എം.സി റോഡിൽ പൊലീസ് ജീപ്പും കാറും കൂട്ടിയിടിച്ച് വ്യാപാരി മരിച്ചു
text_fieldsപന്തളം: എം.സി റോഡിൽ പൊലീസ് ജീപ്പും കാറും കൂട്ടിയിടിച്ച് വ്യാപാരി മരിച്ചു. മുട്ടാർ തേവാലപ്പടിയിൽ വ്യാപാരം നടത്തുന്ന പന്തളം മങ്ങാരം തേവാലയിൽ പരേതനായ സുലൈമാൻ റാവുത്തരുടെ മകൻ അഷറഫ് ടി.എസ് (55) ആണ് മരിച്ചത്. എ.ആർ ക്യാമ്പിലെ അസിസ്റ്റൻറ് കമാൻഡർ ഉൾപ്പെടെ മൂന്നുപേർക്ക് പരിക്കേറ്റു.
എം.സി റോഡിൽ കുളനട മെഡിക്കൽ ട്രസ്റ്റ് ആശുപത്രിക്ക് സമീപം ബുധനാഴ്ച രാവിലെ 7. 30ഓടെ ആയിരുന്നു അപകടം. എറണാകുളത്ത് നിന്നും തിരുവനന്തപുരത്തേക്ക് വരികയായിരുന്നു തൃപ്പൂണിത്തറ ഒന്നാം നമ്പർ എ.ആർ ക്യാമ്പിലെ അസിസ്റ്റൻറ് കമാൻഡർ വിനോദ് കുമാർ, പൊലീസ് ഡ്രൈവർ അർജുൻ എന്നിവർ. ഇവർക്കും കാറിനു പിന്നിൽ സ്കൂട്ടറിൽ വരികയായിരുന്ന പരുമല ആശുപത്രിയിലെ നേഴ്സ് പറന്തൽ പൊങ്ങലടി മലമുറ്റത്ത് ഡോളി തോമസിനുമാണ് പരിക്കേറ്റത്.
അസിസ്റ്റൻറ് കമാൻഡറിനെയും ഡ്രൈവറേയും അടൂർ താലൂക്ക് ആശുപത്രിയിലും പരിക്കേറ്റ ഡോളി തോമസിനെ പന്തളത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. പൊലീസ് വാഹനം അമിത വേഗതയിൽ ആണെന്ന് പറയപ്പെടുന്നു. അഷ്റഫിന്റെ മൃതദേഹം പൊലീസ് നടപടിക്കുശേഷം പോസ്റ്റ്മോർട്ടത്തിനായി അടൂർ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.
അഷ്റഫിന്‍റെ ഭാര്യ: റജീന. മക്കൾ: നൂറാ, ഷമീറ. മരുമകൻ: അജ്മൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.