വീടിനു തീപിടിച്ച് ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിൽ കഴിഞ്ഞ 15 കാരിയും മരിച്ചു
text_fieldsഹൈദരാബാദ്: വീടിനു തീപിടിച്ച് ഗുരുതരമായി പൊള്ളലേറ്റ ശ്രുതി ഗുപ്ത(15) മരണത്തിന് കീഴടങ്ങി. ഹൈദരാബാദിലെ ഗാന്ധി ആശുപത്രിയിൽ ചികിത്സയിൽ കഴിയവെ ആണ് അന്ത്യം.
കൈക്കുഞ്ഞായിരിക്കുമ്പോഴേ ശ്രുതിയെ സംരക്ഷിച്ചിരുന്ന മുത്തശ്ശിയും മുത്തശ്ശനും തീപിടിത്തത്തിൽ മരിച്ചിരുന്നു. വീടിനകത്ത് ഫയർ ഫോഴ്സും പൊലീസും നടത്തിയ തിരച്ചിലിലാണ് അബോധാവസ്ഥയിൽ കണ്ടെത്തിയത്. സ്കൂളിലെ ഏറ്റവും നന്നായി പഠിക്കുന്ന വിദ്യാർഥിയായിരുന്നു ശ്രുതി.
ശ്രുതിയുടെ ചികിത്സക്കായി ധനസഹായം നടത്തിയിരുന്നു. കുടുംബത്തിന് രണ്ടുലക്ഷം രൂപ ചികിത്സക്കായി ചെലവായി. ശ്രുതിയുടെ അവസ്ഥ മനസിലാക്കിയ തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി ജീവൻ രക്ഷിക്കാൻ സാധ്യമായ എല്ലാ ചികിത്സകളും നൽകണമെന്ന് ആശുപത്രി അധികൃതർക്കും ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കും നിർദേശം നൽകിയിരുന്നു.
ആശുപത്രി ബില്ലടക്കാനുള്ള ഓട്ടത്തിലായിരുന്നു തങ്ങളെന്നു പെൺകുട്ടിയുടെ അമ്മാവൻ ഗണേഷ് ലാൽ പറഞ്ഞു. ആരോഗ്യനില മോശമായതിനെ തുടർന്ന് ശ്രുതിയെ ഗാന്ധി ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. അവിടെ വെച്ചാണ് അന്ത്യം സംഭവിച്ചതും.
കൈക്കുഞ്ഞായിരിക്കെ അമ്മയെ നഷ്ടപ്പെട്ടതാണ് ശ്രുതിക്ക്. അതിനു ശേഷം അവളെ മുത്തശ്ശിയെയും മുത്തശ്ശനെയും ഏൽപിച്ച് അച്ഛൻ ദക്ഷിണാഫ്രിക്കയിലേക്ക് പോയി. അടുക്കളയിൽ നിന്നാണ് ശ്രുതിയും കുടുംബവും താമസിച്ച വീടിന് തീപിടിച്ചത്. ദീപാവലിക്കായി വാങ്ങിയ പടക്കങ്ങളും തീപിടിത്തം തീവ്രമാക്കി. തീപടർന്നുണ്ടായ പുക ശ്വസിച്ചാണ് ശ്രുതിയുടെ മുത്തശ്ശിയും മുത്തശ്ശനുമായ മോഹൻ ലാൽ ഗുപ്ത(58), ഉഷ ഗുപ്ത(55)എന്നിവർ മരിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.