്കെടുത്ത് സമ്മാനങ്ങളുമായി അമ്മയോടൊപ്പം നടന്നുപോകുമ്പോൾ കാറിടിച്ച് മരിച്ച ശ്രീലക്ഷ്മിക്ക് കൂട്ടുകാരികൾ കണ്ണീരോടെ വിടനൽകി. സ്കൂളിലെ നെല്ലിമരത്തിന്റെ ചുവട്ടിൽ സജ്ജീകരിച്ച സ്ഥലത്ത് ചുവന്ന റോസാപുഷ്പങ്ങളാൽ അലംകൃതമായ ശ്രീലക്ഷ്മിയുടെ ചേതനയറ്റ ശരീരംകണ്ട് അധ്യാപകർക്കും സങ്കടം അടക്കാനായില്ല.
ചേർത്തല ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ ഏഴാംക്ലാസ് വിദ്യാർഥിനിയും ചേർത്തല തെക്ക് പഞ്ചായത്ത് എട്ടാംവാർഡിൽ മറ്റവന പുത്തൻവീട്ടിൽ സജി-ലേഖ ദമ്പതികളുടെ ഏക മകളുമായ ശ്രീലക്ഷ്മി (12) വെള്ളിയാഴ്ച രാത്രിയാണ് കാറിടിച്ച് മരിച്ചത്. ഓണാഘോഷ പരിപാടിയിലെ മത്സരങ്ങളിൽ പങ്കെടുത്ത് സമ്മാനവുമായി അമ്മയോടൊപ്പം കാൽനടയായി വീട്ടിലേക്ക് മടങ്ങുമ്പോൾ പിന്നാലെവന്ന ഇന്നോവ കാർ ഇടിക്കുകയായിരുന്നു. തെറിച്ചുവീണ ശ്രീലക്ഷ്മിയെയും ലേഖയെയും ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ശ്രീലക്ഷ്മി മരിച്ചു.
അഞ്ചാംക്ലാസ് മുതൽ ശ്രീലക്ഷ്മി ഗേൾസ് ഹൈസ്കൂളിലായിരുന്നു പഠനം. പഠിത്തത്തിലും പഠനേതര കാര്യങ്ങളിലും മുമ്പന്തിയിലായിരുന്നു ശ്രീലക്ഷ്മി. ശനിയാഴ്ച താലൂക്ക് ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിനുശേഷം 12 മണിയോടെ സ്കൂളിൽ മൃതദേഹവുമായി എത്തിയപ്പോൾ സഹപാഠികൾ വിങ്ങിപ്പൊട്ടി. പ്രധാന അധ്യാപകൻ എ.എസ്. ബാബു, പി.ടി.എ പ്രസിഡന്റ് അനൂപ് വേണു തുടങ്ങിയവർ ആദരാഞ്ജലികൾ അർപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.