യുവാക്കള്‍ സഞ്ചരിച്ച ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് ഒരാള്‍ മരിച്ചു; ഒപ്പം സഞ്ചരിച്ചയാൾക്കും കാല്‍നടയാത്രക്കാരിക്കും പരുക്ക്
text_fieldsചെങ്ങമനാട്: യുവാക്കള്‍ സഞ്ചരിച്ച ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് ഒരാള്‍ മരിച്ചു. ഒപ്പം സഞ്ചരിച്ചിരുന്ന യുവാവിനെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തിനിടെ ബൈക്കിടിച്ച് മറിഞ്ഞ ഓട്ടോയുടെയും മിതിലിനും ഇടയില്‍പ്പെട്ട് കാല്‍ നടയാത്രക്കാരിയായ യുവതിക്കും പരുക്കേറ്റു. തൃശൂര്‍ കോടന്നൂര്‍ ഹാഷ്മി നഗറിന് സമീപം പേച്ചേരി വീട്ടില്‍ ശ്രീനിവാസന്‍െറ മകന്‍ പി.എസ്.റെനിനാണ് ( 21 ) മരിച്ചത്. ഒപ്പം സഞ്ചരിച്ച തൃശൂര്‍ കോടന്നൂര്‍ വൈവിലാകം വീട്ടില്‍ ശ്രീകുമാറിന്‍െറ മകന്‍ സുരാജിനാണ് ( 21 ) സാരമായി പരുക്കേറ്റത്.
ഓട്ടോയുടെയും മതിലിന്‍െറയും ഇടയില്‍പ്പെട്ട നെടുമ്പാശ്ശേരി കുന്നിശ്ശേരി തേക്കാനത്ത് വീട്ടില്‍ ഷിജിക്കും ( 45 ) പരുക്കേറ്റു. വെള്ളിയാഴ്ച രാവിലെ 9.15ന് അത്താണി - ചെങ്ങമനാട് റോഡിലെ പുത്തന്‍തോട് ഗ്യാസ് ഏജന്‍സീസ് വളിവിലായിരുന്നു അപകടം. റെനിനും സുരാജും അങ്കമാലിയിലെ 'പാറയില്‍ ടയര്‍ അലെയിന്‍മെന്‍റ്സ്' സ്ഥാപനത്തിലെ ജീവനക്കാരാണ്. വെള്ളിയാഴ്ച രാവിലെ സുഹൃത്തിന്‍െറ ബൈക്കുമായി ഇരുവരും അങ്കമാലിയിലെ ജോലി സ്ഥലത്തേക്ക് പോകുമ്പോഴായിരുന്നു അപകടമുണ്ടായത്. മുന്നിലെ വാഹനത്തെ മറികടന്ന് അതിവേഗം വരുമ്പോള്‍ എതിര്‍ദിശയില്‍ നിന്ന് പുത്തന്‍തോട് ഗ്യാസ് വളവ് തിരിഞ്ഞ് വരുകയായിരുന്ന ഓട്ടോയില്‍ തട്ടാതിരിക്കാന്‍ ശ്രമിക്കുമ്പോഴാണ് ഇടതുവശത്തെ അഴുക്ക് കാനയുടെ സ്ളാബില്‍ തട്ടി യുവാക്കളും ബൈക്കും റോഡില്‍ തെറിച്ച് വീണത്.
ഈ സമയം ബൈക്ക് ഓട്ടോയില്‍ തട്ടുകയും പിന്‍ഭാഗം ചെരിഞ്ഞ് വലതുവശത്തെ മതിലിലിലേക്കും റോഡരികിലൂടെ സഞ്ചരിച്ചിരുന്ന ഡ്രൈവിങ് സ്കൂള്‍ ജീവനക്കാരിയായ ഷിജിയുടെ ദേഹത്തും പതിച്ചത്. ഓട്ടോ നിര്‍ത്താതെ പോയി. . തുടര്‍ന്ന് ഇരുവരെയും അതുവഴി വന്ന ടാക്സിയില്‍ അങ്കമാലി എല്‍.എഫ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും വഴി മധ്യേ റെനിന്‍ മരണമടഞ്ഞു. സുരാജിനെ അവശനിലയില്‍ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. തലക്കും വലതു കൈക്കും സാരമായി പരുക്കേറ്റ് റോഡില്‍ അവശയായി കിടന്ന ഷിജിയെ ചെങ്ങമനാട് ഭാഗത്ത് നിന്ന് വന്ന ഓട്ടോയില്‍ കയറ്റി ദേശം സി.എ.ആശുപത്രിയിലും തുടര്‍ന്ന് അങ്കമാലി എല്‍.എഫ് ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു. മരിച്ച റെനിന്‍െറ മൃതദേഹം കോവിഡ് പരിശോധന നടപടികള്‍ പൂര്‍ത്തിയാക്കി വൈകുന്നേരത്തോടെ അങ്കമാലി താലൂക്കാശുപത്രിയില്‍ പോസ്റ്റ് മോര്‍ട്ടം നടത്തിയ ശേഷം ബന്ധുക്കള്‍ക്ക് വിട്ട് കൊടുത്തു. അമ്മ: രത്നം. സഹോദരി: റെജിത. ചെങ്ങമനാട് പൊലീസ് നടപടി സ്വീകരിച്ചു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.