ടൂറിസ്റ്റ് ബസ് മറിഞ്ഞുണ്ടായ അപകടം; സംഭവ സ്ഥലത്ത് നിന്നും ഓടിരക്ഷപ്പെട്ട ഡ്രൈവർ കസ്റ്റഡിയിൽ
text_fieldsതിരുവവന്തപുരം: നെടുമങ്ങാട് ടൂറിസ്റ്റ് ബസ് അപകടത്തിൽപ്പെട്ടതിനെ തുടർന്ന് സ്ഥലത്ത് നിന്നും രക്ഷപ്പെട്ട ഡ്രൈവറെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഡ്രൈവർ അരുൾ ദാസാണ് കസ്റ്റഡിയിലുള്ളത്. അപകട ശേഷം സംഭവ സ്ഥലത്ത് നിന്നും ഇയാൾ ഓടിരക്ഷപ്പെടുകയായിരുന്നു. ഇയാളുടെ കണ്ണിന്റെ ഭാഗത്ത് ചെറിയ പരിക്കുണ്ട്. കാട്ടാക്കടയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയ ശേഷം സുഹൃത്തിന്റെ വീട്ടിൽ അഭയം തേടുകയായിരുന്നു. തുടർന്ന് വിവരമറിഞ്ഞ നെടുമങ്ങാട് പൊലീസ് ഡ്രൈവറെ കസ്റ്റഡിയിൽ എടുത്തത്.
അപകടത്തില്‍ ഒരാൾ മരിച്ചു. 44 പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരുടെ നില ഗുരുതരമല്ല. കാട്ടാക്കട പെരുങ്കടവിളയിൽ നിന്ന് മൂന്നാറിലേക്ക് വിനോദയാത്ര പോയ സംഘമാണ് അപകടത്തില്‍പ്പെട്ടത്. വളവില്‍ വച്ച് ബസ് ബ്രേക്കിട്ടതാണ് അപകടകാരണമെന്ന് നിഗമനം. വിശദപരിശോധന ഇന്ന് നടക്കും. അതേസമയം, അപകടത്തിൽപ്പെട്ട ബസ് അമിത വേഗത്തിലായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറയുന്നു. ഒരു ലോറിയെ മറികടക്കുന്നതിനിടെ ഡ്രൈവർക്ക് നിയന്ത്രണം നഷ്ടപ്പെട്ടതാണെന്നാണ് അപകട സമയം അടുത്തുണ്ടായിരുന്നവർ പറയുന്നത്. വളവിൽ നിയന്ത്രണം നഷ്ടപ്പെട്ടതോടെ വളവ് തിരിഞ്ഞശേഷമാണ് ബസ് മറിഞ്ഞത്. അതുവരെ റോഡിലൂടെ തെന്നി നീങ്ങുകയായിരുന്നെന്നും ബഹളം കേട്ടാണ് നോക്കിയതെന്നും ദൃക്സാക്ഷികൾ പറയുന്നു.
അപകടത്തെത്തുടർന്ന് ഉടൻ നാട്ടുകാരും പൊലീസും ഫയർഫോഴ്സും, കെ.എസ്.ഇ.ബി അധികൃതരും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തിയതിനാൽ ദുരന്തത്തിന്റെ ആഘാതം കുറയ്ക്കാനായി. ബസിന്റെ ചില്ലുകൾ തകർത്ത് മുഴുവൻ പേരെയും പുറത്തെത്തിക്കുന്നതിലും ഒട്ടും വൈകാതെ ആശുപത്രികളിൽ പ്രവേശിപ്പിച്ചും നാട്ടുകാരും രക്ഷാപ്രവർത്തനം നടത്തിയതും രക്ഷയായി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.