തമിഴ്നാട്ടിൽ കാറിടിച്ച് രണ്ട് മലപ്പുറം സ്വദേശികൾ മരിച്ചു
text_fieldsബംഗളൂരു: തമിഴ്നാട് ഹൊസൂരിനടുത്ത് ധർമപുരിയിൽ ദേശീയപാതയിലുണ്ടായ വാഹനാപകടത്തിൽ മലപ്പുറം സ്വദേശികളായ രണ്ടു യുവാക്കൾ മരിച്ചു. ബംഗളൂരു രാമമൂർത്തി നഗറിലെ സ്വകാര്യ ആശുപത്രിയിൽ നഴ്സായ പെരിന്തൽമണ്ണ രാമപുരം പനങ്ങാങ്ങര38 ലെ മേലേടത്ത് ഇബ്രാഹിം- അരിപ്ര താവളേങ്ങൽ സുലൈഖ ദമ്പതികളുടെ മകൻ എം. ബിൻഷാദ് എന്ന ബിനു (25), ഹെബ്ബാളിലെ ആചാര്യ ഇൻസ്റ്റിറ്റ്യുട്ട് ഓഫ് ഹെൽത്ത് സയൻസസിലെ നഴ്സിങ് വിദ്യാർഥി തിരൂർ പയ്യനങ്ങാടി മച്ചിഞ്ചേരി ഹൗസിൽ കബീർ- ഹസ്നത്ത് ദമ്പതികളുടെ മകൻ നംഷി (23) എന്നിവരാണ് മരിച്ചത്.
ഇവർക്കൊപ്പമുണ്ടായിരുന്ന ആചാര്യ ഇൻസ്റ്റിറ്റ്യുട്ടിലെ ഫിസിയോ തെറപ്പി വിദ്യാർഥി ഷാനിബ് (23), നഴ്സിങ് വിദ്യാർഥി രോഹിത് (20) എന്നിവർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. ബംഗളൂരു- സേലം ദേശീയപാതയിൽ ധർമപുരി പാലക്കോടിനടുത്ത് വ്യാഴാഴ്ച അർധരാത്രി ഒന്നരയോടെയാണ് അപകടം.
രണ്ട് ബൈക്കുകളിലായി വ്യാഴാഴ്ച രാത്രി 10ന് ബംഗളൂരുവിൽനിന്ന് നാട്ടിലേക്ക് യാത്ര തിരിച്ചതായിരുന്നു നാലുപേരും. ദേശീയപാതയിൽ പാലക്കോട് ഭാഗത്ത് റോഡ് പ്രവൃത്തി നടക്കുന്നതിനാൽ ഗതാഗതം വഴിതിരിച്ചിരുന്നു. വെളിച്ചം തീരെയില്ലാത്ത ഈ ഭാഗത്ത് മൺറോഡായിരുന്നു. മഴയിൽ ചെളിയുണ്ടായിരുന്നതിനാൽ നംഷിയും രോഹിതും സഞ്ചരിച്ച ബൈക്ക് തെന്നിവീണു. വീഴ്ചചയിൽ നംഷിയുടെ കാലിന് പരിക്കേൽക്കുകയും ബൈക്കിന് സാരമായ കേടുപാട് സംഭവിക്കുകയും ചെയ്തു. ബൈക്ക് റോഡരികിലേക്ക് മാറ്റിയ ശേഷം ബിൻഷാദ് നംഷിക്ക് പ്രാഥമിക ശുശ്രൂഷ നൽകവെ അമിതവേഗത്തിലെത്തിയ ഫോർച്യൂണർ കാർ ഇരുവരെയും ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. ഈ സമയം രോഹിതും ഷാനിബും റോഡരികിലായിരുന്നതിനാൽ രക്ഷപ്പെട്ടു.
ഇരുട്ടൂമൂടിയ സ്ഥലത്ത് 15 മിനിറ്റോളം തെരച്ചിൽനടത്തിയ ശേഷമാണ് നംഷിയെയും ബിൻഷാദിനെയും കണ്ടെത്താനായത്. ഇടിയുടെ ആഘാതത്തിൽ ഇരുവരും തൽക്ഷണം മരിച്ചു. അപകടം വരുത്തിയ കർണാടക രജിസ്ട്രേഷനിലുള്ള കാർ 300 മീറ്റർ അകലെ വൈദ്യുതി പോസ്റ്റിൽ ഇടിച്ചുനിന്നു. ഇതിലെ യാത്രക്കാർ ഇവർക്കൊപ്പമുണ്ടായിരുന്ന മറ്റൊരു വാഹനത്തിൽ കയറി രക്ഷപ്പെട്ടു. ഇവരെ പിന്നീട് പൊലീസ് പിടികൂടി.
മൃതദേഹങ്ങൾ ധർമപുരി ഗവ. ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. വെള്ളിയാഴ്ച വൈകുന്നേരത്തോടെ പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കി മൃതദേഹങ്ങൾ ബന്ധുക്കൾക്ക് കൈമാറി.
തിരൂർക്കാട് നസ്രാ കോളജ് വിദ്യാർഥിനി റിൻഷാ മോൾ ആണ് മരണപ്പെട്ട ബിൻഷാദിന്റെ സഹോദരി. നംഷിയുടെ സഹോദരങ്ങൾ: നസീമുദ്ദീൻ, മുഹമ്മദ് നഹീം, മുഹമ്മദ് നഫ്സൽ, മുഹമ്മദ് നബ്ഹാൻ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.