ബസ് ഇടിച്ച് കെ.എസ്.എഫ്.ഇ മാനേജർ മരിച്ച സംഭവം: ഡ്രൈവർക്ക് തടവും പിഴയും
text_fieldsപത്തനംതിട്ട: അമിത വേഗത്തിൽ അശ്രദ്ധമായി ഓടിച്ച സ്വകാര്യ ബസ് ഇടിച്ച്, കേരള സ്റ്റേറ്റ് ഫിനാൻഷ്യൽ എന്‍റർപ്രൈസസ് അസിസ്റ്റന്‍റ് മാനേജർ മരിക്കുകയും മറ്റൊരു സർക്കാർ ജീവനക്കാരന് ഗുരുതര പരിക്കേൽക്കുകയും ചെയ്ത കേസിൽ ഡ്രൈവർക്ക് ഒരു വർഷം തടവും 10,000 രൂപ പിഴയും വിധിച്ചു.
അപകടത്തിൽ ആലപ്പുഴ ചെങ്ങന്നൂർ മുളക്കുഴ ദിൽഖുഷ് പരേതനായ എം.പി. അബ്ദുള്ളയുടെ മകൻ കെ.എസ്.എഫ്.ഇ കോഴഞ്ചേരി ബ്രാഞ്ച് അസി. മാനേജർ എം.ഷാഫി മുഹമ്മദാണ് (42) മരിച്ചത്. ബസ് ഡ്രൈവർ തിരുവല്ല പരുമല മുറിയിൽ മരങ്ങാട്ടുപറമ്പിൽ വീട്ടിൽ ആനന്ദന്‍റെ മകൻ അഭിലാഷിനെയാണ് (39) ശിക്ഷിച്ചത്. പത്തനംതിട്ട ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കാർത്തിക പ്രസാദാണ് വിധി പുറപ്പെടുവിച്ചത്. 2012 മാർച്ച് 12ന് രാവിലെ 10 ഓടെ കോഴഞ്ചേരി ആറന്മുള പൊന്നുംതോട്ടം ജങ്ഷനിലായിരുന്നു ബസ് അപകടം.
സുഹൃത്തുക്കളായിരുന്ന ഷാഫിയും കാർത്തികേയ വർമയും ജോലിക്കായി ഓഫീസുകളിലേക്ക് പോകുകയായിരുന്നു. കോഴഞ്ചേരിയിൽനിന്ന് ചെങ്ങന്നൂരിലേക്ക് സർവീസ് നടത്തിയിരുന്ന ഉത്രാടം ബസ് മുന്നിലുണ്ടായിരുന്ന ഓട്ടോറിക്ഷയെ മറികടക്കാൻ ശ്രമിക്കവെ നിയന്ത്രണം നഷ്ടപ്പെട്ട് എതിർദിശയിൽ വരികയായിരുന്ന ഷാഫി ഓടിച്ചിരുന്ന ബൈക്കിലേക്ക് ഇടിച്ചു കയറുകയായിരുന്നു.
ബൈക്കിന്‍റെ പിന്നിലിരുന്ന അരൂർ പഞ്ചായത്ത് ജീവനക്കാരൻ കാർത്തികേയ വർമക്കും ഗുരുതര പരിക്കേറ്റിരുന്നു. ഇരുവരെയും നാട്ടുകാർ ചേർന്ന് കോഴഞ്ചേരി ജില്ല ആശുപത്രിയിൽ എത്തിച്ചെങ്കിലും ഷാഫി മുഹമ്മദ് മരണപ്പെട്ടു. കാലിന്‍റെ ചലന ശേഷി നഷ്ടപ്പെട്ട കാർത്തികേയ വർമ വീൽചെയറിലാണ് കഴിയുന്നത്. പ്രോസിക്യൂഷന് വേണ്ടി പത്തനംതിട്ട അസി. പബ്ലിക് പ്രോസിക്യൂട്ടർ എം.ആർ. രാജ് മോഹൻ ഹാജരായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.