സ്വകാര്യ പണമിടപാട് സ്ഥാപനത്തിന്‍റെ ജപ്തി ഭീഷണി: ആത്മഹത്യക്ക് ശ്രമിച്ച വീട്ടമ്മ മരിച്ചു
text_fieldsഅമ്പലപ്പുഴ: സ്വകാര്യ പണമിടപാട് സ്ഥാപനത്തിന്‍റെ ജപ്തി ഭീഷണിയെത്തുടർന്ന് ആത്മഹത്യക്ക് ശ്രമിച്ച വീട്ടമ്മ മരിച്ചു. പുറക്കാട് പഞ്ചായത്ത് 18ാം വാർഡ് തെക്കേയറ്റത്ത് വീട്ടിൽ വസുമതിയാണ് (70) മരിച്ചത്.
2016ൽ സ്വകാര്യ ബാങ്കിന്‍റെ ആലപ്പുഴ ശാഖയിൽനിന്ന് 2.5 ലക്ഷം രൂപ വീട് നിർമാണത്തിന് ഇവർ വായ്പയെടുത്തു. പിന്നീട് പലപ്പോഴായി 1.3 ലക്ഷം രൂപ തിരിച്ചടച്ചു. മുതലും പലിശയും ചേർത്ത് ഇനി അഞ്ചുലക്ഷം രൂപ ഉടൻ അടക്കണമെന്ന് കാട്ടി ബാങ്ക് ജീവനക്കാർ ആഴ്ചകൾക്ക് മുമ്പ് വീട്ടിലെത്തി.
തുടർന്ന്, വസുമതി ഏറെ വിഷമത്തിലായിരുന്നെന്ന് ബന്ധുക്കൾ പറഞ്ഞു. ഏതാനും ദിവസം മുമ്പ് വീണ്ടും ഇവരുടെ വീട്ടിലെത്തിയ ബാങ്ക് ജീവനക്കാർ ഉടൻ പണം അടച്ചില്ലെങ്കിൽ വസുമതിയുടെ പേരിലുള്ള രണ്ടേകാൽ സെന്‍റ് സ്ഥലവും മകന്‍റെയും മരുമകളുടെയും പേരിലുള്ള മൂന്ന് സെന്‍റുമുൾപ്പെടെ അഞ്ചേകാൽ സെന്‍റ് സ്ഥലവും വീടും ജപ്തി ചെയ്യുമെന്ന് ഭീഷണി മുഴക്കി.
പിന്നീട് പലപ്പോഴായി ആറുതവണ ബാങ്ക് ജീവനക്കാർ വീട്ടിലെത്തിയതായി ഇവർ പറഞ്ഞു. ജീവനക്കാർ മടങ്ങിയതിനുപിന്നാലെ മെണ്ണണ്ണയൊഴിച്ച് തീ കൊളുത്തിയ വസുമതിയെ ദേഹമാസകലം പൊള്ളലേറ്റ് വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നീട് ആശുപത്രി വിട്ട് വീട്ടിലെത്തിയ ഇവർ ചൊവ്വാഴ്ചയാണ് മരിച്ചത്. സംഭവത്തിൽ മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവർക്ക് പരാതി നൽകുമെന്ന് ബന്ധുക്കൾ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.